അയർലണ്ടിൽ ടാക്സി നിരക്കുകൾ വർദ്ധിപ്പിക്കും; ടാക്സിക്ക് ഡിമാൻഡ് കുറഞ്ഞതായും റിപ്പോർട്ട്

അയര്‍ലണ്ടിലെ ടാക്‌സി നിരക്കുകള്‍ ഈ വര്‍ഷം അവസാനത്തോടെ 9% ഉയര്‍ന്നേക്കും. ടാക്‌സി നടത്തിപ്പിനായുള്ള ചെലവ് വര്‍ദ്ധിച്ചതോടെയാണ് നിരക്കും വര്‍ദ്ധിപ്പിക്കാന്‍ National Transport Authority (NTA) നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഓരോ രണ്ട് വര്‍ഷവും കൂടുമ്പോള്‍ ടാക്‌സി നിരക്കുകള്‍ പുനഃപരിശോധിക്കുന്നതിന്റെ ഭാഗമായി നിരക്ക് വര്‍ദ്ധനയുടെ കാര്യത്തില്‍ പൊതുജനത്തിന്റെ അഭിപ്രായം തേടിയിരിക്കുകയാണ് ഇപ്പോള്‍ NTA.

പരമാവധി 9% വരെ ടാക്‌സി ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കാമെന്നാണ് NTA നിര്‍ദ്ദേശം. 2022 സെപ്റ്റംബറില്‍ ശരാശരി 12% വര്‍ദ്ധന NTA നിര്‍ദ്ദേശപ്രകാരം നടപ്പിലാക്കിയിരുന്നു. രാത്രിയില്‍ 17 ശതമാനവും വര്‍ദ്ധന നടപ്പിലാക്കി. ക്യാഷ്‌ലെസ് പേയ്‌മെന്റ് കാരണം ഡ്രൈവര്‍മാര്‍ക്കുള്ള ചെലവ് കൂടി പരിഗണിച്ചായിരുന്നു അന്നത്തെ വര്‍ദ്ധന.

പണപ്പെരുപ്പം, ഇന്ധനവില വര്‍ദ്ധന, പൊതുസാമ്പത്തികാവസ്ഥ എന്നിവയാണ് പുതിയ വര്‍ദ്ധനവിലേയ്ക്ക് നയിച്ചിരിക്കുന്നത്. ഡബ്ലിനിലും, പരിസപ്രദേശങ്ങളിലും പൊതുഗതാഗതസംവിധാനങ്ങള്‍ അധികമായി ലഭ്യമാകാന്‍ തുടങ്ങിയതും നിരക്ക് വര്‍ദ്ധന എന്ന നിര്‍ദ്ദേശം മുന്നോട്ടുവയ്ക്കാന്‍ കാരണമായിരിക്കുകയാണ്.

അതേസമയം രാജ്യത്ത് പൊതുവില്‍ ടാക്‌സി വിളിക്കുന്നവരുടെ എണ്ണം കുറഞ്ഞിട്ടുണ്ടെന്നാണ് NTA-യുടെ പുതിയ സര്‍വേയില്‍ വ്യക്തമായിട്ടുള്ളത്. 83 ശതമാനത്തില്‍ നിന്നും 81 ശതമാനം ആയാണ് ടാക്‌സി ഉപയോക്താക്കളുടെ എണ്ണം കുറഞ്ഞത്. 43% പേര്‍ തങ്ങള്‍ ടാക്‌സി ഉപയോഗിക്കുന്നത് കുറച്ചുവെന്ന് പറഞ്ഞപ്പോള്‍ 9% പേര്‍ മാത്രമാണ് തങ്ങള്‍ മുമ്പുള്ളതിനെക്കാള്‍ കൂടുതലായി ടാക്‌സി ഉപയോഗിക്കാന്‍ തുടങ്ങിയിട്ടുള്ളതായി പ്രതികരിച്ചത്. ജീവിതച്ചെലവ് വര്‍ദ്ധിച്ചതാണ് ടാക്‌സി ഉപയോഗത്തിലെ കുറവിന് കാരണമായതെന്നും സര്‍വേയില്‍ വ്യക്തമായി.

വെള്ളി, ശനി ദിവസങ്ങളിലാണ് രാജ്യത്ത് ടാക്‌സികള്‍ക്ക് ഏറ്റവുമധികം ഡിമാന്‍ഡ്. ഡ്രൈവര്‍മാരുടെ ആകെ വരുമാനത്തിന്റെ 50 ശതമാനത്തിലധികവും ലഭിക്കുന്നത് ഈ ദിവസങ്ങളിലാണ്.

ഏറ്റവും അവസാനമായി ലഭ്യമായ ഈ വര്‍ഷം ഫെബ്രുവരിയിലെ കണക്ക് പ്രകാരം രാജ്യത്ത് 16,526 ടാക്‌സികളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 2022 ഫെബ്രുവരിയിലെ കണക്കിനെക്കാള്‍ 2% അധികമാണെങ്കിലും കോവിഡിന് മുമ്പുള്ളതിനെക്കാള്‍ 7% കുറവുമാണിത്.

Share this news

Leave a Reply