ശമ്പള വര്‍ധനവ് ആവശ്യപ്പെട്ട് തൊഴില്‍ സമരം പ്രഖ്യാപിച്ച് ഡബ്ലിൻ ബസ് ജീവനക്കാർ

ഏകദേശം 190 ഓളം ഡബ്ലിൻ ബസ് എഞ്ചിനീയറിംഗ് ജീവനക്കാർ ഇന്നലെ രാത്രി 9 മണിമുതൽ ശമ്പള വര്‍ധനവ് ആവശ്യപ്പെട്ട് Work-to-Rule രീതിയിലുള്ള വ്യവസായ സമരം ആരംഭിച്ചു. ഇതോടെ തൊഴിലാളികൾ പതിവായി ചെയ്യുന്ന അധിക പ്രവർത്തനങ്ങൾ ഒഴിവാക്കി, അവരുടെ കരാർ പ്രകരമുള്ള ജോലികള്‍ മാത്രം നിര്‍വഹിക്കും.

എഞ്ചിനീയറിംഗ് ജീവനക്കാർ ബസ്സുകൾ പൊതുഗതാഗത സേവനത്തിന് ലഭ്യമാകുന്ന തരത്തിൽ പരിപാലനവും പൊതുവായ ജോലികളും നിർവഹിക്കുന്നവരാണ്.

തൊഴിലാളി യൂണിയനായ SIPTU, ഒരേ ഗ്രേഡിലുള്ള ട്രാഫിക് ഓപ്പറേറ്റീവ് ജീവനകാര്‍ക്ക്  സമാനമായ ശമ്പളനിലവാരം നൽകുന്നതിൽ ഡബ്ലിൻ ബസ് സഹകരിക്കാത്തതായി ആരോപിച്ചിട്ടുണ്ട്.

തൊഴിലാളികൾ നടത്തുന്ന സമരം സർവീസ് വിതരണത്തെ ബാധിക്കുമെന്നത് തീർച്ചയാണ്. ഇത് ദൗർഭാഗ്യകരമാണെങ്കിലും, മാനേജ്‌മെന്റ് അവരുടെ കഴിവുകൾ അംഗീകരിക്കാതെയും ശരിയായ ശമ്പളം നൽകാതെയും തുടരുന്നതിനാൽ, അവർക്കിത് ഒഴിച്ചുകൂടാനാകാത്ത സാഹചര്യമാണെന്ന്, SIPTU സെക്റ്റർ ഓർഗനൈസർ ജോൺ മർഫി പറഞ്ഞു.

ഈ ജോലികളെക്കുറിച്ച് ഒരു സ്വതന്ത്ര ബാഹ്യ അവലോകനം, വേതന സമത്വത്തിനുള്ള അവരുടെ ആവശ്യത്തെ പിന്തുണച്ചതായി SIPTU പറഞ്ഞു.

എന്നാൽ, നവംബറിൽ ലേബർ കോടതി ഉൽപ്പാദനക്ഷമതയോ ഇതുമായി ബന്ധപ്പെട്ട മറ്റു മാർഗങ്ങളോ പരിഗണിക്കാതെ 14.5% ശമ്പള വർദ്ധനവ് ശുപാർശ ചെയ്യാനാകില്ലെന്ന് അറിയിച്ചു.

അതേസമയം, 4.5% ഉൽപ്പാദനക്ഷമത അടിസ്ഥാനമാക്കിയുള്ള ശമ്പള വർദ്ധനവിനായി ഇരുപക്ഷവും ധാരണയിലെത്താൻ ചര്‍ച്ചകൾ നടത്തണമെന്ന് കോടതി നിർദേശിച്ചു.

ഈ വിഷയത്തിൽ അടുത്ത ദിവസങ്ങളിൽ കൂടുതൽ ചര്‍ച്ചകൾ നടക്കുമെന്നാണ് പ്രതീക്ഷ.

Share this news

Leave a Reply