ഈജിപ്തിലൂടെ ഒരു സ്വപ്നയാത്ര… ( ബിനു ഉപേന്ദ്രൻ)

2025 ഫെബ്രുവരി: ഹിമപാതത്തിൽ പുതഞ്ഞു കിടക്കുന്ന ഡബ്ലിനിൽ നിന്ന് മണൽക്കാടുകളിലേക്ക് ഒരു യാത്ര…! ക്ലിയോപാട്രയുടെ നാടെന്ന് എസ്.കെ. പൊറ്റക്കാട് വിശേഷിപ്പിച്ച ഈജിപ്തിലേക്ക്… കേൾക്കുമ്പോൾത്തന്നെ മനസ്സിൽ ഒട്ടകങ്ങളും പിരമിഡുകളും മണൽക്കുന്നുകളും ഓടിവരും, അല്ലേ? എന്നാൽ ഈജിപ്ത് അതിലുമെത്രയോ മുകളിലാണ്! കേട്ടുകേൾവികൾ കൊണ്ട് കൊതിപ്പിക്കുന്ന, മാസ്മരികതകൾ നിറഞ്ഞ ഈജിപ്ത്. പിരമിഡുകളും മമ്മികളും കൊണ്ട് മാത്രം പ്രസിദ്ധമായ ദേശമല്ല ഇത്. ചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും ഒരു കലവറയാണ് ഈ നാട്—ഭൂഗോളത്തിൽ ഏറ്റവും നീളമേറിയതെന്ന് കണക്കാക്കപ്പെടുന്ന നൈൽ നദി കൊണ്ട് ജീവൻ തുടിക്കുന്ന ദേശം. ഞങ്ങളുടെ ഈ യാത്ര അസ്വാൻ ഒഴിവാക്കി, ഹുർഗദ, ബെഡൂയിൻ, അബു ദബ്ബാബ്, സക്കാറ, കെയ്റോ എന്നിവിടങ്ങളിലൂടെ ഒരാഴ്ച നീണ്ടുനിന്നു. നീലക്കടലിന്റെ തിളക്കവും, മണൽത്തിട്ടകളുടെ രഹസ്യങ്ങളും, ഫറോഹന്മാരുടെ ആരാധനാലയങ്ങളുടെ മഹത്വവും—ഈജിപ്തിലൂടെയുള്ള ഈ യാത്ര ഞങ്ങളെ കാലത്തിന്റെ മറ്റൊരു തീരത്ത് എത്തിച്ചതുപോലെ! വിമാനത്തിൽ നിന്ന് ഇറങ്ങിയപ്പോൾ ആദ്യത്തെ ശ്വാസം—അതിൽ മണൽക്കാറ്റിന്റെ ലഘുസ്പർശം. ചുറ്റും നോക്കിയപ്പോൾ, ഡബ്ലിനിലെ പച്ചപ്പിന് പകരം മഞ്ഞയുടെയും തവിട്ടിന്റെയും ഒരു കവിത. റിസോർട്ടിൽ എത്തിയതും ഒരു ചൂടുള്ള “മർക്കബ്” (പരമ്പരാഗത ചായ) കുടിച്ചുകൊണ്ട് ആദ്യ രാത്രി അവിസ്മരണീയമായി.

ഹുർഗദ: ചെങ്കടലിന്റെ മാന്ത്രികത

ഹുർഗദയിലെ ചുവന്ന കടലിന്റെ (Red Sea) തീരത്ത്, ഞങ്ങളുടെ ആദ്യ ദിനങ്ങൾ ഒരു സ്വപ്നം പോലെ ഒഴുകി തുടങ്ങി. തിരക്കുപിടിച്ച നഗരജീവിതത്തിന്റെ ബഹളങ്ങളിൽ നിന്ന് അകന്ന്, കാഴ്ചകളുടെയും അനുഭവങ്ങളുടെയും മായാജാലത്തിലൂടെ ഹുർഗദ ഞങ്ങളെ ഒരു പുതിയ മാന്ത്രിക ലോകത്തേക്ക് കൈപിടിച്ച് നടത്തി.

നിറങ്ങൾ കൊണ്ട് സജീവമായ കടകൾ, രുചിയൂറുന്ന ഈജിപ്ഷ്യൻ വിഭവങ്ങൾ, തിരക്കേറിയ തെരുവുകൾ—എല്ലാം ആസ്വദിച്ച് തീർന്നപ്പോൾ ഞങ്ങളും ആ ആൾക്കൂട്ടത്തിന്റെ ഒരു ഭാഗമായി മാറിയിരുന്നു. എന്നാലും, ഹുർഗദയിലെ ഏറ്റവും വലിയ ആകർഷണം മരുഭൂമിയിലെ സഫാരിയും സ്നോർക്കെലിംഗും തന്നെയായിരുന്നു.

അബു ദബ്ബാബിലെ സ്നോർക്കെലിംഗ്…

അബു ദബ്ബാബിൽ ഞങ്ങളുടെ സ്നോർക്കെലിംഗ് യാത്ര ഒരു മറക്കാനാവാത്ത അനുഭവമായി മാറി! കാറിൽ നിന്ന് ഇറങ്ങി, മാസ്കും സ്നോർക്കലും ധരിച്ച് യാച്ചിൽ കയറി, ചെങ്കടലിന്റെ ആഴങ്ങളിലേക്ക്.

വെള്ളം ക്രിസ്റ്റൽ പോലെ തെളിഞ്ഞു കാണാം—ഓരോ തിരയിലും സൂര്യകിരണങ്ങൾ തട്ടി തിളങ്ങുന്നു. യാച്ചിൽ നിന്ന് താഴേക്ക് നോക്കിയപ്പോൾ, പവിഴപ്പുറ്റുകൾ ഒരു വർണവിസ്മയം. “ഇനി ഒരു നിമിഷം കഴിഞ്ഞാൽ വെള്ളത്തിനടിയിലെ ആ മാന്ത്രിക ലോകത്തേക്ക് എത്തും!”—ആ ആലോചനയിൽ ആകാംക്ഷയും ഒരു ചെറിയ നെഞ്ചിടിപ്പും. കൂടെയുള്ളവരുടെ മുഖത്തും അതേ ആവേശം തെളിഞ്ഞു. ഒടുവിൽ ആ നിമിഷം വന്നെത്തി! കൈയിൽ ഇരുന്ന മാസ്ക് മുഖത്തേക്ക് വെച്ച്, ഒരു ചാട്ടത്തിന് തയ്യാറായി. വെള്ളത്തിലേക്ക് ചാടിയതും എല്ലാം മാറി—നിശ്ശബ്ദതയുടെ ഒരു സാഗരം, വെള്ളത്തിന്റെ തണുപ്പ്, താഴെ പവിഴപ്പുറ്റുകളുടെ ലോകം! ഉൾക്കടലിന്റെ അടിയിൽ, പച്ചയും നീലയും ചുവപ്പും തിളങ്ങുന്ന പവിഴപ്പുറ്റുകൾക്കിടയിൽ വർണമത്സ്യങ്ങൾ നീന്തിത്തുടിച്ചു—അത് ശരിക്കും വേറൊരു ലോകമായിരുന്നു. ഓരോ തവണ കണ്ണ് തുറക്കുമ്പോഴും പുതിയൊരു കാഴ്ച, ഡൈവിംഗിനിടയിൽ കടലിന്റെ ആഴത്തിലെ ആ നിശ്ശബ്ദത ഒരു അനുഭൂതിയായി. ഓരോ ശ്വാസത്തിനും അത്ഭുതം കൂടി വന്നു!

സ്നോർക്കെലിംഗും ഡൈവിംഗും കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ, മനസ്സിൽ അവിസ്മരണീയ കാഴ്ചകളുടെ ഒരു പുഞ്ചിരി നിറഞ്ഞു. സൂര്യാസ്തമയത്തിന്റെ ചുവപ്പ് തിരമാലകളിൽ പടർന്ന കാഴ്ചയിൽ മുഴുകി, ആ ദിവസത്തെ ബോട്ട് യാത്ര അവസാനിപ്പിച്ച് ഞങ്ങൾ റിസോർട്ടിലേക്ക് മടങ്ങി.

മരുഭൂമിയിലെ സഫാരി:

ജീപ്പിൽ കയറി മണൽക്കുന്നുകളിലൂടെയുള്ള യാത്ര ശരിക്കും ത്രസിപ്പിക്കുന്നതായിരുന്നു. കുലുങ്ങിയും ചരിഞ്ഞും ജീപ്പ് മുന്നോട്ട് പാഞ്ഞപ്പോൾ, ഒരു റോളർ കോസ്റ്റർ യാത്രയുടെ ത്രില്ല്! പിന്നെ, ക്വാഡ് സഫാരി, ബഗ്ഗി റൈഡ്, ഒട്ടകപ്പുറത്തെ യാത്ര—ഓരോന്നും ആവേശകരമായ അനുഭവം പകർന്നു. ക്വാഡ് ബൈക്കിന്റെ മുന്നിൽ ഇരുന്നപ്പോൾ ആദ്യം ഒരു ചെറിയ പേടി തോന്നി, പക്ഷേ ആക്സിലറേറ്റർ തിരിച്ചതും ബൈക്ക് ചീറിപ്പാഞ്ഞു! ശൈത്യകാലത്തിന്റെ മധ്യത്തിൽ, ഈജിപ്തിലെ ഏറ്റവും ജനപ്രിയമായ ടൂറിസ്റ്റ് സമയം—മരുഭൂമി സഫാരിക്ക് പറ്റിയ ഏറ്റവും മികച്ച നേരം—ചൂടില്ലാത്തതിനാൽ, മണൽക്കാറ്റും കുതിച്ചുപൊങ്ങുന്ന പൊടിയും തണുത്ത മരുഭൂമിക്കാറ്റിന്റെ തലോടലും ചേർന്ന് ഒരു ഗംഭീരമായ അന്തരീക്ഷം!

