2024 ലെ അവസാന രാത്രിയില്‍, പുതുവത്സരത്തെ സ്വാഗതം ചെയ്യാനായി രാജ്യം മുഴുവൻ ആഘോഷിക്കുമ്പോൾ, ചിലർ ആശുപത്രിയില്‍ തങ്ങളുടെ 2025ലെ ആദ്യ കുഞ്ഞുങ്ങളെ സ്വാഗതം ചെയ്യാനുള്ള ആവേശത്തില്‍ ആയിരുന്നു. പുതുവത്സരത്തിൽ അയര്‍ലണ്ടില്‍ പിറന്ന ആദ്യ കുഞ്ഞുങ്ങൾ, അവരുടെ മാതാപിതാക്കള്‍ക്കും ബന്ധുകള്‍ക്കും ഇരട്ടി സന്തോഷം നല്‍കി.
ഡബ്ലിനിലെ നാഷണൽ മറ്റെർണിറ്റി ഹോസ്പിറ്റലിൽ ആണ് പുതു വര്‍ഷത്തിലെ ആദ്യ കുഞ്ഞ് പിറന്നത്. എവ് കോളി എറിക് ടയറല്‍ ദമ്പതികള്‍ക്ക് പുത്രനായി ബ്രാഡ്ലി ജനിച്ചു. 2025 ജനുവരി ഒന്നിന് അർദ്ധരാത്രിക്ക് 19 സെക്കൻഡുകൾ കഴിഞ്ഞാണ് കുഞ്ഞ് ജനിച്ചത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
കോർക്ക് സിറ്റിയിലെ ഷാനൻ ഗിബ്‌സൺ അർദ്ധരാത്രിക്ക് 20 മിനിറ്റിന് ശേഷം മകൻ റോവന് ജന്മം നല്‍കി. കോർക്ക് യൂണിവേഴ്സിറ്റി മറ്റെർണിറ്റി ഹോസ്പിറ്റലിലാണ് കുഞ്ഞ് പിറന്നത്.
സ്ലൈഗോ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ഓർനാ ബർക്കും റോണൻ കോക്സും ദമ്പതികള്‍ക്ക് രാവിലെ 3.54 നാണ് മകള്‍ പിറന്നത്. ഈ കുഞ്ഞുങ്ങളുടെയും കുടുംബങ്ങളുടെയും സന്തോഷം പുതുവത്സരത്തെ കൂടുതൽ മനോഹരമാക്കുന്നു.