ഇയുവിൽ ഏറ്റവും ചെലവേറിയ രാജ്യങ്ങളിൽ രണ്ടാം സ്ഥാനത്ത് എത്തി അയർലണ്ട്; എല്ലാത്തിനും പൊള്ളുന്ന വില!

സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കും ഏറ്റവും ചെലവേറിയ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ രണ്ടാം സ്ഥാനത്ത് അയര്‍ലണ്ട്. ഇയു ശരാശരിയെക്കാള്‍ 42% അധികമാണ് നിലവില്‍ അയര്‍ലണ്ടിലെ ചെലവ്. ഇക്കാര്യത്തില്‍ ഡെന്മാര്‍ക്ക് മാത്രമാണ് അയര്‍ലണ്ടിന് മുന്നിലുള്ളത് (43% അധികം) എന്നും യൂറോസ്റ്റാറ്റ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കുത്തനെ ഉയര്‍ന്ന ജീവിതച്ചെലവാണ് അയര്‍ലണ്ടിനെ ഏറ്റവും ചെലവേറിയ രാജ്യങ്ങളിലൊന്നാക്കി മാറ്റിയിരിക്കുന്നത്. ഉയര്‍ന്ന ടാക്‌സും, വിലക്കയറ്റ നിയന്ത്രണസംവിധാനങ്ങളുടെ കാര്യക്ഷമമില്ലായ്മയും പ്രശ്‌നം വഷളാക്കുകയും ചെയ്യുന്നു.

സാധനങ്ങളുടെയും സേവനങ്ങളുടെയും വിലയുടെ കാര്യത്തില്‍ അയര്‍ലണ്ടിന് ഇയു ശരാശരിയുമായുള്ള അന്തരം വര്‍ദ്ധിച്ചുവരികയുമാണ്. 2016-ല്‍ ഇയു ശരാശരിയെക്കാള്‍ 29% അധികമായിരുന്നു ചെലവ്. തുടര്‍ന്നുള്ള ഓരോ വര്‍ഷവും അത് വര്‍ദ്ധിച്ചുവന്ന് ഇപ്പോള്‍ 42 ശതമാനത്തില്‍ എത്തി നില്‍ക്കുകയാണ്.

താമസച്ചെലവ്, വാടക, മോര്‍ട്ട്‌ഗേജ്, ഗ്യാസ്, വൈദ്യുതി എന്നിവയ്‌ക്കെല്ലാം ഇയു ശരാശരിയെക്കാള്‍ ഇരട്ടിയാണ് അയര്‍ലണ്ടില്‍ നല്‍കേണ്ടത്. മദ്യം, പുകയില ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ കാര്യവും വ്യത്യസ്തമല്ല. അതിന് കാരണം ഉയര്‍ന്ന ടാക്‌സ് ആണ്. റസ്റ്ററന്റുകളില്‍ ഇയു ശരാശരിയെക്കാള്‍ 28%, ഊര്‍ജ്ജത്തിന് 18%, ഗതാഗതത്തിന് 15% എന്നിങ്ങനെ അധികമായാണ് അയര്‍ലണ്ടുകാര്‍ ചെലവിടേണ്ടി വരുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വലിയ കാര്‍ഷികസമ്പത്തുണ്ടായിട്ടും ഭക്ഷ്യവസ്തുക്കള്‍ക്ക് 13% അധികനിരക്കും നല്‍കേണ്ടിവരുന്നു.

2022-ലെ 2,000-ലധികം സാധനങ്ങളുടെയും സേവനങ്ങളുടെയും വില പരിശോധിച്ചാണ് യൂറോസ്റ്റാറ്റ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

Share this news

Leave a Reply