ഇന്നലെ കടന്നുപോയത് അയർലണ്ടിലെ ഈ വർഷത്തെ ഏറ്റവും ചൂടേറിയ ദിനം; താപനില ഉയർന്നത് 26.5 ഡിഗ്രി വരെ

ഇന്നലെ (തിങ്കള്‍) കടന്നുപോയത് അയര്‍ലണ്ടില്‍ ഈ വര്‍ഷത്തെ ഏറ്റവും ചൂടേറിയ ദിനം. ഡബ്ലിനിലെ ഫീനിക്‌സ് പാര്‍ക്കില്‍ ഇന്നലെ ഉച്ചയ്ക്ക് ശേഷം രേഖപ്പെടുത്തിയ അന്തരീക്ഷതാപനില 26.5 ഡിഗ്രി സെല്‍ഷ്യസ് ആണ്. 25 ഡിഗ്രി വരെ താപനില ഉയരുമെന്നായിരുന്നു ഇന്നലെ കാലാവസ്ഥാ വകുപ്പ് നേരത്തെ പറഞ്ഞിരുന്നത്.

അതേസമയം ഇന്നുമുതല്‍ രാജ്യത്ത് താപനില കുറയുമെന്നും, ചാറ്റല്‍ മഴയെത്തുമെന്നും അധികൃതര്‍ അറിയിച്ചു. ഇന്ന് രാജ്യത്ത് പൊതുവെ മേഘാവൃതമായ കാലാവസ്ഥയാണ് അനുഭവപ്പെടുക. ചാറ്റല്‍ മഴയും പെയ്യും. 16 മുതല്‍ 21 ഡിഗ്രി സെല്‍ഷ്യസ് വരെയാകും പരമാവധി അന്തരീക്ഷ താപനില.

ബുധനാഴ്ച രാവിലെ വരണ്ട കാലാവസ്ഥയ്ക്ക് പിന്നാലെ മഴ പെയ്യും. 19 മുതല്‍ 23 ഡിഗ്രി സെല്‍ഷ്യസ് വരെയാകും ഉയര്‍ന്ന താപനില.

തുടര്‍ന്ന് ആഴ്ചയിലുടനീളം വെയിലും മഴയും മാറി മാറി വരികയും, താപനില വീണ്ടും കുറയുകയും ചെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണവകുപ്പ് വ്യക്തമാക്കി.

Share this news

Leave a Reply