അയർലണ്ടിൽ വീടുകളുടെ ആസ്കിങ് പ്രൈസ് കുത്തനെ ഉയർന്നു; കാരണം തൊഴിൽനിരക്ക് വർദ്ധനയും, മോർട്ട്ഗേജ് നിയമത്തിലെ ഇളവുകളും

അയര്‍ലണ്ടില്‍ വീടുകളുടെ ആസ്‌കിങ് പ്രൈസ് (വിലപേശലിന് മുമ്പായി വീട് വില്‍ക്കുന്നയാള്‍ ആദ്യം ആവശ്യപ്പെടുന്ന തുക) 7.3% വര്‍ദ്ധിച്ചു. ഈ വര്‍ഷം രണ്ടാം പാദത്തിലെ (ഏപ്രില്‍,മെയ്,ജൂണ്‍) വിപണി അടിസ്ഥാനമാക്കി MyHome.ie പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് മൂന്ന് മാസത്തിനിടെ ആസ്‌കിങ് പ്രൈസ് കുത്തനെ ഉയര്‍ന്നതായി വ്യക്തമാക്കിയിട്ടുള്ളത്. മാത്രമല്ല രണ്ടാം പാദത്തില്‍ രണ്ട് വര്‍ഷത്തിനിടെയുള്ള ഏറ്റവും വലിയ വര്‍ദ്ധനയുമാണിത്.

രാജ്യത്തെ വീടുകളുടെ ശരാശരി വില 365,000 യൂറോ ആയും ഉയര്‍ന്നിട്ടുണ്ട്. 2024-ലെ ആദ്യ പാദത്തെക്കാള്‍ 5.1% ആണ് വില വര്‍ദ്ധിച്ചത്.

ഡബ്ലിനില്‍ ആസ്‌കിങ് പ്രൈസ് 7.2% ആണ് ഈ വര്‍ഷം ഉയര്‍ന്നത്. ഭവനവില ശരാശരി 465,000 യൂറോയിലുമെത്തി. രണ്ടാം പാദത്തിലെ ആസ്‌കിങ് പ്രൈസ് വര്‍ദ്ധന 3.3% ആണ്. ഡബ്ലിന് പുറത്ത് ആസ്‌കിങ് പ്രൈസ് ഒന്നാം പാദത്തെ അപേക്ഷിച്ച് രണ്ടാം പാദത്തില്‍ 6.7% വര്‍ദ്ധിച്ചു.

ത്രീ ബെഡ് സെമി ഡിറ്റാച്ച്ഡ് വീടുകളുടെ കാര്യമെടുത്താല്‍ ആസ്‌കിങ് പ്രൈസ് ഒരു വര്‍ഷത്തിനിടെ ഏറ്റവുമധികം വര്‍ദ്ധിച്ചത് കില്‍ഡെയറിലാണ്- 14.3%. വെസ്റ്റ്മീത്ത് (11.9%), റോസ്‌കോമണ്‍ (10.8%), ലിമറിക്ക് (10.6%) എന്നിവയാണ് തൊട്ടുപിന്നാലെ.

ആസ്‌കിങ് പ്രൈസ് കുത്തനെ ഉയരാന്‍ കാരണം രാജ്യത്ത് തൊഴിലില്ലായ്മ കുറഞ്ഞതും, മോര്‍ട്ട്‌ഗേജ് നിയമങ്ങള്‍ അയവ് ചെയ്തതുമാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2024 ആദ്യ പാദത്തിലെ കണക്കെടുത്താല്‍ രാജ്യത്തെ ജനങ്ങളുടെ ശരാശരി വരുമാനം 50,300 യൂറോ ആണെന്നും, ഒരു വര്‍ഷത്തിനിടെ വരുമാനത്തില്‍ 4.7% വര്‍ദ്ധന സംഭവിച്ചുവെന്നും റിപ്പോര്‍ട്ട് പറയുന്നു. ഏപ്രില്‍ വരെയുള്ള ഒരു വര്‍ഷത്തിനിടെയുള്ള മോര്‍ട്ട്‌ഗേജ് അപ്രൂവല്‍ നിരക്ക് 4.6 ശതമാനവും വര്‍ദ്ധിച്ചു.

Share this news

Leave a Reply

%d bloggers like this: