ഡബ്ലിനിൽ നഴ്‌സ്, ടീച്ചർ, ഗാർഡ എന്നിവർക്കായി കുറഞ്ഞ നിരക്കിൽ വാടകയ്ക്ക് ഫ്ലാറ്റുകൾ ; ഇന്ന് മുതൽ അപേക്ഷിക്കാം

ഡബ്ലിനിൽ അവശ്യ സേവന മേഖലയില്‍ പ്രവർത്തിക്കുന്ന ജീവനക്കാർക്കായി കുറഞ്ഞ നിരക്കിൽ വാടകയ്ക്ക് വീടുകൾ നൽകുന്ന പുതിയ പദ്ധതിക്ക് തുടക്കമായി. ഗാർഡ, നഴ്‌സ്, ടീച്ചർ തുടങ്ങിയ പ്രൊഫഷണലുകൾക്ക് ഗുണമേന്മയുള്ള ഭവന സൗകര്യങ്ങൾ ലഭ്യമാക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

അംഗീകൃത ഹൗസിംഗ് സ്ഥാപനമായ ക്ലൂയിഡാണ് വാടകയ്ക്ക് വീടുകൾ നൽകുന്നത്. ഡോക്കിലാൻഡ്‌സിലെ ബോളാൻഡ്‌സ് മിൽസിൽ 46 അപ്പാർട്ട്മെന്റുകളാണ് ആദ്യഘട്ടത്തിൽ ഒരുക്കിയിരിക്കുന്നത്. ഡബ്ലിനിലെ നിലവിലെ വാടക നിരക്കുമായി താരതമ്യപ്പെടുത്തുമ്പോൾ 27% മുതൽ 36% വരെ ഡിസ്കൌണ്ട് ആണ് വാടകയിനത്തില്‍ ലഭിക്കുക.

ടു ബെഡ്റൂം അപ്പാർട്ടുമെന്റുകൾ €1,710, മൂന്ന് ബെഡ്റൂം €1,850, മൂന്ന് ബെഡ്റൂമുകളുള്ള വലിയ അപ്പാർട്ട്മെന്റുകൾ €2,100 എന്നിങ്ങനെയാണ് വാടക നിരക്ക്. ഈ പദ്ധതിയിലേക്ക് അപേക്ഷിക്കാനായി, ഡബ്ലിന്‍ പ്രദേശവുമായി നേരിട്ട് ബന്ധമുള്ളവരായിരിക്കണം. 1.5 കിലോമീറ്റർ പരിധിയിൽ ജനിച്ചവർ, കുറഞ്ഞത് അഞ്ച് വർഷമായി ഇവിടെ താമസിക്കുന്നവർ, അല്ലെങ്കിൽ അവരുടെ കുടുംബാംഗങ്ങൾ ഈ പ്രദേശത്ത് സ്ഥിരതാമസക്കാരായിരിക്കണം.

പബ്ലിക് സേഫ്റ്റി, ആരോഗ്യ പരിപാലനം, വിദ്യാഭ്യാസം, ഗതാഗതം, ക്രമസമാധാനം തുടങ്ങിയ മേഖലകളിൽ സേവനം നൽകുന്നവർക്കാണ് ഈ അവസരം. വാടക നിരക്ക് കുടുംബത്തിന്റെ ആകെ വരുമാനത്തിന്‍റെ 35%ല്‍ കൂടുതല്‍ ആകാന്‍ പാടില്ല എന്ന നിബന്ധനയും ഉണ്ട്.

ഡബ്ലിൻ സിറ്റി കൗൺസിലിന്റെ നേതൃത്വത്തിൽ ബിൽഡേഴ്‌സ് ഡിസ്കൗണ്ടഡ് സ്കീമിന്റെ ഭാഗമായുള്ള ഈ പദ്ധതി ഭാവിയിൽ കൂടുതൽ അപ്പാർട്ട്മെന്റുകൾക്കും സാധ്യത തുറക്കും. കുറഞ്ഞ നിരക്കിൽ വാടകയ്ക്ക് വീട് ലഭിക്കാനുള്ള ഈ അവസരത്തിന് ഇന്ന് മുതൽ അപേക്ഷിക്കാം.

Share this news

Leave a Reply

%d bloggers like this: