ജോലിയില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാത്ത 5 ശതമാനത്തോളം ജീവനക്കാരെ കുറയ്ക്കുമെന്നു കഴിഞ്ഞ മാസം പ്രഖ്യാപിച്ചതിന് പിന്നാലെ,പിരിച്ചുവിടുന്ന നടപടി ഫെബ്രുവരി 10 മുതല്‍ ആരംഭിക്കുമെന്ന് മെറ്റ അറിയിച്ചു. ഇതുസംബന്ധിച്ച അറിയിപ്പ് ഫെബ്രുവരി 10ന് രാവിലെ അഞ്ചുമണി മുതല്‍ ജീവനക്കാര്‍ക്ക് മെയില്‍ മുഖേന ലഭ്യമാകും. പതിവിനുവിപരീതമായി ഫെബ്രുവരി 10ന് ഓഫിസ് തുറന്നുപ്രവര്‍ത്തിക്കുമെന്നും മെറ്റ അധികൃതര്‍ വ്യക്തമാക്കിയിതായാണ് റിപ്പോര്‍ട്ടുകള്‍.
പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള പിരിച്ചുവിടലുകള്‍ പ്രധാന യുഎസ് കമ്പനികള്‍ക്കിടയില്‍ ഒരു സാധാരണ രീതിയാണ്. മൈക്രോസോഫ്റ്റ് കഴിഞ്ഞ മാസം സമാനമായ വെട്ടിക്കുറവുകള്‍ പ്രഖ്യാപിച്ചിരുന്നു.
കമ്പനിയിലുള്ളത് മികച്ച ജീവനക്കാരാണ് ഉള്ളതെന്ന് ഉറപ്പുവരുത്തുന്നതിനായാണ് ഇപ്പോള്‍ നടക്കുന്ന പിരിച്ചുവിടലെന്ന് മാര്‍ക്ക് സക്കര്‍ബര്‍ഗ് പറയുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി, മെറ്റ ഇതിനകം തന്നെ നിരവധി തവണ പിരിച്ചുവിടലുകള്‍ നടത്തിയിരുന്നു. കമ്പനിയുടെ ലാഭക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന് ടീമുകളെ പുനഃക്രമീകരിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായാണ് ഈ പിരിച്ചുവിടലുകള്‍ നടത്തിയത്.
ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, നെതര്‍ലന്‍ഡ്‌സ് എന്നിവിടങ്ങളിലെ ജീവനക്കാരെ പ്രാദേശിക നിയമപ്രകാരം പിരിച്ചുവിടാന്‍ മെറ്റയ്ക്ക് സാധിക്കില്ല. ആഫ്രിക്ക, യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്ക് ഫെബ്രുവരി 11-18ന് ഇടയില്‍ പിങ്ക് സ്ലിപ് കൈമാറും.