വന്‍കിട ടാക്‌സി ബുക്കിങ് ആപ്പുകളായ ഊബര്‍, ഫ്രീനൗ മുതലായവയുടെ അപ്രമാദിത്വം നേരിടാന്‍ സ്വന്തമായി ആപ്പ് വികസിപ്പിച്ച് ഡബ്ലിനിലെ ടാക്‌സി ഡ്രൈവര്‍മാര്‍. ഹോല (Hola) എന്ന പേരില്‍ ആരംഭിച്ചിരിക്കുന്ന ഈ ആപ്പ് ഒരു ആപ്പ് എന്നതിലുപരി ഒരു കൂട്ടായ്മയാണെന്ന് ഡ്രൈവര്‍മാര്‍ പറയുന്നു.
ഒരു ട്രിപ്പിന്റെ 15% ആണ് ജര്‍മ്മന്‍ കമ്പനിയായ ഫ്രീനൗ ഈടാക്കുന്നതെന്നും, യുഎസ് കമ്പനിയായ ഊബര്‍ ഈടാക്കുന്നതെന്ന് 12% ആണെന്നും പറയുന്ന ഡ്രൈവര്‍മാര്‍ ഇത് ശരിയായ രീതിയല്ല എന്നും, വലിയ നഷ്ടമാണ് ഇതുവഴി തങ്ങള്‍ക്ക് ഉണ്ടാകുന്നതെന്നും വ്യക്തമാക്കുന്നു. അതിനാല്‍ ഹോല ഈടാക്കുന്നത് ട്രിപ്പിന് 1 യൂറോ മാത്രമാണെന്നും ഈ സംരംഭത്തിന് പിന്നിലുള്ളവര്‍ കൂട്ടിച്ചേര്‍ക്കുന്നു.
ഡബ്ലിനില്‍ ടാക്‌സി ഡ്രൈവര്‍മാരായി ജോലി ചെയ്യുന്ന കമാല്‍ ഗില്‍, ലാര്‍ കെല്ലി എന്നിവരാണ് ഹോല ആപ്പിന്റെ പ്രധാന അണിയറ പ്രവര്‍ത്തകര്‍. അലക്‌സ് ആന്ദ്രേ, യാസര്‍ റാണ എന്നിവരുടെ സഹായവും പിന്നീട് ലഭിച്ചു. ഡബ്ലിനിലെ ഏകദേശം 1,000-ഓളം ഡ്രൈവര്‍മാര്‍ ഇതിനോടകം ഹോലയില്‍ ചേര്‍ന്നതായി കമാലും, ലാറും പറയുന്നു.
മറ്റ് ആപ്പുകള്‍ക്ക് സമാനമായ ഇന്റര്‍ഫേസാണ് ഹോലയുടേതും. ടാക്‌സി പ്രീ ബുക്ക് ചെയ്യാനും, ഉടന്‍ ബുക്ക് ചെയ്യാനുമെല്ലാം ഇതില്‍ സൗകര്യമുണ്ട്. ആപ്പ് വഴി തന്നെ പണവും അടയ്ക്കാവുന്നതാണ്. ഓരോ ട്രിപ്പില്‍ നിന്നും 1 യൂറോ വീതം ഡ്രൈവര്‍മാര്‍ ആപ്പിന് നല്‍കണം.
അതേസമയം ഹോലയുടെ വരവിനെ സ്വാഗതം ചെയ്യുന്നതായി ഊബര്‍ അയര്‍ലണ്ട് പ്രതികരിച്ചു. ഐറിഷ് വിപണിയില്‍ ആരോഗ്യകരമായ മത്സരമുണ്ടാകുന്നതിനെയും കമ്പനി പിന്തുണച്ചു. തങ്ങള്‍ ഡ്രൈവര്‍മാര്‍ക്ക് ബോണസ് റിവാര്‍ഡുകള്‍ നല്‍കുന്നുണ്ടെന്നാണ് ഫ്രീനൗ പ്രതികരിച്ചത്.