വടക്കന്‍ ഡബ്ലിനിലെ Coolock-ല്‍ അഭയാര്‍ത്ഥികളെ താമസിപ്പിക്കാനുദ്ദേശിക്കുന്ന കെട്ടിടത്തില്‍ വീണ്ടും തീപിടിത്തം. മുമ്പ് ക്രൗണ്‍ പെയിന്റ്‌സ് വെയര്‍ഹൗസ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിന് മുന്നില്‍ കഴിഞ്ഞയാഴ്ച വലിയ രീതിയിലുള്ള പ്രക്ഷോഭം നടക്കുകയും, കെട്ടിടത്തിലെ പണികള്‍ക്കായി വന്ന ഡിഗ്ഗറിന് തീവെയ്ക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷം ഇത് അഞ്ചാം തവണയാണ് കെട്ടിടത്തിന് തീവെപ്പുണ്ടായിരിക്കുന്നത്. ഞായറാഴ്ച വൈകിട്ട് കെട്ടിടത്തിന് സമീപത്തുള്ള ജെസിബി, കിടക്കകള്‍ എന്നിവ ലക്ഷ്യമിട്ടായിരുന്നു അവസാനമുണ്ടായ തീവെപ്പ്.
ഇന്റര്‍നാഷണല്‍ പ്രൊട്ടക്ഷന്‍ അപേക്ഷ നല്‍കിയ 500 അഭയാര്‍ത്ഥികളെയാണ് ഇവിടെ താമസിപ്പിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. എന്നാല്‍ അത് പാടില്ല എന്നാവശ്യപ്പെട്ട് നൂറുകണക്കിന് പ്രക്ഷോഭകര്‍ ഏതാനും മാസങ്ങളായി പ്രതിഷേധം നടത്തിവരികയാണ്.
ഇന്നലെയുണ്ടായ തീവെപ്പിനെത്തുടര്‍ന്ന് ഡബ്ലിന്‍ ഫയര്‍ ബ്രിഗേഡ് എത്തിയാണ് തീയണച്ചത്. ഈ സമയം Malahide Road അടച്ചിടുകയും ചെയ്തു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്നും, അന്വേഷണം നടത്തിവരികയാണെന്നും ഗാര്‍ഡ അറിയിച്ചു.
നേരത്തെ ഇവിടെയുണ്ടായ പ്രതിഷേധങ്ങളില്‍ നാട്ടുകാരും, ഗാര്‍ഡയും ഏറ്റുമുട്ടുകയും, മൂന്ന് ഗാര്‍ഡ അംഗങ്ങള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.