വിക്ക്ലോയിലെ ആദ്യ സ്റ്റോർ തുറന്ന് Penneys

കൗണ്ടി വിക്ക്‌ലോയില്‍ തങ്ങളുടെ ആദ്യ സ്‌റ്റോര്‍ തുറന്ന് ഫാഷന്‍ റീട്ടെയില്‍ ചെയിനായ Penneys. 4 മില്യണ്‍ യൂറോയാണ് Penneys ഈ സ്‌റ്റോറിനായി ചെലവിട്ടത്. വ്യാഴാഴ്ച നടന്ന ചടങ്ങില്‍ വ്യവസായ, തൊഴില്‍ വകുപ്പ് സഹമന്ത്രിയായ എമര്‍ ഹിഗ്ഗിന്‍സ് സ്റ്റോറിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിച്ചു. പ്രദേശത്താകമാനമുള്ള വികസനത്തിന് സ്റ്റോര്‍ കാരണമാകുമെന്ന് മന്ത്രി ഹിഗ്ഗിന്‍സ് പറഞ്ഞു.

Bray Central-ല്‍ സ്ഥിതി ചെയ്യുന്ന സ്‌റ്റോറിന്റെ വിസ്താരം 19,600 ചതുരശ്ര അടിയാണ്. വിശാലമായ ഒറ്റ ഫ്‌ളോറില്‍ തന്നെ എല്ലാ കലക്ഷനും ഒരുക്കിയിട്ടുണ്ട്. പ്രദേശവാസികള്‍ക്ക് പുതുതായി 100 തൊഴിലവസരങ്ങള്‍ സ്റ്റോര്‍ സൃഷ്ടിക്കുമെന്ന് Penneys അധികൃതര്‍ പറഞ്ഞു.

Bray-യിലെ പുതിയ സ്റ്റോര്‍ കൂടി എത്തിയതോടെ രാജ്യത്തെ Penneys സ്‌റ്റോറുകള്‍ 38 ആയി ഉയര്‍ന്നു. 55 വര്‍ഷം മുമ്പ് ഡബ്ലിനിലെ Mary Street-ലാണ് Penneys തങ്ങളുടെ ആദ്യ സ്‌റ്റോര്‍ തുറന്നത്. നിലവില്‍ രാജ്യത്തെ 21 കൗണ്ടികളില്‍ Penneys-ന് സ്‌റ്റോറുകളുണ്ട്. അന്തര്‍ദ്ദേശീയതലത്തില്‍ Primark എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന Penneys-ന് യൂറോപ്പ്, യുഎസ്എ എന്നിവിടങ്ങളിലും ബിസിനസുകളുണ്ട്.

Share this news

Leave a Reply