അയർലണ്ടിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായ Ruby Druce 109-ആം വയസിൽ അന്തരിച്ചു

അയര്‍ലണ്ടിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി 109-ആം വയസില്‍ അന്തരിച്ചു. കൗണ്ടി ഡോണഗലിലെ Castlefinn സ്വദേശിയായ Ruby Druce ആണ് വ്യാഴാഴ്ച ലോകത്തോട് വിട പറഞ്ഞത്. മരുമകളുടെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം.

1915-ല്‍ ജനിച്ച Ruby, ഇക്കഴിഞ്ഞ പുതുവര്‍ഷത്തിലാണ് 109-ആം ജന്മദിനം ആഘോഷിച്ചത്. കഴിഞ്ഞ ഓഗസ്റ്റില്‍ 109-കാരിയായിരുന്ന Phyllis Furness അന്തരിച്ചതോടെയാണ് Ruby അയര്‍ലണ്ടിന്റെ മുതുമുത്തശ്ശിയായത്.

തന്റെ പ്രായക്കൂടുതല്‍ എന്ന കാരണത്താല്‍ മാത്രം അറിയപ്പെടാന്‍ ഒട്ടും ആഗ്രഹമില്ലാതിരുന്ന Ruby, ജീവിതത്തില്‍ പുകവലിയോ, മദ്യപാനമോ ഇല്ലാത്ത വ്യക്തിയായിരുന്നു. രണ്ട് ലോകമഹായുദ്ധങ്ങള്‍ക്കും, രണ്ട് മഹാമാരികള്‍ക്കും സാക്ഷിയായ Ruby-ക്ക് 2023-ല്‍ കോവിഡും ബാധിച്ചിരുന്നു.

അഞ്ച് മക്കളില്‍ ഏറ്റവും മൂത്തയാളായി ജനിച്ച Ruby, 14-ആം വയസില്‍ Porte’s Shirt Factory-യില്‍ ജോലിക്ക് ചേരുകയും, 48 വര്‍ഷക്കാലം അവിടെ തുടരുകയും ചെയ്തു. 1956-ല്‍ Jim Druce-നെ വിവാഹം ചെയ്തു. എന്നാല്‍ 14 വര്‍ഷത്തിന് ശേഷം അദ്ദേഹം മരണപ്പെട്ടു. ഒമ്പതിലധികം പ്രസിഡന്‍ഷ്യല്‍ മെഡലുകള്‍ നേടിയ ആള്‍ കൂടിയാണ് Ruby.

1944-ല്‍ അവസാനമായി സിനിമ കാണാന്‍ തിയറ്ററില്‍ പോയ ശേഷം 80 വര്‍ഷങ്ങള്‍ കഴിഞ്ഞ് 103-ആം വയസിലാണ് Ruby തിയറ്ററില്‍ പോകുന്നത്. 2019-ല്‍ Downtown Abby എന്ന ചിത്രം കാണാനായിരുന്നു അത്.

മാര്‍ച്ച് 23 ഞായറാഴ്ച പകല്‍ 12 മണിക്ക് Castlefinn-ലെ St. Mary’s Church-ല്‍ വച്ച് Ruby-യുടെ സംസ്‌കാരം നടക്കും.

Share this news

Leave a Reply