അയര്‍ലണ്ടിലെ റോഡുകളില്‍ ‘വിരുത് കാട്ടുന്ന’ ഡ്രൈവര്‍മാരെ പിടികൂടാന്‍ ഗാര്‍ഡയുടെ ‘ചാര വാഹനം.’ ‘സൂപ്പര്‍ ക്യാബ്’ എന്നറിയപ്പെടുന്ന ട്രക്കാണ് രഹസ്യമായി ഗതാഗതനിയമങ്ങള്‍ ലംഘിക്കുന്നവരെ നിരീക്ഷിക്കാനായി വരുന്ന ആഴ്ചകളില്‍ ഗാര്‍ഡ രംഗത്തിറക്കാന്‍ പോകുന്നത്. ഭാരവാഹനങ്ങള്‍ വലിച്ചുകൊണ്ടുപോകുന്ന ട്രക്കുകള്‍ക്ക് സമാനമായിരിക്കും ഗാര്‍ഡയുടെ പുതിയ സൂപ്പര്‍ ക്യാബ്.
കണ്ടാല്‍ ഒരു സാധാരണ ട്രക്ക് ആയി തോന്നുമെങ്കിലും ഗാര്‍ഡയുടെ റോഡ് പൊലീസിങ് ഉദ്യോഗസ്ഥര്‍ അവയിലിരുന്ന് ചുറ്റുപാടുമുള്ള വാഹനങ്ങളെ വീക്ഷിക്കുകയാണ് ചെയ്യുക. ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുക, സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കുക, അശ്രദ്ധമായി വാഹനമോടിക്കുക മുതലായ നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അവ റെക്കോര്‍ഡ് ചെയ്യുകയും ചെയ്യും.
സാധാരണയായി ഗാര്‍ഡ പട്രോള്‍ കാറുകളില്‍ ഇത്തരം നിരീക്ഷണം നടത്താറുണ്ട്. എന്നാല്‍ കാറിന് ഉയരം കുറവായതിനാല്‍ മറ്റ് വാഹനങ്ങളിലെ ഡ്രൈവര്‍മാരെ ശരിക്ക് കാണാന്‍ സാധിക്കാത്ത സാഹചര്യമുണ്ട്. പലരും മടിയില്‍ വച്ച് മൊബൈല്‍ അക്കമുള്ള ഉപകരണങ്ങള്‍ ഉപയോഗിക്കുന്നത് ഇക്കാരണത്താല്‍ പിടിക്കപ്പെടാതെ പോകുന്നതിന് പരിഹാരമാണ് പുതിയ ചാര ട്രക്കുകള്‍. ഈ ട്രക്കിനൊപ്പം ദൂരെയല്ലാതെ മറ്റൊരു ഗാര്‍ഡ പട്രോള്‍കാറും ഉണ്ടാകും. പിടിക്കപ്പെടുന്ന ഡ്രൈവര്‍മാരെ വാഹനം നിര്‍ത്തിച്ച്, കുറ്റം ചുമത്തി പിഴയടപ്പിക്കാനും മറ്റും അവരാണ് എത്തുക. യു.കെയില്‍ 2015 മുതല്‍ തന്നെ ഇത്തരം ചാര ട്രക്കുകള്‍ പൊലീസ് ഉപയോഗിക്കുന്നുണ്ട്.
അതേസമയം ഈ വര്‍ഷം ഇതുവരെ 60 പേരാണ് രാജ്യത്ത് റോഡപകടങ്ങളില്‍ മരിച്ചിട്ടുള്ളത്. പോയ വര്‍ഷം 184 പേരും, 2022-ല്‍ 155 പേരുമാണ് അയര്‍ലണ്ടില്‍ വാഹനാപകടങ്ങളിലായി മരിച്ചത്. വര്‍ദ്ധിച്ചുവരുന്ന റോഡപകടമരണങ്ങള്‍ക്ക് പരിഹാരം കാണാനായി ഗാര്‍ഡ കൈക്കൊണ്ട നിരവധി നടപടികളിലൊന്നാണ് സൂപ്പര്‍ ക്യാബ് എന്ന ചാര ട്രക്ക്.