ആഷ്‌ലി കൊടുങ്കാറ്റ് അയർലണ്ടിലേക്ക്; രാജ്യമെങ്ങും ജാഗ്രത, കൗണ്ടികൾക്ക് ഓറഞ്ച്, യെല്ലോ വാണിങ്ങുകൾ

ആഷ്‌ലി കൊടുങ്കാറ്റ് (Storm Ashley) വീശിയടിക്കുന്നത് പ്രമാണിച്ച് ഞായറാഴ്ച അര്‍ലണ്ടിലെ ഗോള്‍വേ, മയോ എന്നീ കൗണ്ടികളില്‍ ഓറഞ്ച് വിന്‍ഡ് വാണിങ്ങും, മറ്റെല്ലാ കൗണ്ടികളിലും യെല്ലോ വിന്‍ഡ് വാണിങ്ങും നല്‍കി കാലാവസ്ഥാ വകുപ്പ്. ഞായറാഴ്ച ഉച്ച മുതല്‍ രാത്രി 9 മണി വരെയാണ് മുന്നറിയിപ്പ് നിലനില്‍ക്കുക.

അതിശക്തമായ കാറ്റിനെത്തുടര്‍ന്ന് ഗോള്‍വേ, മയോ എന്നിവിടങ്ങളില്‍ തീരദേശപ്രളയത്തിന് സാധ്യതയുണ്ട്. അപകടകരമായ ഉയരത്തില്‍ തിരമാലകള്‍ ഉയരുക, കാറ്റില്‍ സാധനങ്ങള്‍ പറന്നുപോകുക, മരങ്ങള്‍ കടപുഴകി വീഴുക എന്നിവയ്ക്ക് സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ അതീവജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. പലയിടത്തും വൈദ്യുതിവിതരണം തടസ്സപ്പെടുകയും, യാത്ര ദുഷ്‌കരമാകുകയും ചെയ്യും.

മറ്റ് കൗണ്ടികളിലും വെള്ളപ്പൊക്കത്തിനും, മരം കടപുഴകി വീഴാനും സാധ്യതയുണ്ട്. കാറ്റില്‍ വസ്തുക്കള്‍ പാറിവന്നും അപകടമുണ്ടാകാം. ഡ്രൈവിങ്ങും ദുഷ്‌കരമാകും.

ആഷ്‌ലി കൊടുങ്കാറ്റിനൊപ്പം ശനിയാഴ്ച രാത്രി രാജ്യത്ത് ശക്തമായ മഴയും എത്തും. കൊടുങ്കാറ്റും മഴയും ഞായറാഴ്ചയിലുടനീളം തുടരും. പടിഞ്ഞാറന്‍ പ്രദേശങ്ങളെയാണ് മഴ കാര്യമായും ബാധിക്കുക. മഴയ്‌ക്കൊപ്പം ഇടിമിന്നലും പ്രതീക്ഷിക്കാം.

Share this news

Leave a Reply