രാജ്യത്തെ VAT (Value Added Tax) വര്‍ദ്ധന കാരണം ഒരു വര്‍ഷത്തിനിടെ 577 റസ്റ്ററന്റുകളും, കഫേകളും അടച്ചുപൂട്ടേണ്ടിവന്നതായി Restaurants Association of Ireland (RAI). VAT 9 ശതമാനത്തില്‍ നിന്നും 13.5 ശതമാനമായി വര്‍ദ്ധിപ്പിച്ചത് കാരണമാണ് സ്ഥാപനങ്ങള്‍ കൂട്ടത്തോടെ പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടി വന്നതെന്നും സംഘടന പറയുന്നു. കഴിഞ്ഞ 12 വര്‍ഷത്തില്‍ 10 വര്‍ഷവും VAT 9% ആയാണ് നിലനിന്നിരുന്നത്.
ഊര്‍ജ്ജം, ഭക്ഷ്യവസ്തുക്കള്‍ എന്നിവയുടെ വില കുത്തനെ ഉയര്‍ന്നതോടെ കഴിഞ്ഞ 11 മാസമായി രാജ്യത്തെ ഭക്ഷ്യവിതരണ സ്ഥാപനങ്ങള്‍ കടുത്ത പ്രതിസന്ധി അനുഭവിച്ചുവരികയാണെന്ന് സംഘടന പറഞ്ഞു. VAT പഴയ രീതിയിലായിരുന്നെങ്കില്‍ അടച്ചുപൂട്ടലുകള്‍ മുഴുവനായി അല്ലെങ്കിലും, വലിയൊരു പരിധി വരെ തടയാന്‍ സാധിക്കുമായിരുന്നുവെന്നും RAI കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ മാസം മാത്രം 45 സ്ഥാപനങ്ങള്‍ പൂട്ടി.
ഏറ്റവുമധികം സ്ഥാപനങ്ങള്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചത് ഇക്കഴിഞ്ഞ ജനുവരിയിലാണ്- 101 എണ്ണം. ഡിസംബറില്‍ 73 എണ്ണവും, പെബ്രുവരിയില്‍ 71 എണ്ണവും സാമ്പത്തികബാധ്യത കാരണം പൂട്ടി.
ഒക്ടോബറില്‍ അവതരിപ്പിക്കാനിരിക്കുന്ന ബജറ്റില്‍ VAT 9% ആയി പുനഃസ്ഥാപിച്ചില്ലെങ്കില്‍ തങ്ങള്‍ക്ക് കച്ചവടം അവസാനിപ്പിക്കേണ്ടിവരുമെന്ന് RAI അംഗങ്ങളായ 212 സ്ഥാപനങ്ങളില്‍ 74% പേരും പ്രതികരിച്ചതായി സംഘടന പറയുന്നു.