സ്കൈപ്പെ വിട ! മൈക്രോസോഫ്റ്റ് സ്കൈപ്പ് സേവനം 2025 മെയ് ഓടെ അവസാനിപ്പിക്കുന്നു

മൈക്രോസോഫ്റ്റ് 2025 മെയ് 5-ന് സ്കൈപ്പ് സേവനം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. ഇതോടെ, 2003-ൽ ആരംഭിച്ച ഈ ഇന്റർനെറ്റ് കോളിംഗ് സേവനത്തിന് 22 വർഷങ്ങൾ പിന്നിടുന്നു.

ലോകത്തിലെ ആദ്യ വീഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനങ്ങളിലൊന്നാണ് സ്കൈപ്പ്. നിക്ലാസ് സെൻസ്ലോം, ജാനസ് ഫ്രീസ് എന്നീ വ്യവസായ സംരംഭകരായിരുന്നു ഈ വീഡിയോടെലിഫോണി പ്ലാറ്റ്‌ഫോമിന്‍റെ ശില്‍പികള്‍. വീഡിയോ കോണ്‍ഫറന്‍സ്, വോയിസ് കോള്‍, ഇന്‍സ്റ്റന്‍റ് മെസേജിംഗ്, ഫയല്‍ ട്രാന്‍സ്‌ഫര്‍ സേവനങ്ങള്‍ സ്കൈപ്പ് ആപ്പ് ഉപയോക്താക്കള്‍ക്ക് നല്‍കുന്നു. വിവിധ ഡെസ്‌ക്ടോപ്പ്, മൊബൈല്‍ വേര്‍ഷനുകളില്‍ സ്കൈപ്പ് ലഭ്യമാണ്. 2011ല്‍ സ്കൈപ്പ് അമേരിക്കന്‍ ടെക് ഭീമനായ മൈക്രോസോഫ്റ്റ് 8.5 ബില്യണ്‍ ഡോളറിന് ഏറ്റെടുത്തതോടെ പ്ലാറ്റ്‌ഫോം ഏറെ വളര്‍ന്നു. വിന്‍ഡോസ് ലൈവ് മെസഞ്ചറിന് പകരക്കാരന്‍ എന്ന നിലയ്ക്കായിരുന്നു ഈ ഏറ്റെടുക്കല്‍. ഇതോടെ ലോകമാകെ വലിയ ഖ്യാതിയും സ്കൈപ്പ് നേടി. എന്നാൽ, കഴിഞ്ഞ വർഷങ്ങളിൽ Zoom, WhatsApp, Google Meet പോലുള്ള മത്സരാർത്ഥികളുടെ വരവോടെ സ്കൈപ്പ് ഉപയോഗം കുറയുകയായിരുന്നു. മൈക്രോസോഫ്റ്റ് ഇപ്പോൾ Teams എന്ന പ്ലാറ്റ്‌ഫോമിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്.

സ്കൈപ്പ് ഉപയോക്താക്കൾക്ക് അവരുടെ നിലവിലെ അക്കൗണ്ട് ഉപയോഗിച്ച് Microsoft Teams-ൽ ലോഗിൻ ചെയ്യാം. ചാറ്റുകളും കോൺടാക്റ്റുകളും സ്വയം Teams-ലേക്ക് മാറും. സ്കൈപ്പ് 2025 മെയ് 5 വരെ ലഭ്യമാകും, അതിനുശേഷം സേവനം അവസാനിക്കും.

Share this news

Leave a Reply