അയര്‍ലണ്ടില്‍ 10.6 മില്യണ്‍ യൂറോ വിലവരുന്ന കൊക്കെയ്ന്‍ പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 61-കാരനായ ബിസനസുകാരന്‍ റിമാന്‍ഡില്‍. വാട്ടര്‍ഫോര്‍ഡ് സ്വദേശിയായ മൈക്കല്‍ മര്‍ഫി എന്നയാളെയാണ് കഴിഞ്ഞ കഴിഞ്ഞ ദിവസം Gorey District Court-ല്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തത്.
മാര്‍ച്ച് 18-ന് രാവിലെ 10 മണിയോടെയായിരുന്നു ഗാര്‍ഡ, കൗണ്ടി കില്‍ക്കെന്നിയിലെ M9-ല്‍ ഒരു ലോറി തടഞ്ഞുനിര്‍ത്തി പരിശോധിച്ചത്. ലോറി പിന്നീട് ഡബ്ലിന്‍ പോര്‍ട്ടില്‍ എത്തിച്ച് എക്‌സ് റേ പരിശോധന നടത്തുകയും, അതില്‍ നിന്നും 152 കിലോഗ്രാം കൊക്കെയ്ന്‍ കണ്ടെടുക്കുകയുമായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൈക്കല്‍ മര്‍ഫി അറസ്റ്റിലായത്.
ലോറിയില്‍ മയക്കുമരുന്ന് കടത്തുന്നതിനെ പറ്റി ഇയാള്‍ക്ക് അറിയാമായിരുന്നു എന്ന് ഗാര്‍ഡ കോടതിയില്‍ പറഞ്ഞു. ലോറിയില്‍ ഉണ്ടാക്കിയ രഹസ്യ അറയിലായിരുന്നു മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്.
പ്രതി ജാമ്യത്തിന് അപേക്ഷിച്ചെങ്കിലും, അനുവദിക്കരുത് എന്ന ഗാര്‍ഡയുടെ ആവശ്യം പരിഗണിച്ച കോടതി, ഇയാളെ റിമാന്‍ഡ് ചെയ്തു. ഇയാളെ വീണ്ടും ചൊവ്വാഴ്ച Waterford District Court-ല്‍ ഹാജരാക്കും.