അയര്‍ലണ്ടില്‍ കൗമാര കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുന്നു. മോഷണം, കൊള്ള, തട്ടിപ്പ്, ലൈംഗിക കുറ്റകൃത്യങ്ങള്‍ എന്നിവയെല്ലാം നടത്തുന്ന 12-17 പ്രായക്കാരുടെ എണ്ണം രാജ്യത്ത് കുത്തനെ വര്‍ദ്ധിച്ചതായാണ് ഗാര്‍ഡയുടെ 2022 ക്രൈം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
കൗമാരക്കാര്‍ ഉള്‍പ്പെട്ട 15,719 കുറ്റകൃത്യങ്ങളാണ് 2022-ല്‍ ഗാര്‍ഡ രജിസ്റ്റര്‍ ചെയ്തത്. കുറ്റകൃത്യങ്ങളിലുള്‍പ്പെട്ട 8,400-ലധികം കൗമാരക്കാരെ Garda Youth Diversion Programme (GYDP)-ന് അയയ്ക്കാന്‍ ശുപാര്‍ശ ചെയ്യുകയും ചെയ്തു. 4% ആണ് ഇക്കാര്യത്തിലെ വാര്‍ഷികവര്‍ദ്ധന.
അതേസമയം 2022-ല്‍ കൗമാരക്കാര്‍ ഏറ്റവും കൂടുതലായി നടത്തിയ കുറ്റകൃത്യം മോഷണമാണ്. 4,719 പേരാണ് മോഷണത്തിന് ആ വര്‍ഷം പിടിക്കപ്പെട്ടത്. മുന്‍ വര്‍ഷത്തെക്കാള്‍ 42% വര്‍ദ്ധനയാണിത്.
എന്നിരുന്നാലും ക്രമസമാധാനപ്രശ്‌നങ്ങള്‍ (14% കുറവ്), മയക്കുമരുന്ന് (2% കുറവ്), ക്രിമിനല്‍ ഡാമേജ് സൃഷ്ടിക്കല്‍ (4% കുറവ്) മുതലായ കുറ്റകൃത്യങ്ങളില്‍ പെടുന്ന കൗമാരക്കാരുടെ എണ്ണത്തില്‍ കുറവും സംഭവിച്ചിട്ടുണ്ട്.
പക്ഷേ ലൈംഗികമായ കുറ്റകൃത്യങ്ങള്‍ നടത്തുന്ന കൗമാരക്കാരുടെ എണ്ണം കുത്തനെ ഉയര്‍ന്നതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. 2022-ല്‍ ഇത്തരത്തിലുള്ള 439 കേസുകളാണ് ഗാര്‍ഡ രജിസ്റ്റര്‍ ചെയ്തത്. മുന്‍ വര്‍ഷത്തെക്കാള്‍ 29% അധികമാണിത്. കുട്ടികളുടെ ലൈംഗികദൃശ്യങ്ങള്‍ കൈവശം വയ്ക്കുന്നത് അടക്കമുള്ളവയിലാണ് വര്‍ദ്ധന സംഭവിച്ചിരിക്കുന്നത്.
കൗമാരക്കാര്‍ കൊള്ള നടത്തുന്നത് 29% വര്‍ദ്ധിച്ചപ്പോള്‍, വീടുകളിലും മറ്റും കയറിയുള്ള മോഷണം 16% ആണ് വര്‍ദ്ധിച്ചത്. സാമ്പത്തികം അടക്കമുള്ള തട്ടിപ്പുകള്‍ 25 ശതമാനവും കൂടി. അക്രമസംഭവങ്ങളിലെ വര്‍ദ്ധന 2 ശതമാനവും, ഗതാഗതനിയമലംഘനം 3 ശതമാനവുമാണ് വര്‍ദ്ധിച്ചത്. 38 കൗമാരക്കാരാണ് ലഹരി ഉപയോഗിച്ച് വാഹനമോടിച്ചതിന് 2022-ല്‍ പിടിക്കപ്പെട്ടത്. വധഭീഷണി അടക്കം ഉള്‍പ്പെടുന്ന ഹോമിസൈഡ് കുറ്റത്യത്തിന് 86 പേരും പിടിക്കപ്പെട്ടു.
കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുന്ന കൗമാരക്കാരെ കോടതി വിചാരണയില്‍ നിന്നൊഴിവാക്കി പ്രത്യേക രീതിയില്‍ ശിക്ഷ നല്‍കുന്നതിനായാണ് 2003-ല്‍ Garda Youth Diversion Programme (GYDP) ആവിഷ്‌കരിക്കപ്പെട്ടത്. കൂടുതല്‍ ഗൗരവകരമായ കുറ്റകൃത്യങ്ങളാണെങ്കില്‍ മാത്രമേ കോടതി നടപടികളിലേയ്ക്ക് കടക്കൂ.