അയര്‍ലണ്ടില്‍ ഒരിടവേളയ്ക്ക് ശേഷം വീണ്ടും പുത്തന്‍ ബാങ്കിങ് തട്ടിപ്പുമായി വിരുതന്മാര്‍ രംഗത്ത്. ബാങ്കില്‍ നിന്നെന്ന പേരില്‍ മെസേജുകള്‍ അയയ്ക്കുന്ന തട്ടിപ്പ് പെരുകുകയാണെന്നും, ഇതിനെതിരെ ഉപഭോക്താക്കള്‍ കരുതിയിരിക്കണമെന്നും AIB മുന്നറിയിപ്പ് നല്‍കി.
ബാങ്കില്‍ നിന്നെന്ന പേരില്‍ വരുന്ന മെസേജുകള്‍ വ്യാജമാണോ എന്ന് തിരിച്ചറിയാനുള്ള വഴിയും AIB വിശദീകരിക്കുന്നുണ്ട്. ബാങ്ക് അയയ്ക്കുന്ന മെസേജുകളില്‍ ഏതെങ്കിലും വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്യാനോ, ഏതെങ്കിലും നമ്പറിലേയ്ക്ക് വിളിക്കാനോ ഒരിക്കലും ആവശ്യപ്പെടില്ല. അത്തരത്തില്‍ പറയുന്ന മെസേജുകളെല്ലാം വ്യാജമാണ്.
ബാങ്കിന്റെ മെസേജ് ത്രെഡ് വഴി തന്നെയാണ് തട്ടിപ്പുകാര്‍ ഇത്തരം മെസേജുകള്‍അയയ്ക്കുന്നത്. ഇത്തരത്തില്‍ മെസേജുകളോ കോളുകളോ ലഭിച്ചാല്‍ ബാങ്കിലെ ലോഗിന്‍ വിവരങ്ങള്‍, പാസ്‌കോഡുകള്‍, വണ്‍ ടൈം പാസ്‌വേര്‍ഡ്, പിന്‍ എന്നിവയൊന്നും നല്‍കരുതെന്ന് AIB പ്രത്യേകം പറയുന്നു. അഥവാ തട്ടിപ്പിന് ഇരയായെന്ന് ബോധ്യപ്പെട്ടാല്‍ മടിച്ച് നില്‍ക്കാതെ ഉടന്‍ ബാങ്കുമായും, ഗാര്‍ഡയുമായും ബന്ധപ്പെടുക.