ശമ്പളവര്‍ദ്ധനയുമായി ബന്ധപ്പെട്ടുള്ള തര്‍ക്കത്തെ തുടര്‍ന്നുള്ള എയര്‍ ലിംഗസ് പൈലറ്റുമാരുടെ സമരം ആരംഭിച്ചു. ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ ഓവര്‍ ടൈം ഡ്യൂട്ടി എടുക്കാതെയുള്ള വര്‍ക്ക് ടു റൂള്‍ സമരമാണ് ആരംഭിച്ചിരിക്കുന്നത്. ഇതിന് പിന്നാലെ ജൂണ്‍ 29-ന് എട്ട് മണിക്കൂര്‍ പണിമുടക്കും നടത്തും. സമരം ആരംഭിച്ചതിന് പിന്നാലെ നിരവധി സര്‍വീസുകളാണ് മുടങ്ങിയിട്ടുള്ളത്. ആയിരക്കണക്കിന് യാത്രക്കാരെ സമരം ബാധിക്കും.
പൈലറ്റുമാരുടെ സംഘടനയായ Irish Air Line Pilots’ Association (IALPA) പ്രതിനിധികളും, എയര്‍ ലിംഗസ് പ്രതിനിധികളും തമ്മില്‍ ഇന്നലെ ലേബര്‍ കോര്‍ട്ടില്‍ നടന്ന ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞതോടെ പൈലറ്റുമാര്‍ സമരവുമായി മുന്നോട്ട് പോകാന്‍ തീരുമാനിക്കുകയായിരുന്നു. അവധിക്കാലം കൂടിയായതിനാല്‍ സമരം യാത്രക്കാരെ വലയ്ക്കുമെന്ന് ആശങ്കയുയര്‍ന്നതിനെത്തുടര്‍ന്നായിരുന്നു ചര്‍ച്ച. പ്രധാനമന്ത്രി സൈമണ്‍ ഹാരിസ് അടക്കം ഇരു കക്ഷികളോടും തര്‍ക്കം സമരത്തിലെത്താതെ ഒത്തുതീര്‍പ്പാക്കാന്‍ അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ ചര്‍ച്ചയില്‍ ഇരുപക്ഷവും അയവ് വരുത്താതിരുന്നതോടെ നിലവില്‍ പ്രശ്‌നത്തിലിടപെടുന്നില്ലെന്ന് ലേബര്‍ കോര്‍ട്ടും നിലപാടെടുത്തു.
ശമ്പളത്തില്‍ 24% വര്‍ദ്ധനയാണ് പൈലറ്റുമാര്‍ ആവശ്യപ്പെടുന്നത്. 2019-ല്‍ അവസാനമായി ശമ്പളവര്‍ദ്ധന നടപ്പിലാക്കിയ ശേഷമുള്ള പണപ്പെരുപ്പം കൂടി കണക്കിലെത്താണ് ഈ കണക്കിലേയ്ക്ക് അവര്‍ എത്തിയിരിക്കുന്നത്. കമ്പനി ഈയിടെ 400% ലാഭം നേടിയെന്നും പൈലറ്റുമാരുടെ സംഘടന ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ 12.5% വര്‍ദ്ധനയാണ് എയര്‍ ലിംഗസ് മുന്നോട്ട് വച്ചിരിക്കുന്നത്. കൂടുതല്‍ കാര്യക്ഷമമായി ജോലി ചെയ്താല്‍ അതിന് മുകളില്‍ വര്‍ദ്ധന നല്‍കാമെന്നും കമ്പനി പറയുന്നു.