കോവിഡാനന്തരം അയർലണ്ടിൽ വീടുകൾക്ക് 35% വിലയുയർന്നു; സൗത്ത് ഡബ്ലിനിൽ ഒരു വീടിന് മുടക്കേണ്ടത് നൽകേണ്ടത് 694,602 യൂറോ

അയര്‍ലണ്ടിലെ ഭവനവില കോവിഡ് കാലത്തിന് മുമ്പുള്ളതിനെക്കാള്‍ 35% അധികമായി കുതിച്ചുയര്‍ന്നു. പ്രോപ്പര്‍ട്ടി വെബ്‌സൈറ്റായ Daft.ie-യുടെ കണക്കുകള്‍ പ്രകാരം 2024-ന്റെ രണ്ടാം പാദത്തില്‍ (ഏപ്രില്‍,മെയ്,ജൂണ്‍) രാജ്യത്ത് ഒരു വീട് വാങ്ങാനായി മുടക്കേണ്ടത് ശരാശരി 340,398 യൂറോ ആണ്. വില കോവിഡിന് മുമ്പുള്ളതിനെക്കാള്‍ 35% ഉയര്‍ന്നപ്പോള്‍, ഒരു വര്‍ഷത്തിനിടെ വീടുകള്‍ക്ക് ഉയര്‍ന്ന വില 6.7% ആണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മുന്‍ പാദത്തെ അപേക്ഷിച്ച് 3.8 ശതമാനവും അയര്‍ലണ്ടില്‍ വീടുകള്‍ക്ക് വില ഉയര്‍ന്നിട്ടുണ്ട്. 2020-ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പാദാനുപാദ വില വര്‍ദ്ധനയാണിത്.

രാജ്യത്തെ 54 വിപണികള്‍ അടിസ്ഥാനമാക്കി വെബ്‌സൈറ്റ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ രണ്ടിടത്ത് മാത്രമാണ് ഒരു വര്‍ഷത്തിനിടെ വില കുറഞ്ഞതായി വ്യക്തമായിട്ടുള്ളത്- ഡബ്ലിന്‍ 2, ഡബ്ലിന്‍ 6 എന്നിവയാണ് ഈ പ്രദേശങ്ങള്‍. നഗരങ്ങളുടെ കാര്യമെടുത്താല്‍ ഡബ്ലിനില്‍ ഒരു വര്‍ഷത്തിനിടെ വീടുകള്‍ക്ക് 4.7% വില വര്‍ദ്ധിച്ചപ്പോള്‍ കോര്‍ക്ക്, വാട്ടര്‍ഫോര്‍ഡ് എന്നിവിടങ്ങളില്‍ 10 ശതമാനത്തിനടുത്താണ് വര്‍ദ്ധന രേഖപ്പെടുത്തിയത്. അതേസമയം ഗോള്‍വേ, ലിമറിക്ക് സിറ്റികളില്‍ 12 ശതമാനത്തിലധികമാണ് വര്‍ദ്ധന.

പതിവ് പോലെ രാജ്യത്ത് ഏറ്റവും കുറഞ്ഞ ശരാശരി ഭവനവിലയുള്ള കൗണ്ടി ലെയ്ട്രിം ആണ്. ശരാശരി 198,869 യൂറോ മുടക്കിയാല്‍ ഇവിടെ ഒരു വീട് സ്വന്തമാക്കാം. ലോങ്‌ഫോര്‍ഡ് (203,202), റോസ്‌കോമണ്‍ (212,196), സ്ലൈഗോ (218,587) എന്നിവിടങ്ങളിലും വില താരതമ്യേന കുറവാണ്.

മറുവശത്ത് വില ഏറ്റവും കൂടിയ പ്രദേശം സൗത്ത് ഡബ്ലിന്‍ കൗണ്ടി കൗണ്‍സിലാണ്. 694,602 യൂറോ ആണ് ഇവിടെ ഒരു വീടിന്റെ ശരാശരി വില. 488,464 യൂറോ ശരാശരി വിലയുമായി സൗത്ത് ഡബ്ലിന്‍ സിറ്റിയാണ് രണ്ടാമത്. വിലയുടെ കാര്യത്തില്‍ വിക്ക്‌ലോ (431,437) മൂന്നാമതും, നോര്‍ത്ത് ഡബ്ലിന്‍ സിറ്റി (419,786) നാലാമതുമാണ്.

രാജ്യത്ത് ആവശ്യത്തിന് വീട് ഇല്ലാത്തത് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മാറ്റമില്ലാതെ തുടരുകയാണെന്നും Daft.ie വ്യക്തമാക്കുന്നുണ്ട്. ജൂണ്‍ 1-ലെ കണക്കനുസരിച്ച് രാജ്യത്ത് ആകെ വില്‍പ്പനയ്ക്ക് വച്ചിരിക്കുന്ന സെക്കന്‍ഡ് ഹാന്‍ഡ് വീടുകള്‍ 11,400 എണ്ണം മാത്രമായിരുന്നു. 2015-19 കാലഘട്ടത്തില്‍ ഇത് 24,700 ആയിരുന്നു.

Share this news

Leave a Reply

%d bloggers like this: