ചർച്ച വീണ്ടും അലസിപ്പിരിഞ്ഞു; എയർ ലിംഗസ് സമരത്തിൽ ഔദ്യോഗികമായി ഇടപെടാൻ ലേബർ കോടതി

സമരം ഒത്തുതീര്‍പ്പാക്കാനായി പൈലറ്റുമാരുടെ പ്രതിനിധികളും, എയര്‍ ലിംഗസ് വിമാനക്കമ്പനി അധികൃതരും തമ്മില്‍ ഇന്നലെ നടത്തിയ ചര്‍ച്ചയും അലസിപ്പിരിഞ്ഞതോടെ വിഷയത്തില്‍ ഔദ്യോഗികമായി ഇടപെടാന്‍ ലേബര്‍ കോടതി. ഇന്നലെ എട്ട് മണിക്കൂറോളം ലേബര്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ ഇരുകക്ഷികളും ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമാകാതെ പിരിയുകയായിരുന്നു.

24% ശമ്പളവര്‍ദ്ധനയാണ് എയര്‍ ലിംഗസിലെ Irish Airline Pilots’ Association (IALPA)-ലുള്‍പ്പെട്ട പൈലറ്റുമാര്‍ മുന്നോട്ട് വച്ചതെങ്കിലും, 12.5% വര്‍ദ്ധന എന്നതില്‍ ഉറച്ച് നില്‍ക്കുകയാണ് എയര്‍ ലിംഗസ്. ഇതോടെ പ്രശ്‌നത്തില്‍ ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍ ആക്ട് പ്രകാരം ഇടപെട്ട് ഔദ്യോഗിക അന്വേഷണം നടത്തുമെന്ന് ലേബര്‍ കോടതി വ്യക്തമാക്കി. ഇതിനായി ഇരു കക്ഷികളോടും രേഖാമൂലം വാദങ്ങള്‍ സമര്‍പ്പിക്കാന്‍ ലേബര്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം ലേബര്‍ കോടതിയില്‍ നടന്ന ചര്‍ച്ചയില്‍ എയര്‍ ലിംഗസ് കമ്പനി മുമ്പില്ലാതിരുന്ന പുതിയ ആവശ്യങ്ങള്‍ മുന്നോട്ടുവച്ചതായി IALPA പ്രസിഡന്റ് Mark Tighe വിമര്‍ശിച്ചു. ലേബര്‍ കോടതിക്കും നേരത്തെ അറിവില്ലായിതിരുന്ന കാര്യങ്ങളാണിതെന്നും, ഇക്കാരണത്താലാണ് ഔദ്യോഗിക അന്വേഷണം നടത്താന്‍ കോടതി തീരുമാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞതോടെ എയര്‍ ലിംഗസില്‍ പൈലറ്റുമാരുടെ അധികസമയ ജോലി ഒഴിവാക്കിക്കൊണ്ടുള്ള ‘വര്‍ക്ക് ടു റൂള്‍’ സമരം തുടരും. ഇതുവരെ 400-ഓളം വിമാനസര്‍വീസുകളാണ് സമരം കാരണം മുടങ്ങിയിരിക്കുന്നത്.

Share this news

Leave a Reply

%d bloggers like this: