ഡബ്ലിൻകാരുടെ കെട്ടിടനികുതി വർദ്ധിക്കും, ടൂറിസ്റ്റ് ടാക്‌സും നൽകേണ്ടി വന്നേക്കും: പുതിയ കൗൺസിൽ ഭരണസഖ്യം രൂപീകരിച്ചു

പുതിയ കൗണ്‍സില്‍ ഭരണകൂടം അധികാരമേറ്റെടുക്കുന്നതോടെ ഡബ്ലിനിലെ താമസക്കാര്‍ ഇനിമുതല്‍ കൂടുതല്‍ പ്രോപ്പര്‍ട്ടി ടാക്‌സ് നല്‍കേണ്ടിവന്നേക്കും. Fianna Fail, Fine Gael, Labour Party, Green Party എന്നിവര്‍ ചേര്‍ന്ന് രൂപീകരിച്ച കൂട്ടുകക്ഷിസഖ്യം ഭരണമേറ്റെടുക്കുന്നതിനൊപ്പമാണ് ടാക്‌സ് വര്‍ദ്ധിപ്പിക്കുമെന്ന സൂചനകള്‍ നല്‍കിയിരിക്കുന്നത്. അടുത്ത അഞ്ച് വര്‍ഷത്തിനിടെ നഗരപരിപാലനത്തിനായി 60 മില്യണ്‍ യൂറോ സമാഹരിക്കുന്നതിന്റെ ഭാഗമായാണ് കെട്ടിട നികുതി വര്‍ദ്ധിപ്പിക്കാനും, ഹോട്ടല്‍ ടൂറിസ്റ്റ് ടാക്‌സ് ഏര്‍പ്പെടുത്താനും തീരുമാനിച്ചിരിക്കുന്നത്.

നേരത്തെ Sinn Fein-മായും, സോഷ്യല്‍ ഡെമോക്രാറ്റ്‌സുമായും ചേര്‍ന്ന് ലേബര്‍ പാര്‍ട്ടിയും, ഗ്രീന്‍ പാര്‍ട്ടിയും ഭരണസഖ്യം രൂപീകരിക്കാന്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും, ഡബ്ലിന്‍കാരുടെ വാര്‍ഷിക കെട്ടിടനികുതിയില്‍ 15% ഇളവ് വരുത്തുമെന്ന Sinn Fein-ന്റെ ശുപാര്‍ശയോട് പ്രതികൂലിച്ച് ലേബര്‍ പാര്‍ട്ടി സഖ്യത്തിന് വിസമ്മതിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ കൂട്ടുകക്ഷി ഭരണസമിതി രൂപീകരിച്ചിരിക്കുന്നത്. പുതിയ സഖ്യത്തിന് ഏതാനും സ്വതന്ത്രരുടെ പിന്തുണയും ലഭിച്ചിട്ടുണ്ട്.

അതേസമയം ടാക്‌സ് വര്‍ദ്ധിപ്പിക്കുന്നത് ജീവിതച്ചെലവില്‍ വലയുന്ന ഡബ്ലിന്‍കാരെ കൂടുതല്‍ കഷ്ടത്തിലാക്കുമെന്ന് Sinn Fein കൗണ്‍സിലറായ Daithí Doolan വിമര്‍ശനമുന്നയിച്ചിട്ടുണ്ട്.

കെട്ടിട നികുതി വര്‍ദ്ധിപ്പിക്കുന്നതിലൂടെ ലഭിക്കുന്ന അധിക തുക, സോഷ്യല്‍ ഹൗസിങ് മെയിന്റനന്‍സ്, തെരുവ് ക്ലീന്‍ ചെയ്യല്‍, പ്ലേ ഗ്രൗണ്ട് നിര്‍മ്മാണം എന്നിവയ്ക്കാണ് ഉപയോഗിക്കുക.

മുന്‍ കൗണ്‍സില്‍ ഫിനാന്‍സ് കമ്മിറ്റി മുന്നോട്ടുവച്ച 1% ഹോട്ടല്‍ ടൂറിസ്റ്റ് ടാക്‌സ് എന്ന നിര്‍ദ്ദേശവും ഈ കൗണ്‍സില്‍ ഭരണസമിതി നടപ്പാക്കിയേക്കും. ഈ ടാക്‌സ് വഴി 12 മില്യണ്‍ യൂറോ സമാഹരിക്കാമെന്നായിരുന്നു മുന്‍ കൗണ്‍സില്‍ കമ്മിറ്റി അനുമാനിച്ചിരുന്നത്.

അതേസമയം ഇന്നലെ വൈകുന്നേരം നടന്ന കൗണ്‍സിലിന്റെ വാര്‍ഷികയോഗത്തില്‍ Fine Gael കൗണ്‍സിലറായ James Geoghegan, ഡബ്ലിന്‍ സിറ്റിയുടെ പുതിയ മേയറായി തെരഞ്ഞെടുക്കപ്പെട്ടു. മേയര്‍ തെരഞ്ഞെടുപ്പില്‍ സോഷ്യല്‍ ഡെമോക്രാറ്റ്‌സിന്റെ Daniel Ennis-നെ 25-നെതിരെ 32 വോട്ടുകള്‍ക്കാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. നാല് കൗണ്‍സിലര്‍മാര്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നു. 12 വര്‍ഷത്തിനിടെ ഇതാദ്യമായാണ് Fine Gael-ന്റെ ഒരു കൗണ്‍സിലര്‍ ഡബ്ലിന്‍ മേയറാകുന്നത്.

Share this news

Leave a Reply

%d bloggers like this: