അയർലണ്ടിൽ ഇന്ന് പൊതുതെരഞ്ഞെടുപ്പ്; പോരാട്ട രംഗത്ത് മലയാളിയായ സ്ഥാനാർത്ഥി മഞ്ജു ദേവിയും

അയർലൻഡ് പാർലമെന്റിലേക്ക് ഇന്ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ വിജയ പ്രതീക്ഷയുമായി മലയാളിയായ Fianna Fail സ്ഥാനാർത്ഥി മഞ്ജു ദേവിയും. ഇതാദ്യമായാണ് ഒരു മലയാളി അയർലണ്ടിലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.

Dublin Fingal East മണ്ഡലത്തിൽ നിന്നും മത്സരിക്കുന്ന മഞ്ജു, ഇക്കഴിഞ്ഞ അയർലൻഡ് മന്ത്രിസഭയിലെ ഭവന, തദ്ദേശ വകുപ്പ് മന്ത്രി ഡാരാ ഓ’ ബ്രീന് ഒപ്പം മണ്ഡലത്തിൽ പാർട്ടിയുടെ രണ്ടാം സ്ഥാനാർത്ഥിയാണ്. 

ഡബ്ലിൻ മാറ്റർ ആശുപത്രിയിലാണ് മഞ്ജു ജോലി ചെയ്യുന്നത്. താമസം ഫിൻഗ്ലാസ്സിൽ.

തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ആരോഗ്യപരിപാലനം, ഡിസബിലിറ്റി  സേവനങ്ങൾ, കായിക രംഗം എന്നിവയ്ക്ക് പ്രാധാന്യം നൽകുമെന്നും  കൂടാതെ വീട്, ജീവിതച്ചെലവ് എന്നിവ സംബന്ധിച്ച ജനങ്ങളുടെ ദിവസംപ്രതി നേരിടുന്ന പ്രശ്നങ്ങളും പ്രചാരണ വിഷയമാകുമെന്ന് മഞ്ജു പറഞ്ഞു.

കോട്ടയം പാലാ സ്വദേശിയായ മഞ്ജു 2005-ലാണ് അയർലണ്ടിലേക്ക് കുടിയേറിയത്. പാലാ സെന്റ്‌ മേരീസ് സ്കൂൾ , അൽഫോൻസാ കോളേജ് എന്നിവിടങ്ങളിലെ പഠനത്തിന് ശേഷം മഞ്ജു രാജസ്ഥാനിലെ പിലാനിയിലെ ബിർളാ സ്കൂൾ ഓഫ് നഴ്സിംഗിൽ നിന്നും ഒന്നാം റാങ്കോടെയാണ് ജനറൽ  നഴ്സിംഗ് പാസായത്. അവിടെ സ്റ്റുഡന്റ് നഴ്സസ് അസോസിയേഷൻ സെക്രട്ടറി ആയിരുന്നു. തുടർന്ന് 2000 വരെ ഡൽഹിയിലെ Fortis Escorts Heart Institute -ൽ സേവനം അനുഷ്ഠിച്ചു. തുടർന്ന് അയർലണ്ടിലേക്ക് കുടിയേറുന്നത് വരെ സൗദി അറേബിയയിലെ King Faisal ആശുപത്രിൽ സേവനം അനുഷ്ഠിച്ചു.

2016 -ൽ ഡബ്ലിനിലെ RCSI -യിൽ നിന്നും നഴ്സിങ് ഡിഗ്രി നേടി. പിന്നീട് 2022 -ൽ Human Psychology -യിൽ ലെവൽ 5 കോഴ്സും പാസായി.

ഇന്ത്യയിലെ ഡൽഹി – സിംല വാർത്താ വിനിമയ ( വയർലെസ്സ് ) സംവിധാനത്തിന്റെ (1948 ) പിന്നണിയിൽ പ്രവർത്തിച്ച ഇന്ത്യൻ പട്ടാളത്തിലെ 12 അംഗങ്ങളിൽ പ്രമുഖൻ ആയിരുന്ന അന്തരിച്ച  ഹവിൽദാർ മേജർ  കെ.എം.ബി ആചാരി ആണ് മഞ്ജുവിന്റെ പിതാവ്. 1970 -ൽ പാലാ അസംബ്ലി നിയോജക മണ്ഡലത്തിൽ കെ.എം മാണി യ്ക്ക് എതിരെ സ്ഥാനാർഥി ആയിരുന്നു  കെ.എം.ബി ആചാരി.

അയർലണ്ടിലെ ഡബ്ലിൻ കൗണ്ടിയിലെ ഫിന്ഗ്ലാസിലാണ് മഞ്ജുവും ഭർത്താവ് ശ്യാമും രണ്ടു പെൺകുട്ടികളും അടങ്ങുന്ന കുടുംബം താമസിക്കുന്നത്. ശ്യാം ഫിൻഗ്ലാസ് ക്രിക്കറ്റ് ക്ലബിന്റെ അമരക്കാരനും, മകൾ ദിയ ശ്യാം അയർലൻഡ് അണ്ടർ 15 ക്രിക്കറ്റ് ടീം അംഗവുമാണ്.

Share this news

Leave a Reply