കവിത: ബലി കാക്കകളുടെ നാട്ടിൽ (ബിനു ഉപേന്ദ്രൻ)

പാപനാശം തീരത്ത്,
പൊന്നിറങ്ങുന്ന മണൽ മുറുക്കി,
വെള്ളത്തരികളിൽ നൃത്തംചെയ്യും
ബലിക്കാക്കകൾ…

കറുത്ത ചിറകുകളുമായി,
പച്ചക്കാടുകൾ മറന്ന്,
ആഴക്കടൽക്കു മുകളിൽ
ഒരു നിയോഗം പോലെ…

വെളുത്ത വാലുകൾ വിടർത്തി,
വിരിച്ചുയർത്തി ചിറകുകൾ വീശി
കടൽമൊഴി കാറ്റിൽ
താളമിട്ട്പറക്കും കാഴ്ചകൾ…

സൂര്യന്റെ പൊന്‍കിരണം
കടലില്‍ ചാഞ്ഞിറങ്ങുമ്പോള്‍
സ്വപ്നങ്ങൾക്കു തുണയായി
പ്രഭാതം വരവായി…

സാഗരത്തിൻ പുണ്യം തേടി,
താളമിട്ടു പായും കാറ്റിൻ
പുലരിയുടെ കിരണങ്ങൾ
പ്രതീക്ഷകൾ വിതയ്ക്കുന്നു…

പാപങ്ങളുടെ തിര ഒഴുകി,
വിശ്വാസത്തിന്റെ തീരത്ത്
ജനാർദ്ദനസ്വാമി ക്ഷേത്രകടവുകൾ
പുണ്യമാക്കി ജനസാഗരം…

മായാത്ത പൂമുഖത്ത്,
ഓർമ്മകളുടെ പെരുമഴ,
നമ്മുടെ ഹൃദയങ്ങൾ
ബലിക്കാക്കകളായി പറക്കുന്നു…

പാപനാശം തീരത്ത്
കാറ്റിൻ കിളിവാതിൽ തള്ളി
ഒരുനാൾ ഞാനും
മോക്ഷം തേടിയെത്തും…

ഇന്നത്തെ വിശ്വാസികള്‍
നാളെ ബലിക്കാക്കകള്‍…
അവർ താളത്തില്‍ പറന്ന്,
പറയുന്നെതന്താവും…

“വരൂ ഞങ്ങളോടൊപ്പം
മോക്ഷപ്രാപ്തിക്കായി……
ഒപ്പം, നിനക്കായി ഒരുക്കിയ
ബലിച്ചോറിനായി…”

-ബിനു ഉപേന്ദ്രൻ

Share this news

Leave a Reply

%d bloggers like this: