ഏഴ് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ 13 വര്‍ഷം ജയില്‍ശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഡബ്ലിനിലെ ടാക്‌സി ഡ്രൈവര്‍ക്ക്, വേറെ രണ്ട് സ്ത്രീകളെ കൂടി പീഡിപ്പിച്ച കുറ്റത്തിന് 17 വര്‍ഷം അധിക തടവ്. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച Raymond Shorten എന്ന 50-കാരന് തിങ്കളാഴ്ചയായിരുന്നു കോടതി 13 വര്‍ഷം തടവ് ശിക്ഷ വിധിച്ചത്. പീഡനത്തിന് പുറമെ ഇയാള്‍ കുട്ടിക്ക് നേരെ ലൈംഗികാതിക്രമവും നടത്തിയിരുന്നു. 2012-ലായിരുന്നു കേസിനാസ്പദമായ സംഭവം.
ഈ കേസിന് പുറമെയാണ് 2022 ജൂണില്‍ 19-കാരിയെയും, 2022 ഓഗസ്റ്റില്‍ 20-കാരിയെയും പീഡിപ്പിച്ച കേസുകളില്‍ കോടതി ഇന്ന് ഇയാള്‍ക്ക് 17 വര്‍ഷം കൂടി തടവ് വിധിച്ചത്. ഇതോടെ ഇയാള്‍ 30 വര്‍ഷം ജയിലില്‍ കഴിയണം. Clondalkin-ലെ Melrose Crescent സ്വദേശിയാണ് ടാക്‌സ് ഡ്രൈവറായ Shorten.
തന്റെ ചെയ്തികളില്‍ യാതൊരു പശ്ചാത്തപവും പ്രതി പ്രകടിപ്പിച്ചില്ലെന്ന് വിധി പ്രസ്താവിക്കവെ കോടതി നിരീക്ഷിച്ചു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് ശേഷവും ഇയാള്‍ പീഡനം ആവര്‍ത്തിക്കുകയായിരുന്നു. 2022 ഓഗസ്റ്റ് മുതല്‍ ഇയാള്‍ കസ്റ്റഡിയിലാണ്.






