ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ചരിത്രത്തിലാദ്യമായി കേരളത്തില്‍ ബിജെപിക്ക് വിജയ സാധ്യത. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ തൃശ്ശൂരില്‍ മികച്ച ലീഡോടെ സുരേഷ് ഗോപി മുന്നേറുകയാണ്. അവസാനം വിവരം ലഭിക്കുമ്പോള്‍ 43,326 വോട്ടുകളുടെ ലീഡാണ് സുരേഷ് ഗോപിക്ക് ഉള്ളത്. എല്‍ഡിഎഫിന്റെ സുനില്‍കുമാര്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍, യുഡിഎഫ് സ്ഥാനാര്‍ത്ഥി മുരളീധരന്‍ മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടിരിക്കുകയാണ്.
സുരേഷ് ഗോപിക്ക് പുറമെ തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറും ബിജെപിക്കായി മുന്നേറ്റം കാഴ്ചവയ്ക്കുന്നുണ്ട്. 12,108 വോട്ടിന്റെ ലീഡാണ് അദ്ദേഹം നിലവില്‍ നേടിയിരിക്കുന്നത്. അതേസമയം ശക്തമായ മത്സരം കാഴ്ചവച്ച് യുഡിഎഫിന്റെ ശശി തരൂര്‍ തൊട്ടുപിന്നിലുണ്ട്. എല്‍ഡിഎഫിന്റെ പന്ന്യന്‍ രവീന്ദ്രന്‍ ലീഡ് നിലയില്‍ മൂന്നാം സ്ഥാനത്താണ്.
അതേസമയം കേരളത്തില്‍ പൊതുവെ യുഡിഎഫിന് അനുകൂലമായ കാറ്റാണ് വീശുന്നത്. 20 മണ്ഡലങ്ങളില്‍ 16 എണ്ണത്തിലും ലീഡ് ചെയ്യുന്നത് യുഡിഎഫാണ്. ആലത്തൂരിലും, ആറ്റിങ്ങലും മാത്രമാണ് എല്‍ഡിഎഫ് മുന്നിട്ട് നില്‍ക്കുന്നത്. ഫലം ഉറ്റുനോക്കിക്കൊണ്ടിരിക്കുന്ന മറ്റൊരു മണ്ഡലമായ വടകരയില്‍ ആദ്യഘട്ടത്തില്‍ കെകെ ശൈലജയ്ക്ക് ലീഡ് ഉണ്ടായിരുന്നെങ്കിലും, പിന്നീട് യുഡിഎഫിന്റെ ഷാഫി പറമ്പില്‍ ലീഡ് പടിപടിയായി ഉയര്‍ത്തുന്ന കാഴ്ചയാണ്. അവസാനം വിവരം ലഭിക്കുമ്പോള്‍ 29,636 വോട്ടുകളുടെ ലീഡാണ് യുവനേതാവിന് ഉള്ളത്.