ഈയിടെയായി വഷളായ നയതന്ത്രബന്ധം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായി അയര്‍ലണ്ട് സന്ദര്‍ശനം നടത്തിയ യുകെ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍, പ്രധാനമന്ത്രി സൈമണ്‍ ഹാരിസുമായി ഉഭയകക്ഷി ചര്‍ച്ച നടത്തി. യുകെ പ്രധാമന്ത്രിയായ ശേഷം സ്റ്റാര്‍മര്‍ നടത്തിയ ആദ്യ അയര്‍ലണ്ട് സന്ദര്‍ശനത്തില്‍, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ക്കായിരുന്നു ഊന്നല്‍. ഒരു യുകെ പ്രധാനമന്ത്രി അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം അയര്‍ലണ്ടിലെത്തുന്നു എന്നതും, പ്രധാനമന്ത്രി പദത്തിലെത്തിയ ശേഷം സ്റ്റാര്‍മര്‍ സന്ദര്‍ശിക്കുന്ന ആദ്യ അന്താരാഷ്ട്ര നേതാവാണ് ഹാരിസ് എന്നതും ഇന്നലെ നടന്ന സന്ദര്‍ശനത്തിന്റെ പ്രത്യേകതകളായിരുന്നു. ഇക്കഴിഞ്ഞ ജൂലൈ 4-നാണ് ലേബര്‍ പാര്‍ട്ടി യുകെയില്‍ അധികാരത്തിലെത്തിയത്.
യുകെയും അയര്‍ലണ്ടും തമ്മിലുള്ള ബന്ധം പുനഃസ്ഥാപിക്കാന്‍ തങ്ങള്‍ തീരുമാനിച്ചുവെന്നും, അതിനാല്‍ ഇതൊരു പ്രധാനപ്പെട്ട ദിവസമാണെന്നും സ്റ്റാര്‍മര്‍ പറഞ്ഞു. 2025 മാര്‍ച്ചില്‍ നടക്കുന്ന ഉച്ചകോടിയിലും, അതിന് ശേഷം നടത്തുന്ന വാര്‍ഷിക ഉച്ചകോടികളിലും ഇതിന്റെ ഫലം കാണിക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇരു രാജ്യങ്ങളുടെയും പുതിയ നേതാക്കള്‍ എന്ന നിലയില്‍ നാമിരുവരും ബ്രിട്ടിഷ്-ഐറിഷ് ബന്ധത്തിന് പുതിയ തലം സൃഷ്ടിക്കാന്‍ വളരെയേറെ ആഗ്രഹിക്കുന്നുവെന്നും, സ്റ്റാര്‍മര്‍ പ്രധാനമന്ത്രിയായ ശേഷം അതിനായി പരിശ്രമിച്ച സമയത്തിന് നന്ദി പറയുന്നുവെന്നും ഹാരിസ് സ്റ്റാര്‍മറിനോട് പറഞ്ഞു.
2016ല്‍ യുകെ യൂറോപ്യന്‍ യൂണിയനില്‍ നിന്നും പിന്‍വാങ്ങിയതും, അതുവഴി വടക്കന്‍ അയര്‍ലണ്ട് അതിര്‍ത്തികളിലുണ്ടായ മാറ്റങ്ങളുമാണ് യുകെ-അയര്‍ലണ്ട് ബന്ധത്തില്‍ ആദ്യം വിള്ളല്‍ വീഴ്ത്തിയത്. ഇതിന് ശേഷം ഏറ്റവും പുതിയതായി യുകെയുടെ റുവാന്‍ഡ പദ്ധതിയും, വടക്കന്‍ അയര്‍ലണ്ട് വഴി അനധികൃത കുടിയേറ്റക്കാര്‍ അയര്‍ലണ്ടിലെത്തുന്നതായുള്ള ആരോപണവും ബന്ധം കൂടുതല്‍ വഷളാക്കുകയും ചെയ്തു.
അതേസമയം യുകെ യൂറോപ്യന്‍ യൂണിയനിലേയ്ക്ക് തിരികെ പോകാന്‍ തന്റെ ഭരണത്തില്‍ ശ്രമിക്കില്ലെന്നും, പക്ഷേ അയര്‍ലണ്ട് അടക്കമുള്ള യൂറോപ്യന്‍ യൂണിയനുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ലഭിച്ച അവസരമാണിത് എന്നും സ്റ്റാര്‍മര്‍ വ്യക്തമാക്കി. സുരക്ഷ, പ്രതിരോധം, വ്യാപാരം എന്നിവയിലെല്ലാം ഇയുവുമായി അടുത്ത ബന്ധം പുലര്‍ത്താന്‍ യുകെ ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അയര്‍ലണ്ടും യുകെയുമായി 120 ബില്യണ്‍ യൂറോയുടെ സാമ്പത്തിക കരാറില്‍ ഏര്‍പ്പെടാനും, ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ചര്‍ച്ചയില്‍ ധാരണയായിട്ടുണ്ട്. ഉക്രെയിന്‍, ഗാസ മുതലായ അടിയന്ത്ര അന്താരാഷ്ട്ര പ്രശ്‌നങ്ങളും ചര്‍ച്ചാ വിഷയങ്ങളായി. സുരക്ഷ, നീതി, ആഗോളപ്രശ്‌നങ്ങള്‍, കാലാവസ്ഥ, ഊര്‍ജ്ജം, സാങ്കേതികവിദ്യ എന്നിവയ്ക്ക് പുറമെ, വളര്‍ച്ച, വ്യാപാരം, നിക്ഷേപം, സംസ്‌കാരം, വിദ്യാഭ്യാസം, ഇരു രാജ്യങ്ങളിലെയും ആളുകള്‍ തമ്മിലുള്ള ബന്ധം എന്നിവയിലും കൂട്ടായ ഇടപെടല്‍ നടത്താനും ധാരണയായി. മാര്‍ച്ചിലെ ഉച്ചകോടിക്ക് മുമ്പായി മേല്‍പറഞ്ഞ രംഗങ്ങളിലെല്ലാം കാര്യമായ മാറ്റങ്ങള്‍ സൃഷ്ടിക്കുമെന്ന് ഇരു രാജ്യങ്ങളിലും ധാരണയിലെത്തിയതായി പ്രധാനമന്ത്രി ഹാരിസ് പ്രസ്താവനയില്‍ അറിയിച്ചു.