മരുഭൂമിയിലെ രാത്രി ഒരു മാന്ത്രിക ലോകം പോലെയായിരുന്നു. സൂര്യൻ മണലിന് പിന്നിൽ മറഞ്ഞപ്പോൾ, ഞങ്ങൾ ഒരു ബെഡൂയിൻ ഗ്രാമത്തിലെ ക്യാമ്പിൽ എത്തി. ഹുർഗദയിലെ മരുഭൂമി സഫാരിയിൽ ഒരിക്കലും മറക്കാനാവാത്ത നിമിഷമായി ഈ ബെഡൂയിൻ ഗ്രാമ സന്ദർശനം! മണൽക്കാടിന്റെ നടുവിൽ, സൂര്യന്റെ ചൂടിനെ അതിജീവിച്ച് ജീവിക്കുന്ന ബെഡൂയിൻ ജനതയുടെ ലളിതവും ആഴമേറിയതുമായ ജീവിതം ഞങ്ങളെ അത്ഭുതപ്പെടുത്തി. കറുത്ത കൂടാരങ്ങൾക്കിടയിൽ, ഒട്ടകങ്ങളുടെ മണിനാദവും തീയിൽ ചുട്ടെടുത്ത പരമ്പരാഗത റൊട്ടിയുടെ മണവും അന്തരീക്ഷത്തെ നിറച്ചു. തണുത്ത മരുഭൂമിക്കാറ്റിനൊപ്പം, ഞങ്ങൾക്കായി പകർന്നു തന്ന ചൂടുള്ള പരമ്പരാഗത ചായയും അവർ പാടിയ ഗോത്രഗാനങ്ങളും ഒരു സ്വപ്നതുല്യമായ നിമിഷങ്ങൾ സമ്മാനിച്ചു. ഈ ഗ്രാമം മരുഭൂമിയുടെ നിശ്ശബ്ദതയിൽ ഒളിഞ്ഞിരിക്കുന്ന ജീവന്റെ താളമായിരുന്നു—പുരാതനവും എന്നാൽ ഇന്നും സജീവമായ ഒരു ജീവിതരീതിയുടെ സാക്ഷ്യം!

ഹുർഗദ സിറ്റി ടൂർ: ഒരു മിനി ഈജിപ്ത് യാത്ര

ഹുർഗദ സിറ്റി ടൂർ ഒരു വൈവിധ്യമാർന്ന അനുഭവമായിരുന്നു! കടകളും തിരക്കേറിയ മാർക്കറ്റുകളും പുരാതന കാഴ്ചകളും വിനോദങ്ങളും ഒത്തുചേർന്ന് ഒരു കൊളാഷ് പോലെ തോന്നി. അടുത്ത ദിവസം ഞങ്ങൾ ആദ്യം പോയത് “സാൻഡ്” സിറ്റിയിലാണ്. മണലിൽ തീർത്ത അത്ഭുതകരമായ ശിൽപ്പങ്ങൾ—ഒരു വിസ്മയലോകം പോലെ! സിനിമാ കഥാപാത്രങ്ങൾ, ഈജിപ്ഷ്യൻ ദേവതകൾ, പ്രശസ്ത വ്യക്തികൾ, ഗണപതി വരെ—എല്ലാം മണലിൽ ജീവനുള്ളതുപോലെ തോന്നി. എന്നാൽ, ഒരു മണൽക്കാറ്റ് വീശിയാൽ അപ്രത്യക്ഷമായേക്കുമോ എന്ന് തോന്നിപ്പിക്കുന്ന ഒരു അത്ഭുതകരമായ കലാസൃഷ്ടി!

കെയ്റോ: ചരിത്രം ജീവിക്കുന്ന നഗരം

ഹുർഗദയി നിന്ന് കെയ്റോയിലെ ചരിത്ര മണ്ണിലേക്ക് ഞങ്ങൾ ചുവടുവെച്ചു—മൂന്ന് ദിനങ്ങൾ ആ പഴയകാല നഗരത്തിന്റെ ഹൃദയത്തിൽ! അറബ് ലോകത്തെ ഏറ്റവും വലിയ നഗരം—കനത്ത ജനസാന്ദ്രതയിൽ പൊതിഞ്ഞ്, ഇടുങ്ങിയ തെരുവുകൾ തിരക്കിൽ മുങ്ങിനിൽക്കുന്നു. പഴയ കെട്ടിടങ്ങൾ മങ്ങിയ നിഴലുകൾ വീശുമ്പോൾ, ട്രാഫിക് ലൈറ്റുകൾ ഇല്ലാത്ത വഴികളിൽ ഹോണുകൾ മുഴക്കി വേഗത്തിൽ കുതിച്ചുപായുന്ന വണ്ടികളും നമ്പർ പ്ലേറ്റില്ലാത്ത “ഓട്ടോ റിക്ഷകൾ” (ടുക്-ടുക്) തലങ്ങും വിലങ്ങും ഓടുന്നു. പകൽവെളിച്ചത്തിൽ പൊടിനിറഞ്ഞ വഴികളിൽ ആളുകളുടെ തിക്കും തിരക്കും; അർധരാത്രി കഴിഞ്ഞിട്ടും വഴിയോരക്കടകളിൽ ഫലാഫലിന്റെയും കോഷാരിയുടെയും മണം—എല്ലാം ചേർന്ന് ഒരു അതുല്യമായ അന്തരീക്ഷം! ഈ തിരക്കേറിയ മഹാനഗരത്തിന്റെ ഇടനെഞ്ചിൽ, പുരാതന ഈജിപ്തിന്റെ അവശിഷ്ടങ്ങളും പിരമിഡുകളും നിശ്ശബ്ദമായി ഒരു കാലഘട്ടത്തിന്റെ കഥകൾ മന്ത്രിക്കുന്നു!

പിരമിഡുകളും സ്ഫിൻക്സും: കാലം കാത്തുവെച്ച അത്ഭുതങ്ങൾ

ഗിസയിലേക്ക് തലസ്ഥാന നഗരമായ കെയ്റോയിൽ നിന്ന് പതിനഞ്ച് കിലോമീറ്ററിൽ താഴെ ദൂരം മാത്രം! ഈജിപ്തിൽ 124 പിരമിഡുകളുണ്ട്. ഇതില്‍ ഗ്രേറ്റ് പിരമിഡ്, ഖുഫു രാജാവിനായി നിര്‍മിച്ചതാണ്. ഇന്നും നിലനില്‍ക്കുന്ന പുരാതന ലോകാത്ഭുതങ്ങളില്‍ ഒന്നാണ് ഖുഫുവിന്റെ പിരമിഡ്.

ഈ പീഠഭൂമിയിലേക്ക്, മനോഹരമായി അലങ്കരിച്ച ഒട്ടകങ്ങളും കുതിരകളും ഞങ്ങളെ സ്വാഗതം ചെയ്തു. അവിടെ, കാലം കാത്തുസൂക്ഷിച്ച മൂന്ന് അത്ഭുതങ്ങൾ—ഖുഫുവിന്റെ പിരമിഡ്, ഖാഫ്രെയുടെ പിരമിഡ്, മെൻകൗറേയുടെ പിരമിഡ്—ഓരോന്നും ആയിരക്കണക്കിന് വർഷങ്ങളുടെ നിശ്ശബ്ദ സാക്ഷികൾ! ഗിസ നഗരത്തിൽ എവിടെ നിന്ന് നോക്കിയാലും കാണാവുന്ന വിധം ഇവർ തല ഉയർത്തി നിൽക്കുന്നു….

ഖുഫുവിന്റെ പിരമിഡാണ് ഏറ്റവും വലുത്—ഒരു ലോകാത്ഭുതം! 4,500 വർഷങ്ങൾക്ക് മുമ്പ് ഫറവോൻ ഖുഫുവിന്റെ ശവകുടീരമായി ഉയർന്ന ഈ സൗധം, 2.3 ദശലക്ഷം കല്ലുകൾ കൊണ്ട് പണിതതാണ്—ഓരോ കല്ലിനും 2.5 മുതൽ 15 ടൺ വരെ ഭാരം! ഇത് എങ്ങനെ സാധ്യമായെന്ന് ആലോചിച്ചാൽ തല കറങ്ങും. ഒരുകാലത്ത് 146 മീറ്റർ ഉയരത്തിൽ ലോകത്തിന്റെ മേൽക്കൂരയായി നിന്ന ഇവൻ, ഇന്നും 138 മീറ്റർ ഉയരത്തിൽ മണലിനെ വെല്ലുവിളിക്കുന്നു. അകത്തേക്ക് കയറുമ്പോൾ ഗ്രാൻഡ് ഗാലറിയിലൂടെ രാജാവിന്റെ അറയിലേക്ക്—ചുറ്റും നിശ്ശബ്ദതയും നിഗൂഢതയും പടർന്ന്. ചിത്രങ്ങളിൽ കണ്ടതിനപ്പുറം, ഈ ഭീമാകാരന്റെ ഓരോ കല്ലും ഓരോ രഹസ്യം മന്ത്രിക്കുന്നു—ഇന്നും ശാസ്ത്രജ്ഞരെ കുഴയ്ക്കുന്ന ആ നിർമാണ മിടുക്കിന് മുന്നിൽ നിന്നാൽ ആർക്കാണ് അത്ഭുതം തോന്നാത്തത്?

പിന്നെ ഞങ്ങൾ എത്തിയത് ഖാഫ്രെയുടെ പിരമിഡിന് സമീപത്തേക്കാണ്. അവിടെയായിരുന്നു ഗ്രേറ്റ് സ്ഫിന്‍ക്‌സ്.

ഗിസ പീഠഭൂമിയിൽ തലയെടുപ്പോടെ നിൽക്കുന്ന പിരമിഡുകളുടെ നിശ്ശബ്ദ കാവൽക്കാരൻ! ഗ്രീക്ക് പുരാണങ്ങളിൽ, സ്ഫിന്‍ക്‌സ് ഒരു തന്ത്രശാലിനിയായ സ്ത്രീ നരസിംഹമാണ്—യാത്രികരോട് കടങ്കഥകൾ ചോദിക്കുകയും ഉത്തരം പറയാത്തവരെ കൊല്ലുകയും ചെയ്യുന്ന രാക്ഷസി, സ്ത്രീമുഖവും സിംഹശരീരവും പക്ഷിചിറകുകളും ഉള്ളവൾ. പക്ഷേ, ഗിസയിലെ സ്ഫിന്‍ക്‌സ് അതിൽ നിന്ന് വ്യത്യസ്തനാണ്—ആൺ നരസിംഹം, ചിറകുകളില്ലാതെ, ഒരു നിഗൂഢ പുഞ്ചിരി മുഖത്ത് ഒളിപ്പിച്ച്, കാലം എത്ര കഴിഞ്ഞാലും മങ്ങാത്ത ആ പുഞ്ചിരിയുമായി രഹസ്യങ്ങൾ സൂക്ഷിക്കുന്ന ഒരു കഥാപാത്രം! ഒറ്റക്കല്ലിൽ തീർത്ത ഈ രൂപത്തിന് 73 മീറ്റർ നീളവും 20 മീറ്റർ ഉയരവും ഉണ്ട്. സ്ഫിന്‍ക്‌സിന്റെ മൂക്കിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അടുത്തുണ്ടായിരുന്ന ഗൈഡ് പറഞ്ഞു, “നെപ്പോളിയന്റെ പടയാളികൾ ഇതിന്റെ മൂക്കും താടിയും തകർത്തതാണെന്ന് കരുതപ്പെടുന്നു.” എന്നാൽ, ആ കഥകൾ ഇന്നും രഹസ്യമായി തുടരുന്നു. എന്തായാലും സ്ഫിന്‍ക്‌സ് ശരിക്കും ഒരു വിസ്മയമായിരുന്നു!

മെൻകൗറേയുടെ പിരമിഡാണ് മൂന്നാമത്തേത്—മൂന്നിൽ ഏറ്റവും ചെറുത്. ഇപ്പോൾ മൂന്ന് പിരമിഡുകളുടെയും ഉൾവശം കാണാൻ അനുവാദമുണ്ട്, പക്ഷേ അതിന് അധിക നിരക്കിൽ ടിക്കറ്റ് എടുക്കണം.

സക്കാറ (Saqqara) : പുരാതന ഈജിപ്തിന്റെ ഒരു ചരിത്ര സമുച്ചയം.

സക്കാറ ഈജിപ്തിലെ ഒരു പ്രധാന പുരാവസ്തു കേന്ദ്രമാണ്. കെയ്റോയിൽ നിന്ന് ഏകദേശം 30 കിലോമീറ്റർ തെക്കായി സ്ഥിതി ചെയ്യുന്നു. കാർഷിക ഫാമുകൾക്കും കരകൗശല വസ്തുക്കൾക്കും പേര് കേട്ട ഈ പ്രദേശം, ഈജിപ്തിലെ പച്ചപ്പ് നിറഞ്ഞ ഒരു മനോഹര സ്ഥലം കൂടിയാണ്. പുരാതന ഈജിപ്തിന്റെ തലസ്ഥാനമായ മെംഫിസിന്റെ ശവസംസ്കാര കേന്ദ്രമായി (നെക്രോപോളിസ്) പ്രവർത്തിച്ച സക്കാറ, ഫറവോന്മാർക്കും പ്രഭുക്കന്മാർക്കും വേണ്ടി നിർമിച്ച ശവകുടീരങ്ങളുടെയും പിരമിഡുകളുടെയും വിശാലമായ ഒരു സമുച്ചയമാണ്. ഇവിടത്തെ പ്രധാന ആകർഷണം ജോസർ രാജാവിന്റെ സ്റ്റെപ്പ് പിരമിഡാണ് (Step Pyramid of Djoser)—ലോകത്തിലെ ആദ്യത്തെ കല്ലിൽ തീർത്ത പിരമിഡ് എന്ന ബഹുമതി ഇതിന് സ്വന്തം! ക്രി.മു. 2630-ന് ശേഷം, മൂന്നാം രാജവംശത്തിലെ ഫറവോനായ ജോസർക്ക് വേണ്ടി അദ്ദേഹത്തിന്റെ വാസ്തുശില്പിയായ ഇംഹോടെപ്പ് (Imhotep) രൂപകല്പന ചെയ്ത ഈ പിരമിഡ് ആദ്യം ഏഴ് പടികളുള്ള ഘടനയായിരുന്നു. പക്ഷേ, കാലക്രമേണ—പ്രകൃതി ദുരന്തങ്ങളോ മനുഷ്യ ഇടപെടലുകളോ മൂലം—ഒരു പടി നഷ്ടപ്പെട്ട് ഇപ്പോൾ ആറ് പടികളായി മാറി. സക്കാറയിൽ ഈ പിരമിഡിന് പുറമെ, നിരവധി മാസ്തബകൾ (ചതുരാകൃതിയിലുള്ള ശവകുടീരങ്ങൾ), ഭൂഗർഭ ശവസംസ്കാര മുറികൾ, ശിലാലിഖിതങ്ങൾ എന്നിവയും കാണാം—ഇവയെല്ലാം പുരാതന ഈജിപ്തിന്റെ മരണാനന്തര വിശ്വാസങ്ങളെയും സാങ്കേതിക മികവിനെയും വെളിവാക്കുന്നു.

മെംഫിസ് മ്യൂസിയം: പുരാതന തലസ്ഥാനത്തിന്റെ നിശ്ശബ്ദ സാക്ഷ്യം

മെംഫിസ് മ്യൂസിയം, ഈജിപ്തിന്റെ പുരാതന തലസ്ഥാനമായ മെംഫിസിന്റെ അവശേഷിപ്പുകൾ സൂക്ഷിക്കുന്ന ഒരു open മ്യൂസിയമാണ്, കെയ്റോയിൽ നിന്ന് ഏകദേശം 20 കിലോമീറ്റർ തെക്കായി സക്കാറയ്ക്ക് സമീപം സ്ഥിതി ചെയ്യുന്നു. ക്രി.മു. 3100-ന് ശേഷം ഫറവോന്മാർ ഈജിപ്തിനെ ഏകീകരിച്ചപ്പോൾ സ്ഥാപിതമായ മെംഫിസ്, ഒരുകാലത്ത് രാജ്യത്തിന്റെ രാഷ്ട്രീയ സാംസ്കാരിക

