ആഷ്‌ലി കൊടുങ്കാറ്റ് തീരം തൊടാൻ മണിക്കൂറുകൾ മാത്രം; ഡ്രൈവർമാർക്ക് മുന്നറിയിപ്പുമായി അധികൃതർ

അയര്‍ലണ്ടില്‍ ആഷ്‌ലി കൊടുങ്കാറ്റ് വീശിയടിക്കുന്ന സാഹചര്യത്തില്‍ ഡ്രൈവര്‍മാര്‍ക്ക് ജാഗ്രതാ മുന്നറിയിപ്പുമായി റോഡ് സേഫ്റ്റി അതോറിറ്റി (RSA). ശനിയാഴ്ച രാത്രിയോടെ അയര്‍ലണ്ടിലെത്തുന്ന കാറ്റിനൊപ്പം ശക്തമായ മഴയും പ്രതീക്ഷിക്കുന്നുണ്ട്. ഞായറാഴ്ച ഉച്ചയ്ക്ക് 12 മണി മുതല്‍ രാത്രി 9 വരെ ഗോള്‍വേ, മയോ എന്നീ കൗണ്ടികളില്‍ ഓറഞ്ച് വാണിങ്ങും, രാവിലെ 10 മണി മുതല്‍ രാത്രി 12 വരെ രാജ്യമെമ്പാടും യെല്ലോ വിന്‍ഡ് വാണിങ്ങും നല്‍കിയിട്ടുമുണ്ട്.

റോഡില്‍ മരങ്ങള്‍ മറിഞ്ഞുവീഴുക, കാറ്റില്‍ വസ്തുക്കള്‍ പറന്നുവരിക, വെള്ളപ്പൊക്കം, കാഴ്ച മറയല്‍ എന്നിവയെല്ലാം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ റോഡിലൂടെ യാത്ര ചെയ്യുന്നവര്‍ അതീവജാഗ്രത പാലിക്കണമെന്നാണ് RSA മുന്നറിയിപ്പ്. വൈദ്യുതക്കമ്പി പൊട്ടിവീണും അപകടമുണ്ടാകാം.

ഡ്രൈവര്‍മാര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍:

  • റോഡില്‍ വെള്ളം കെട്ടിനില്‍ക്കുന്നതിനാല്‍ വാഹനങ്ങള്‍ വേഗത കുറച്ച് പോകണം. മുമ്പിലെ വാഹനത്തില്‍ നിന്നും നല്ല അകലം പാലിക്കുക. ബ്രേക്ക് നന്നായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.
  • ഗുഡ്‌സ് വാഹനങ്ങള്‍ക്ക് പിന്നാലെ പോകുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കുക. അവ റോഡിലെ വെള്ളം കൂടുതലായി തെറിപ്പിക്കുന്നതിനാല്‍ കാഴ്ച മറയും.
  • റോഡില്‍ വെള്ളക്കെട്ട് കണ്ടാല്‍ വേറെ റൂട്ട് തിരഞ്ഞെടുക്കുക. വെള്ളക്കെട്ടിലൂടെ വാഹനമോടിച്ചാല്‍ വാഹനം കുഴിയില്‍ താഴ്ന്നുപോയേക്കാം. വിചാരിക്കുന്നതിലും വലിയ കുഴി വെള്ളക്കെട്ടില്‍ രൂപപ്പെട്ടിരിക്കാം. വെള്ളക്കെട്ടിനുള്ളില്‍ മരക്കൊമ്പോ മറ്റോ വീണുകിടക്കാനും സാധ്യതയുണ്ട്.
  • യാത്ര പുറപ്പെടും മുമ്പ് റോഡില്‍ പ്രശ്‌നങ്ങളുണ്ടോ എന്ന് പരിശോധിക്കുക. ഗാര്‍ഡയും, ലോക്കല്‍ കൗണ്‍സിലും നല്‍കിയിരിക്കുന്ന മുന്നറിയിപ്പുകള്‍ അവഗണിക്കരുത്.
  • വാഹനത്തിന്റെ ഡിം ലൈറ്റ് എപ്പോഴും ഓണ്‍ ചെയ്ത് ഇടുക.
  • ഡ്രൈവിങ്ങിനിടെ റോഡില്‍ കാറ്റില്‍പ്പെട്ട വസ്തുക്കള്‍ പറന്നുവന്ന് വീഴാന്‍ സാധ്യതയുണ്ട്. അക്കാര്യം ഓര്‍ക്കുക.
  • റോഡരികിലെ മരങ്ങള്‍ കടപുഴകി വീഴാന്‍ സാധ്യതയുണ്ടെന്നും ഓര്‍ക്കുക.
  • വാഹനത്തിലും കാറ്റുപിടിച്ച് അപകടമുണ്ടായേക്കാം.
  • റോഡിലെ കാല്‍നടയാത്രക്കാര്‍, സൈക്കിള്‍ യാത്രക്കാര്‍ എന്നിവര്‍ക്ക് പ്രത്യേക പരിഗണന കൊടുക്കുക.
  • മുന്നറിയിപ്പ് നിലനില്‍ക്കുന്ന സമയങ്ങളില്‍ അത്യാവശ്യമാണെങ്കില്‍ മാത്രം പുറത്തിറങ്ങുക.
Share this news

Leave a Reply

%d bloggers like this: