ഫുട്‌ബൾ ഇതിഹാസം ലയണൽ മെസ്സിക്ക് അമേരിക്കയുടെ പരമോന്നത സിവിലിയൻ ബഹുമതി. യുഎസ് പ്രസിഡന്റ് ജോ ബൈഡനാണ് ബഹുമതി പ്രഖ്യാപിച്ചത്.
അമേരിക്കയിലെ പരമോന്നത സിവിലിയൻ ബഹുമതിയായ പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡത്തിന് 19 പേർ അർഹരായി. ലയണൽ മെസിയെ കൂടാതെ, അമേരിക്കൻ മുൻ സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റൺ, ഗായികയും ആക്ടിവിസ്റ്റുമായ ബോണോ, അഭിനേതാക്കളായ മൈക്കൽ ജെ ഫോക്‌സ്, ഡെൻസൽ വാഷിംഗ്‌ടൺ എന്നിവരും പുരസ്കാര ജേതാക്കളിൽ ഉൾപ്പെടുന്നു. സ്ഥാനമൊഴിയാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവെയാണ് ബൈഡന്റെ തീരുമാനം.
രാജ്യത്തിന്റെ അഭിവൃദ്ധി, മൂല്യങ്ങൾ അല്ലെങ്കിൽ സുരക്ഷ, ലോക സമാധാനം എന്നീ മേഖലയിൽ കാര്യമായ സംഭാവനകൾ നൽകിയ വ്യക്തികൾക്കാണ് പുരസ്കാരം നൽകുന്നതെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. വിനോദം, കായികം, രാഷ്ട്രീയം, നയതന്ത്രജ്ഞർ എന്നിങ്ങനെ വിവിധ മേഖലകളിൽ തിളങ്ങിയ പ്രതിഭകർക്കുള്ള ആദരംകൂടിയാണ് ഈ ബഹുമതി. മുൻ സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണ് പതിറ്റാണ്ടുകളായുള്ള പൊതുസേവനത്തിൻ്റെ അടിസ്ഥാനത്തിലാണ് പുരസ്‌കാരം നൽകിയത്.