കേന്ദ്രമായിരുന്നു. ഇന്ന്, ഈ ഓപ്പൺ-എയർ മ്യൂസിയത്തിൽ ഏറ്റവും ശ്രദ്ധേയമായ കാഴ്ച റാംസസ് രണ്ടാമന്റെ (Ramesses II) ഭീമാകാര പ്രതിമയാണ്—13 മീറ്റർ നീളമുള്ള ഈ ഗ്രാനൈറ്റ് ശില്പം, ഒരു വശത്ത് കിടക്കുന്ന രൂപത്തിൽ സന്ദർശകരെ അത്ഭുതപ്പെടുത്തുന്നു. ഇതിനൊപ്പം, അലബാസ്റ്റർ കൊണ്ട് നിർമിച്ച ഒരു സ്ഫിന്‍ക്‌സ്—ഹാറ്റ്ഷെപ്‌സുട് രാജ്ഞിയുടെ കാലത്തേതെന്ന് കരുതപ്പെടുന്നത്—നിരവധി ശിലാലിഖിതങ്ങൾ, ശവകുടീര അവശേഷിപ്പുകൾ എന്നിവയും ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നു. ചുറ്റുമുള്ള പച്ചപ്പ് നിറഞ്ഞ പാടങ്ങളും മരങ്ങളും മെംഫിസിന്റെ പഴയ പ്രൗഢിയെ ഓർമിപ്പിക്കുമെങ്കിലും, ഇന്ന് ഈ സ്ഥലം ഒരു നിശ്ശബ്ദ ചരിത്ര സ്മാരകമായി നിലനിൽക്കുന്നു.

ഖാൻ എൽ-ഖലീലി മാർക്കറ്റ്: വർണ്ണങ്ങളുടെയും സുഗന്ധങ്ങളുടെയും ലോകം

രാത്രി വൈകിയാണ് ഞങ്ങൾ ഖാൻ എൽ-ഖലീലി മാർക്കറ്റിൽ എത്തിയത്. അതൊരു അത്ഭുത ലോകമാണ്! കണ്ണെത്താ ദൂരത്തോളം കടകൾ, നിറയെ വർണ്ണങ്ങളും സുഗന്ധങ്ങളും. ഈജിപ്ഷ്യൻ പരവതാനികൾ, സ്വർണ്ണാഭരണങ്ങൾ, പുരാതന വസ്തുക്കൾ… മാർക്കറ്റിലെ തിരക്കും ബഹളവും ആസ്വദിച്ചു നടക്കുമ്പോൾ പലതരം സുഗന്ധങ്ങൾ നമ്മളെത്തേടിയെത്തും… .

ഓരോ കടയിലും ഓരോ മണം, ഓരോ രുചി. പല തരം സുഗന്ധദ്രവ്യങ്ങളുടെയും മസാലകളുടെയും ഒരു മിശ്രിതം.

ഖാൻ എൽ-ഖലീലി മാർക്കറ്റിൽ എപ്പോഴും തിരക്കായിരിക്കും. ആളുകൾ സാധനങ്ങൾ വാങ്ങാനും വിൽക്കാനും തിക്കിത്തിരക്കി നടക്കുന്നു. ഒപ്പം സഞ്ചാരികളെ ആകർഷിക്കാൻ പല നറുക്ക് വിദ്യകളും… പെട്ടെന്ന് ഒരാൾ ഞങ്ങളോട്, “ ഹബീബി നിങ്ങൾ ഇന്ത്യയിൽ നിന്നാണോ? ഷാറൂഖ് ഖാൻ, സൽമാൻ ഖാൻ, അമിതാഭ് ബച്ചനെ അറിയാമോ?” അടുത്ത നിമിഷം അവർ ഹിന്ദി പാട്ടുകൾ മൂളിത്തുടങ്ങുന്നു—‘തും ഹി മേരി മന്ദിർ’. കച്ചവടക്കാർ ഞങ്ങൾക്കൊപ്പം പാട്ട് പാടുന്നു, ചിലർ നൃത്തം വയ്ക്കുന്നു! ഈ മാർക്കറ്റ് ശരിക്കും ഒരു ഉത്സവ പറമ്പുപോലെയാണ്..

മുഹമ്മദ് അലി മസ്ജിദ് (സിറ്റാഡൽ ഓഫ് സാലഡിന്): കെയ്റോയിലെ ഒരു ചരിത്ര പ്രതീകം.

കെയ്റോയിലെ സലാഹുദ്ദീൻ കോട്ടയുടെ മുകളിൽ നിൽക്കുന്ന മുഹമ്മദ് അലി മസ്ജിദ്, ഒരു കാലത്തിന്റെ ഗാംഭീര്യവും കലാസൗന്ദര്യവും ഒരുപോലെ പ്രകടിപ്പിക്കുന്നു. 1830-നും 1848-നും ഇടയിൽ മുഹമ്മദ് അലി പാഷയുടെ കൽപ്പനയിൽ നിർമിച്ച ഈ മസ്ജിദ്, “അലബാസ്റ്റർ പള്ളി” എന്നും അറിയപ്പെടുന്നു—അതിന്റെ ഉൾവശവും പുറംഭിത്തികളും തിളങ്ങുന്ന അലബാസ്റ്റർ മാർബിൾ കൊണ്ട് പൊതിഞ്ഞതാണ് കാരണം. ഓട്ടോമൻ ശൈലിയിൽ പണിത ഈ പള്ളിക്ക് 84 മീറ്റർ ഉയരമുള്ള രണ്ട് മിനാരങ്ങൾ ഉണ്ട്, ഈജിപ്തിലെ ഏറ്റവും ഉയരമേറിയവയാണവ. ഒരു വലിയ മധ്യ ഗോളവും നാല് ചെറിയ അർധഗോളങ്ങളും ചേർന്ന പ്രാർത്ഥനാമുറി, ഒപ്പം മനോഹരമായ കോർട്ട്‌യാർഡും ഇതിന്റെ പ്രത്യേകതയാണ്.

