അയര്‍ലണ്ടില്‍ നടത്തുന്ന ഗര്‍ഭഛിദ്രങ്ങളുടെ (അബോര്‍ഷന്‍) എണ്ണത്തില്‍ വന്‍ വര്‍ദ്ധന. കഴിഞ്ഞ വര്‍ഷം ആകെ 10,033 അബോര്‍ഷനുകളാണ് രാജ്യത്ത് നടത്തിയതെന്ന് ആരോഗ്യവകുപ്പിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു. ഗര്‍ഭഛിദ്രം നടത്തുന്നത് എളുപ്പത്തിലാക്കി നിയമം ഭേദഗതി ചെയ്ത ശേഷം നടക്കുന്ന ഏറ്റവും കൂടുതല്‍ അബോര്‍ഷനുകളാണ് പോയ വര്‍ഷം നടത്തിയിട്ടുള്ളത്.
2022-ല്‍ 8,156 അബോര്‍ഷനുകളായിരുന്നു രാജ്യത്ത് നടന്നത്. 2018-ലെ Health (Regulation of Termination of Pregnancy) Act ആണ് അയര്‍ലണ്ടില്‍ നിയമപരമായി ഗര്‍ഭഛിദ്രം നല്‍കാന്‍ അനുമതി നല്‍കുന്നത്. ഡോക്ടറുടെ മേല്‍നോട്ടത്തില്‍ അബോര്‍ഷന്‍ നടത്തുന്നതിന് അനുമതി നല്‍കുന്ന നിയമമാണിത്. ഈ നിയമഭേദഗതി വരുന്നതിന് മുമ്പുവരെ അമ്മയുടെ ജിവന് ഭീഷണിയാകുന്ന അവസരങ്ങളില്‍ മാത്രമേ രാജ്യത്ത് അബോര്‍ഷന്‍ അനുവദിച്ചിരുന്നുള്ളൂ. 12 ആഴ്ച വരെ പ്രായമായ ഗര്‍ഭമാണ് അലസിപ്പിക്കാന്‍ അനുമതിയുള്ളത്.
കഴിഞ്ഞ വര്‍ഷം നടത്തിയ അബോര്‍ഷനുകളില്‍ 21 എണ്ണം അമ്മയുടെ ജീവന് ഭീഷണിയുയര്‍ത്തിയ സാഹതര്യങ്ങളിലായിരുന്നു. ഏഴെണ്ണം കുഞ്ഞിന്റെ ജീവന് ഭീഷണിയായപ്പോഴും നടത്തി. 129 എണ്ണം ഗര്‍ഭസ്ഥശിശുവിന് വൈകല്യങ്ങളുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നായിരുന്നു നടത്തിയത്. ബാക്കി 9,876 എണ്ണം ഗര്‍ഭത്തിന്റെ ആദ്യകാലങ്ങളിലും നടത്തി.
ഏറ്റവുമധികം അബോര്‍ഷനുകള്‍ നടന്നത് ഡബ്ലിനിലാണ്- 3,645. കോര്‍ക്ക് ആണ് തൊട്ടുപിന്നില്‍ (873). ഏറ്റവും കുറവ് അബോര്‍ഷനുകള്‍ നടന്നത് ലെയ്ട്രിമിലുമാണ് (47).