അയര്‍ലണ്ടില്‍ മികച്ച ജോലി പരിചയസമ്പത്തുള്ളവര്‍ക്ക്, ജോലി നഷ്ടപ്പെട്ടാല്‍ സര്‍ക്കാര്‍ ധനസഹായം ലഭിക്കുന്ന പുതിയ പദ്ധതിയുടെ ബില്‍ പാര്‍ലമെന്റില്‍ പാസായി. പാര്‍ലമെന്റിന്റെ ഇരുസഭകളും The Social Welfare (Miscellaneous Provisions) Bill 2024 പാസാക്കിയതോടെ ഇനി പ്രസിഡന്റ് കൂടി ഒപ്പുവച്ചാല്‍ ഇത് നിയമമാകും.
പൂര്‍ണ്ണമായും ജോലി നഷ്ടം സംഭവിക്കുന്നവര്‍ക്ക് പ്രത്യേക സാമ്പത്തിക സഹായം നല്‍കുകയാണ് പദ്ധതി വഴി ചെയ്യുന്നത്. നിലവിലെ ജോബ് സീക്കേഴ്‌സ് ബെനഫിറ്റില്‍ നിന്നും വ്യത്യസ്തമായിരിക്കും ഇത്. ആഴ്ചയിൽ പരമാവധി 232 യൂറോയാണ് ജോബ് സീക്കേഴ്സ് അലവൻസ്.
എന്നാൽ ഒരാള്‍ക്ക് ജോലി നഷ്ടപ്പെട്ടാല്‍ അയാള്‍ 5 വര്‍ഷമെങ്കിലും പിആര്‍എസ്‌ഐ അടച്ചിട്ടുണ്ടെങ്കില്‍ ആഴ്ചയില്‍ മുന്‍ വരുമാനത്തിന്റെ 60% ധനസഹായം ലഭിക്കുന്ന തരത്തിലാണ് പുതിയ പദ്ധതി. ഇത്തരത്തില്‍ ആഴ്ചയിൽ പരമാവധി 450 യൂറോ വീതം ആദ്യ മൂന്ന് മാസങ്ങളില്‍ ലഭിക്കും. പിന്നീട് ഇത് 55% ആക്കി ആഴ്ചയിൽ പരമാവധി 375 യൂറോ വരെ അടുത്ത മൂന്ന് മാസത്തേയ്ക്ക് ലഭിക്കും. പിന്നീടുള്ള മൂന്ന് മാസം 50% നിരക്കില്‍ ആഴ്ചയിൽ 300 യൂറോ വരെയും ലഭിക്കും.
2 മുതല്‍ 5 വര്‍ഷം വരെ ജോലി ചെയ്തവരാണെങ്കില്‍ മുന്‍ വരുമാനത്തിന്റെ 50% നിരക്കില്‍ ആറ് മാസത്തേയ്ക്ക് ആഴ്ചയില്‍ 300 യൂറോ വീതം ലഭിക്കും.
ഏറെക്കാലം ജോലി ചെയ്തതിന് ശേഷം അത് നഷ്ടപ്പെട്ടയാള്‍ക്കും, ഒരിക്കലും ജോലി ചെയ്തിട്ടില്ലാത്തയാള്‍ക്കും ലഭിക്കുന്ന തൊഴില്‍രഹിത ധനസഹായം ഒരുപോലെയാണ് ഇപ്പോള്‍ ലഭിക്കുന്നത്. അത് ശരിയല്ല എന്ന തോന്നലാണ് പുതിയ ബില്‍ രൂപീകരിക്കുന്നതിലേയ്ക്ക് നയിച്ചതെന്ന് സാമൂഹികസുരക്ഷാ വകുപ്പ് മന്ത്രി ഹെതര്‍ ഹംഫ്രിസ് പറഞ്ഞു. കഠിനാധ്വാനം ചെയ്ത്, പിആര്‍എസ്‌ഐ വഴി രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് സംഭാവനകള്‍ നല്‍കിയവര്‍ക്ക് ജോലി നഷ്ടപ്പെട്ടാല്‍ അവരെ സഹായിക്കുകയാണ് നിയമത്തിന്റെ ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.