പള്ളിക്കുള്ളി പ്രവേശിക്കണമെങ്കിൽ ഷൂസ് നീക്കം ചെയ്യേണ്ടതാണ് അല്ലെങ്കിൽ പ്ലാസ്റ്റിക് ഫൂട്ട് കവറിംഗ് ഉപയോഗിക്കണം, ഇത് പരമ്പരാഗത മസ്ജിദ് സന്ദർശനത്തിന്റെ ഭാഗമാണ്. മസ്ജിദിന്റെ ഉയർന്ന സ്ഥാനം കാരണം, നഗരത്തിന്റെ പനോരമിക് വ്യൂ ഒരു അത്ഭുതകരമായ അനുഭവമാണ്, പ്രത്യേകിച്ച് സൂര്യാസ്തമയ സമയത്ത്.

ഈജിപ്ത് മ്യൂസിയം: ചരിത്രത്തിന്റെ ഒരു ജീവനുള്ള നിധി

കെയ്റോയുടെ ഹൃദയഭാഗത്ത്, തഹ്‌രീർ സ്‌ക്വയറിന് സമീപം സ്ഥിതി ചെയ്യുന്ന ഈജിപ്ത് മ്യൂസിയം (Egyptian Museum) ലോകത്തിലെ ഏറ്റവും പ്രശസ്തവും ചരിത്രപരമായി സമ്പന്നവുമായ മ്യൂസിയങ്ങളിൽ ഒന്നാണ്. 1902-ൽ സ്ഥാപിതമായ ഈ മ്യൂസിയം പുരാതന ഈജിപ്ഷ്യൻ സംസ്കാരത്തിന്റെ ഒരു അമൂല്യ ശേഖരമാണ്. നാല്‍പതിലധികം മുറികളിലായി 120,000-ത്തിലധികം പുരാവസ്തുക്കൾ ഇവിടെ ശേഖരിച്ചിട്ടുണ്ട്. അവയിൽ പലതും ഫറവോന്മാരുടെ കാലത്തെ ജീവിതത്തിന്റെയും മരണാനന്തര വിശ്വാസങ്ങളുടെയും സാക്ഷ്യപത്രങ്ങളാണ്.

വലിയ കമാന വാതിലുകൾ കടന്ന് അകത്തേക്ക് കയറുമ്പോൾ, ഭീമാകാര പ്രതിമകളും ശവകുടീര അവശേഷിപ്പുകളും നമ്മളെ സ്വാഗതം ചെയ്യും. മ്യൂസിയം രണ്ട് നിലകളായാണ് ക്രമീകരിച്ചിരിക്കുന്നത്—താഴത്തെ നിലയിൽ ശിലാലിഖിതങ്ങളും പ്രതിമകളും പാപ്പിറസ് രേഖകളും, മുകളിലെ നിലയിൽ ശവകുടീര അലങ്കാരങ്ങളും രാജകീയ സ്മാരകങ്ങളും കാണാം.

മ്യൂസിയത്തിന്റെ ഏറ്റവും വലിയ ആകർഷണം തുത്തൻഖാമൂൻ ഫറവോന്റെ (Tutankhamun) ശവകുടീരത്തിൽ നിന്ന് കണ്ടെടുത്ത സ്വർണനിധിയാണ്. 1924-ൽ ഹോവാർഡ് കാർട്ടർ എന്ന പുരാവസ്തു ഗവേഷകൻ “വാലി ഓഫ് ദി കിംഗ്സ്” എന്ന സ്ഥലത്ത് ഈ ശവകുടീരം കണ്ടെത്തിയപ്പോൾ ലോകം മുഴുവൻ ഞെട്ടിത്തരിച്ചു. തുത്തൻഖാമൂന്റെ സ്വർണ മുഖാവരണം—11 കിലോഗ്രാം ഭാരമുള്ള, സ്വർണവും വിലയേറിയ രത്നങ്ങളും കൊണ്ട് അലങ്കരിച്ചത്—ഈജിപ്ഷ്യൻ കലയുടെയും സാങ്കേതിക വൈദഗ്ധ്യത്തിന്റെയും മകുടോദാഹരണമാണ്. ഈ മുഖാവരണം മാത്രമല്ല, സ്വർണ സിംഹാസനം, ആഭരണങ്ങൾ, ആയുധങ്ങൾ, ചെറിയ സ്വർണ ശവപ്പെട്ടി (സാർകോഫാഗസ്) എന്നിവയും ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നു.

നാഷണൽ മ്യൂസിയത്തിന്റെ  പ്രധാന ആകർഷണം “റോയൽ മമ്മി റൂം” ആണ്. ഇവിടെ റാംസസ് II, ഹാറ്റ്ഷെപ്‌സുട്, തുത്മോസ് III തുടങ്ങിയ പ്രശസ്ത ഫറവോന്മാരുടെ മമ്മികൾ സൂക്ഷിച്ചിരിക്കുന്നു. മമ്മിഫിക്കേഷൻ എന്ന ഈജിപ്ഷ്യൻ രീതി അവരുടെ മരണാനന്തര ജീവിത വിശ്വാസത്തിന്റെ പ്രതീകമാണ്. മമ്മികൾ കാണുമ്പോൾ അവയുടെ സംരക്ഷണത്തിന്റെ കൃത്യത—ചിലതിന്റെ മുടിയും പല്ലുകളും പോലും വ്യക്തമായി കാണാം—അത്ഭുതപ്പെടുത്തും. നർമർ പാലറ്റ്, അലബാസ്റ്റർ പാത്രങ്ങൾ, പുരാതന ബോർഡ് ഗെയിം വരെ—ഓരോ മുക്കിലും കഥകൾ മന്ത്രിക്കുന്നു. പൊടിനിറഞ്ഞ ഇടനാഴികളിൽ നടക്കുമ്പോൾ സമയം നമ്മളെ പിന്നോട്ട് ഒഴുകുന്നു.

