അയർലണ്ടിലെ ഇന്ത്യക്കാരനായ ആദ്യ മേയറായി ചരിത്രം കുറിച്ച് ബേബി പെരേപ്പാടൻ; മലയാളികൾക്ക് ഇരട്ടി മധുരം

ഇന്ത്യന്‍ വംശജനും മലയാളിയുമായ ബേബി പെരേപ്പാടന്‍ ഇനി സൗത്ത് ഡബ്ലിന്‍ കൗണ്ടി കൗണ്‍സില്‍ മേയര്‍. കൗണ്ടി കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ താല സൗത്ത് മണ്ഡലത്തില്‍ നിന്നാണ് ഭരണകക്ഷിയായ Fine Gael-ന്റെ സ്ഥാനാര്‍ത്ഥിയായ ബേബി പെരേപ്പാടന്‍ വിജയിച്ചത്. അയര്‍ലണ്ടിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു ഇന്ത്യക്കാരൻ മേയറാകുന്നത്.

വിജയിച്ച പാർട്ടി മെമ്പർമാർ ആയ കൗൺസിൽ അംഗങ്ങൾ വ്യാഴാഴ്ച യോഗം ചേർന്നാണ് അദ്ദേഹത്തെ ഏകകണ്ഠമായി മേയർ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്. മുൻമേയർ അലൻ ഹെഡ്ജിൽ നിന്നും അദ്ദേഹം മേയറുടെ അധികാര ചിഹ്നങ്ങൾ സ്വീകരിച്ചു.

ഇന്ത്യൻ പാരമ്പര്യം അവകാശപ്പെടാവുന്ന അയർലണ്ടിന്റെ മുൻ പ്രധാനമന്ത്രി കൂടിയായ ലിയോ വരദ്കർ ഡെപ്യൂട്ടി മേയറായി കുറച്ചു കാലം സേവനം അനുഷ്ഠിച്ചിട്ടുണ്ടെങ്കിലും ഒരു ഇന്ത്യക്കാരൻ മേയറാകുന്നത് ആദ്യമായാണ്.

ഇത് രണ്ടാം തവണയാണ് ബേബി പെരേപ്പാടന്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നത്. ഇത്തവണത്തെ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ മകനായ ബ്രിട്ടോ പെരേപ്പാടനും താല സെന്‍ട്രലില്‍ നിന്നും വിജയിച്ചിരുന്നു.

തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ബേബി പെരേപ്പാടനെതിരെ വംശീയധിക്ഷേപമുണ്ടായതടക്കം വാര്‍ത്തയായിരുന്നു. അതിനാല്‍ തീവ്രവലതുപക്ഷവാദികള്‍ക്കും, കുടിയേറ്റവിരുദ്ധര്‍ക്കുമെതിരായ ശക്തമായ മറുപടി കൂടിയായി മാറുകയാണ് അദ്ദേഹത്തിന്റെ മേയര്‍ പദവി.

ബേബി പെരേപ്പാടനും ബ്രിട്ടോ പെരേപ്പാടനും

കേരളത്തില്‍ എറണാകുളം ജില്ലയിലുള്ള അങ്കമാലിയിലെ പുളിയനം ആണ് ബൈബി പെരേപ്പാടന്റെ സ്വദേശം. 20 വര്‍ഷം മുമ്പ് അയര്‍ലണ്ടിലേയ്ക്ക് കുടിയേറിയ അദ്ദേഹം ഇവിടുത്തെ വിവിധ സാമൂഹിക, സാംസ്‌കാരിക രംഗത്ത് നേരത്തെ തന്നെ പരിചിത മുഖമാണ്. ഭാര്യ ജിന്‍സി മാത്യു ബ്യൂമോണ്ട് ആശുപത്രിയില്‍ അഡ്വാന്‍സ്ഡ് നഴ്‌സ് പ്രാക്ടീഷണറായി ജോലി ചെയ്യുന്നു. മകന്‍ ബ്രിട്ടോയെ കൂടാതെ ഡെന്റല്‍ മെഡിസിന്‍ വിദ്യാര്‍ത്ഥിയായ ബ്രോണ എന്നൊരു മകള്‍ കൂടിയുണ്ട് പെരേപ്പാടന്.

Share this news

Leave a Reply

%d bloggers like this: