ക്രിസ്മസ് സീസണിന് മുന്നോടിയായി അയര്‍ലണ്ടില്‍ കഠിനമായ ശൈത്യമെത്തുന്നു. തിങ്കളാഴ്ച മുതല്‍ രാജ്യത്ത് തണുപ്പ് വര്‍ദ്ധിക്കുകയും, ഐസ് രൂപപ്പെടുകയും, മഞ്ഞുവീഴ്ച ഉണ്ടാകുകയും ചെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണവകുപ്പ് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. ഈ കാലാവവസ്ഥ ആഴ്ചയിലുടനീളം തുടരുമെന്നാണ് കരുതുന്നത്.
നവംബര്‍ മാസത്തിന്റെ തുടക്കത്തില്‍ താപനില വളരെയേറെ കുറയുന്നത് സാധാരണ കാര്യമല്ലെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു. വടക്ക്, പടിഞ്ഞാറിലെ ചില പ്രദേശങ്ങള്‍ എന്നിവയെയാണ് തണുപ്പ് കാര്യമായും ബാധിക്കുക.
തിങ്കളാഴ്ച മഞ്ഞിനൊപ്പം പടിഞ്ഞാറന്‍, വടക്കന്‍ പ്രദേശങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. Ulster-ലെ ചില പ്രദേശങ്ങളില്‍ ഐസ് രൂപപ്പെടുകയും, മഞ്ഞുറയുകയും ചെയ്‌തേക്കാം.
വടക്ക് നിന്നുമെത്തുന്ന ആര്‍ട്ടിക് എയര്‍മാസ് ആണ് രാജ്യത്തെ കാലാവസ്ഥ ഈ നിലയിലേയ്ക്ക് എത്തിക്കാന്‍ കാരണമെന്നും കാലാവസ്ഥാ വകുപ്പ് പറയുന്നു. പകല്‍ 2 മുതല്‍ 6 ഡിഗ്രി സെല്‍ഷ്യസ് വരെയാകും പരമാവധി താപനില. രാത്രിയില്‍ താപനില പൂജ്യം ഡിഗ്രിയിലും കുറയും.
മഞ്ഞ് കാരണം റോഡില്‍ കാഴ്ച കുറയുമെന്നും, ഡ്രൈവര്‍മാര്‍ അതീവജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. വാഹനങ്ങളുടെ ടയറുകള്‍ക്ക് മതിയായ ഗ്രിപ്പ് ഉണ്ടെന്നും, ബ്രേക്ക് ശരിയായി പ്രവര്‍ത്തിക്കുന്നുവെന്നും ഉറപ്പ് വരുത്തുന്നതിനൊപ്പം, ഫോഗ് ലാംപ് ഓണ്‍ ആക്കാനും മറക്കരുത്.
അടുത്ത വെള്ളിയാഴ്ച വരെ ഈ കാലാവസ്ഥ തുടരുമെന്ന് പറഞ്ഞ കാലാവസ്ഥാ വകുപ്പ്, പിന്നീടുള്ള ദിവസങ്ങളിലെ കാര്യങ്ങളില്‍ അനിശ്ചിതാവസ്ഥയുണ്ടെന്നും അറിയിച്ചു.