2025-ലെ കണക്കനുസരിച്ച്, പല പ്രധാന വസ്തുക്കളും ഗിസയിൽ പുതുതായി തുറന്ന ഗ്രാൻഡ് ഈജിപ്ഷ്യൻ മ്യൂസിയത്തിലേക്ക് (GEM) മാറ്റിക്കൊണ്ടിരിക്കുകയാണ്. എന്നാൽ പഴയ ഈജിപ്ത് മ്യൂസിയത്തിന് അതിന്റേതായ ഒരു ആകർഷണീയതയുണ്ട്—അതിന്റെ പഴക്കവും ചരിത്രവും സന്ദർശകർക്ക് ഒരു ആഴമേറിയ അനുഭവം നൽകുന്നു. GEM ആധുനികവും വിശാലവുമാണെങ്കിലും, കൈറോയിലെ ഈ മ്യൂസിയം പുരാതന ഈജിപ്തിന്റെ ആത്മാവിനെ കൂടുതൽ അടുത്തറിയാൻ സഹായിക്കുന്നു.

ഈജിപ്ഷ്യൻ മ്യൂസിയത്തിന്റെ ചരിത്ര അത്ഭുതങ്ങൾ നിറഞ്ഞ മനസ്സുമായി ഞങ്ങൾ നടന്നത് നൈൽ നദിയുടെ തീരത്തേക്കാണ്. ടൂർ പാക്കേജിലെ ഏറ്റവും മനോഹരമായ ഭാഗമായിരുന്നു നൈൽ നദീ ക്രൂയിസ്! സൂര്യൻ മണലിനെ തഴുകി മറഞ്ഞ്, സന്ധ്യയുടെ മയക്കത്തിൽ ആകാശം മങ്ങിത്തുടങ്ങി. നൈൽ നദി, കരിനീല നിറത്തിൽ ഒരു നിശ്ശബ്ദ സാന്നിധ്യമായി നിറഞ്ഞുനിന്നു… ഞങ്ങൾ ഒരു ബോട്ടിൽ കയറി, ആ മനോഹര നദിയുടെ തണുത്ത തലോടലുകൾക്കൊപ്പം ഒഴുകിത്തുടങ്ങി—

ലൈവ് സംഗീതത്തിന്റെ താളവും, നൃത്തചുവടുകളും, വിവിധ വിനോദ പരിപാടികളും അന്തരീക്ഷത്തെ സജീവമാക്കി.അതിനൊപ്പം, രുചികരമായ വിഭവങ്ങൾ നിറഞ്ഞ ഒരു ബുഫെ ടേബിൾ—ഈജിപ്ഷ്യൻ പാചക വിദ്യയുടെ സ്വാദുകൾ മനസ്സിനെയും വയറിനെയും ഒരുപോലെ തൃപ്തിപ്പെടുത്തി. ബോട്ട് പതിയെ നദിയിലൂടെ നീങ്ങുമ്പോൾ, എവിടെയും രാത്രി മേളങ്ങളുടെ ആഘോഷം… ഒരു പഴയകാല യാത്രയുടെ തുടക്കം പോലെ!

കെയ്റോ നിന്ന് വിമാനം മേഘങ്ങൾക്കിടയിലേക്ക് പറന്നുയർന്നപ്പോൾ, ഈജിപ്ത് ഞങ്ങളുടെ ഉള്ളിൽ ഒരു മായാജാലം തീർത്തിരുന്നു—ചരിത്രത്തിന്റെ മുഴക്കം, സംസ്കാരത്തിന്റെ തുടിപ്പ്, സാഹസികതയുടെ ആവേശം…. ഹുർഗദയിലെ നീലക്കടലിന്റെ തിരമാലകൾ ഞങ്ങളെ തലോടിയതും, പിരമിഡുകൾ പങ്കുവച്ച രഹസ്യങ്ങളും —എല്ലാം ഒരു മനോഹര സ്വപ്നത്തിന്റെ തുടർച്ചയായി! ഈ യാത്ര വെറുമൊരു ഓർമ്മയാവില്ല—ഹൃദയത്തിൽ തുടിക്കുന്ന, ഒരിക്കലും മങ്ങാത്ത മായാത്ത അനുഭവങ്ങളായി നിലകൊള്ളും…എങ്കിലും ഒരു ദിനം, മണൽത്തിട്ടകളിലെ രഹസ്യങ്ങൾ വീണ്ടും കേൾക്കാൻ ഞങ്ങൾ മടങ്ങിവരും… അതുവരെ, ഈജിപ്തേ, നിന്റെ മന്ത്രമായ മായാലോകം ഞങ്ങളുടെ ശ്വാസത്തിൽ ഒരു ഈണമായി ഒഴുകും!

ബിനു ഉപേന്ദ്രൻ

Share this news

Leave a Reply

%d bloggers like this: