ഡബ്ലിൻ നഗരത്തിലെ ആദ്യ ‘സ്കൂൾ സ്ട്രീറ്റ്’ Newbrook Road-ൽ തുറന്നു

ഡബ്ലിന്‍ നഗരത്തിലെ ആദ്യ ‘സ്‌കൂള്‍ സ്ട്രീറ്റ്’ Donaghmede-ലെ Newbrook Road-ല്‍ തുറന്നു. St. Kevin’s JNS, Scoil Cholmcille, Scoil Bhríde, Holy Trinity എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഉപകാരപ്രദമാകുന്ന തരത്തിലാണ് പദ്ധതി.

ഗതാഗതത്തിരക്ക് കുറയ്ക്കാനും, വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ സുരക്ഷ നല്‍കാനുമായി, സ്‌കൂളിന് സമീപത്ത് ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനാണ് ‘സ്‌കൂള്‍ സ്ട്രീറ്റ്’ എന്ന് പറയുന്നത്. സ്‌കൂള്‍ സമയം ആരംഭിക്കുന്ന സമയത്തും, അവസാനിക്കുന്ന സമയത്തുമാണ് ഈ നിയന്ത്രണങ്ങള്‍ ഉണ്ടാകുക.

സ്‌കൂള്‍ സ്ട്രീറ്റ് ഒരുക്കുന്നതിന്റെ ഭാഗമായി കുട്ടികളെ ഇറക്കാനും കയറ്റാനും രക്ഷിതാക്കള്‍ നടന്നോ, സൈക്കിളിലോ, സ്‌കൂട്ടറിലോ അതുമല്ലെങ്കില്‍ പൊതുഗതാഗത സംവിധാനങ്ങളോ ഉപയോഗിച്ച് വേണം സ്‌കൂളിലെത്താനെന്ന് സിറ്റി കൗണ്‍സില്‍ അഭ്യര്‍ത്ഥിച്ചു. അഥവാ സ്വന്തം വാഹനത്തില്‍ വരികയാണെങ്കില്‍ വാഹനം കുറച്ചകലെ പാര്‍ക്ക് ചെയ്ത് സ്‌കൂളിലേയ്ക്ക് നടന്നുവേണം വരാന്‍. ഭിന്നശേഷിയുള്ള കുട്ടികള്‍ക്കും മറ്റും ഇക്കാര്യത്തില്‍ ഇളവുണ്ട്.

നിലവില്‍ പദ്ധതി നടപ്പിലാക്കിയിരിക്കുന്ന New Brook റോഡിലെ സ്‌കൂളുകളിലായി 1,000-ഓളം കുട്ടികള്‍ പഠിക്കുന്നുണ്ട്. ഇത് പ്രദേശത്തെ റോഡുകളില്‍ സ്‌കൂള്‍ സമയങ്ങളില്‍ വലിയ തിരക്ക് സൃഷ്ടിക്കുന്നുമുണ്ട്. ഇവിടെ 2024 ജൂണ്‍ മുതല്‍ ഡിസംബര്‍ വരെ സ്‌കൂള്‍ സ്ട്രീറ്റ് ആവിഷ്‌കരിക്കാനായി പരീക്ഷണാടിസ്ഥാനത്തില്‍ മേല്‍ പറഞ്ഞ നിയന്ത്രണങ്ങള്‍ നടപ്പിലാക്കിയിരുന്നു.

National Transport Authority-യുടെ ഫണ്ടിങ്ങോടെ നടപ്പിലാക്കുന്ന Safe Routes to School Programme-ന്റെ ഭാഗമാണ് പദ്ധതി.

Share this news

Leave a Reply

%d bloggers like this: