അയര്‍ലണ്ടില്‍ ഇന്നലെ നടന്ന മൂന്ന് സുപ്രധാന വോട്ടെടുപ്പുകള്‍ക്ക് ശേഷം വോട്ടെണ്ണലിന് ഇന്ന് ആരംഭം. ലോക്കല്‍ കൗണ്‍സിലുകള്‍, യൂറോപ്യന്‍ പാര്‍ലമെന്റ് എന്നിവയ്ക്ക് പുറമെ ലിമറിക്കിലെ മേയര്‍ സ്ഥാനത്തേയ്ക്കുമാണ് തെരഞ്ഞെടുപ്പുകള്‍ നടന്നത്. കൗണ്‍സില്‍ തെരഞ്ഞെടുപ്പിലെ ബാലറ്റുകള്‍ ഇന്ന് രാവിലെ 9 മണിയോടെ തുറക്കുകയും, ഉച്ചയോടെ എണ്ണല്‍ ആരംഭിക്കുകയും ചെയ്യും. വൈകാതെ തന്നെ ആദ്യഫലങ്ങള്‍ പുറത്തെത്തുമെങ്കിലും എല്ലാ കൗണ്‍സില്‍ സീറ്റുകളും നിറയാന്‍ ദിവസങ്ങള്‍ എടുത്തേക്കും. രാജ്യത്തെ സിംഗിള്‍ ട്രാന്‍ഫറബിള്‍ വോട്ടിങ് സംവിധാനമാണ് ഇതിന് കാരണം. അതിനെപ്പറ്റി ചുവടെ വിശദീകരിക്കാം.
യൂറോപ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ഞായറാഴ്ചയാണ്. ലിമറിക്ക് മേയറെ തെരഞ്ഞെടുക്കാനുള്ള വോട്ടുകളുടെ എണ്ണല്‍ തിങ്കളാഴ്ചയും നടക്കും.
അയര്‍ലണ്ടിനെ പ്രതിനിധീകരിക്കുന്ന 14 യൂറോപ്യന്‍ പാര്‍ലമെന്റ് മെമ്പര്‍മാരുടെ സ്ഥാനത്തേയ്ക്ക് ഇത്തവണ 73 സ്ഥാനാര്‍ത്ഥികളായിരുന്നു മത്സരിച്ചത്. ഇതില്‍ 4 സീറ്റ് ഡബ്ലിന്‍, 5 സീറ്റ് മിഡ്‌ലാന്‍ഡ്‌സ് നോര്‍ത്ത് വെസ്റ്റ്, 5 സീറ്റ് സൗത്ത് ഏരിയകളിലായി വീതം വച്ചിരിക്കുന്നു.
രാജ്യത്തെ 166 ഇലക്ടറല്‍ ഏരിയകളിലെ 949 കൗണ്‍സിലര്‍ സീറ്റുകളിലേയ്ക്കും ഇന്നലെ വോട്ടെടുപ്പ് നടന്നു. അതേസമയം ഇതാദ്യമായാണ് മേയറെ നേരിട്ട് തെരഞ്ഞെടുക്കാന്‍ ലിമറിക്കിലെ വോട്ടര്‍മാര്‍ക്ക് അവസരം ലഭിച്ചത്.
സിംഗിള്‍ ട്രാന്‍ഫറബിള്‍ വോട്ടിങ് സംവിധാനമാണ് (PR-STV) അയര്‍ലണ്ടില്‍ നിലനില്‍ക്കുന്നത്. മാത്രമല്ല ഒരേ ഇലക്ടറല്‍ ഏരിയയില്‍ നിന്നും ഒന്നിലധികം ജനപ്രതിനിധികള്‍ തെരഞ്ഞെടുക്കപ്പെടുകയും ചെയ്യും. ജനാധിപത്യത്തിലെ ബഹുസ്വരത ഉറപ്പാക്കുന്ന ഈ രീതി, ലോകത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സംവിധാനവുമാണ്. ഏറ്റവും കൂടുതല്‍ വോട്ട് ലഭിക്കുന്ന ഒരാളെ മാത്രം തെരഞ്ഞെടുക്കുന്നതിന് പകരം ഓരോ മണ്ഡലത്തിലെയും സീറ്റുകളുടെ എണ്ണമനുസരിച്ച് ഏറ്റവുമധികം വോട്ട് ലഭിക്കുന്ന ഒന്നിലധികം പേര്‍ അവിടുത്തെ ജനങ്ങളെ പ്രതിനിധീകരിക്കും. 1, 2, 3 എന്നിങ്ങനെ മുന്‍ഗണനാക്രമത്തില്‍ വോട്ട് രേഖപ്പെടുത്തുന്നത് അതിന് വേണ്ടിയാണ്.
ലോക്കല്‍ കൗണ്‍സിലിലേയ്ക്ക് നടക്കുന്ന വോട്ടെണ്ണലില്‍ 949 സീറ്റുകളും നിറയുന്നത് വരെ പല റൗണ്ടുകളിലായി എണ്ണല്‍ തുടരും. യൂറോപ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ വോട്ടുകളും സമാനമായ രീതിയിലാണ് എണ്ണുക.
അതേസമയം ഇയു പാര്‍ലമെന്റ് വിജയികളുടെ വിവരം ഉടന്‍ ലഭ്യമാകില്ല. ഇയുവിലെ എല്ലാ അംഗരാജ്യങ്ങളിലെയും തെരഞ്ഞെടുപ്പുകള്‍ അവസാനിച്ചാല്‍ മാത്രമേ ഫലം പുറത്തുവിടുകയുള്ളൂ. ഒരു രാജ്യത്തെ തെരഞ്ഞെടുപ്പ് ഫലം മറ്റൊരു രാജ്യത്തെ വോട്ടര്‍മാരെ സ്വാധീനിക്കാതിരിക്കാനാണ് ഇത്. ഞായറാഴ്ച രാത്രി 10 മണിക്കാണ് ഇയുവിലെ എല്ലാ രാജ്യങ്ങളിലെയും പാര്‍ലമെന്റ് വോട്ടിങ് അവസാനിക്കുന്നത്.