കെറി തീരത്ത് €100 മില്യൺ വിലമതിക്കുന്ന വൻ മയക്കുമരുന്ന് കടത്ത് ശ്രമം പൊളിച്ച് ഗാര്‍ഡ

കെറി തീരത്തോട് ചേർന്നുള്ള സമുദ്രത്തിൽ വൻ മയക്കുമരുന്ന് കടത്ത് ശ്രമം. ഏകദേശം €100 മില്യൺ വിലമതിക്കുന്ന മരുന്നുകൾ ഒരു വലിയ കപ്പലിൽ നിന്ന് ചെറുകപ്പലിലേക്ക് മാറ്റിയ ശേഷം കടത്താൻ ശ്രമിച്ച സംഭവമാണ് ഗാർഡാ ഉദ്യോഗസ്ഥർ തടഞ്ഞത്.

റിപ്പോർട്ടുകൾ പ്രകാരം, മരുന്നുകൾ കൈമാറുന്നത് തീരത്ത് നിന്ന് വലിയ ദൂരത്തിലുള്ള സമുദ്രഭാഗത്തുവെച്ചാണ് നടന്നത്. ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച പുലർച്ചെയുമായിട്ടാണ് ഈ സംഭവമെന്നും സമഗ്ര അന്വേഷണത്തിന്റെ ഭാഗമായി  ഗാർഡാ ഉദ്യോഗസ്ഥർ സംഭവത്തിന്റെ എല്ലാ തെളിവുകളും ശേഖരിക്കുകയാണെന്നും പറഞ്ഞു.

ഈ മയക്കുമരുന്നുകൾ അയർലണ്ടിലേക്കായി കൊണ്ടുവന്നതല്ലെന്നും, ഇവ ഇപ്പോൾ അയർലണ്ടിന്റെ നിയമ പരിധിയ്ക്ക് പുറത്താണെന്നും സൂചനയുണ്ട്. ഗാർഡാ ഡ്രഗ്സ് ആൻഡ് ഓർഗനൈസ്ഡ് ക്രൈം ബ്യൂറോയും റവന്യൂ കസ്റ്റംസ് സർവീസും ചേർന്നാണ് ഈ നടപടികൾക്ക് നേതൃത്വം നൽകുന്നത്.

അഞ്ച് പുരുഷന്മാരെ കെറി, ക്ലെയർ ജില്ലകളിൽ ഗാർഡാ ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുകയാണ്. ഇവരില്‍ നാല് പേരെ തിങ്കളാഴ്ച പുലർച്ചെ 5.20ന്, റിബ് ബോട്ടിൽ കെറിയിലെ Meenogahane പിയറില്‍ തിരിച്ചെത്തിയപ്പോള്‍ ഗാർഡാ ഉദ്യോഗസ്ഥർ അറസ്റ്റു ചെയ്തു.ഇവരിൽ നിന്നു നൈറ്റ് വിഷൻ ഉപകരണങ്ങൾ, സാറ്റലൈറ്റ് നാവിഗേഷൻ ഉപകരണങ്ങൾ, എൻക്രിപ്റ്റഡ് മൊബൈൽ ഫോണുകൾ എന്നിവ പിടിച്ചെടുത്തു.

അഞ്ചാമത്തെ പ്രതിയെ ഗാർഡയും കസ്റ്റംസ് ഉദ്യോഗസ്ഥരും ബുധനാഴ്ച ഷാനൺ എസ്റ്റ്വറിയിൽ നങ്കൂരമിട്ടിരുന്ന ഒരു ചരക്കുകപ്പലിൽ റെയ്ഡിൽ അറസ്റ്റ് ചെയ്തു. കപ്പലിൽ നടത്തിയ തിരച്ചിലിൽ മയക്കുമരുന്നുകൾ കണ്ടുപിടിക്കാനായില്ലെങ്കിലും, വിശദമായ അന്വേഷണങ്ങൾ ഇപ്പോഴും തുടരുകയാണ്. ബ്രസീലിൽ നിന്നുള്ള ചരക്കുകപ്പൽ ഡിസംബർ 26, 2024-നാണ് യാത്ര തുടങ്ങിയതാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

ഗാർഡാ ഉദ്യോഗസ്ഥര്‍ വിശദമായ അന്വേഷണം തുടർന്നുവരികയാണ്. അടുത്ത ദിവസങ്ങളിൽ കൂടുതൽ നിർണായക വിവരങ്ങൾ ലഭ്യമാകും എന്നാണ് പ്രതീക്ഷ.

Share this news

Leave a Reply