ഒരിടവേളയ്ക്ക് ശേഷം അയര്‍ലണ്ടില്‍ ഇലക്ട്രിക് കാര്‍ വില്‍പ്പനയില്‍ വീണ്ടും വര്‍ദ്ധന. Society of the Irish Motor Industry (SIMI)-യുടെ 2025 മാര്‍ച്ച് മാസത്തിലെ റിപ്പോര്‍ട്ടനുസരിച്ച് ഈ വര്‍ഷം ആദ്യ മൂന്ന് മാസങ്ങളില്‍ 10,000-നടുത്ത് ഇവികളാണ് രാജ്യത്ത് വിറ്റഴിച്ചത്. 2024-ലെ ആദ്യ മൂന്ന് മാസങ്ങളെ അപേക്ഷിച്ച് 25 ശതമാനത്തില്‍ അധികമാണിത്.
അയര്‍ലണ്ടില്‍ പുതിയ കാറുകളുടെ വില്‍പ്പനയും മുന്നോട്ട് തന്നെയാണ്. 2025 മാര്‍ച്ചില്‍ 17,345 പുതിയ കാറുകളാണ് രാജ്യത്ത് രജിസ്റ്റര്‍ ചെയ്തത്- 18.5% ആണ് വര്‍ദ്ധന. ഈ വര്‍ഷം ആദ്യ മൂന്ന് മാസങ്ങളിലെ വില്‍പ്പനയാകട്ടെ 3.7% ആണ് വര്‍ദ്ധിച്ചത്. ഇക്കാലയളവിനിടെ രാജ്യത്ത് പുതുതായി 64,824 കാറുകള്‍ രജിസ്റ്റര്‍ ചെയ്തു.
ഇപ്പോഴും പെട്രോള്‍ കാറുകളോട് തന്നെയാണ് അയര്‍ലണ്ടുകാര്‍ക്ക് പ്രിയമെന്ന് റിപ്പോര്‍ട്ടില്‍ നിന്നും വ്യക്തമാണ്. വിപണിയിലെ ആകെ വില്‍പ്പനയില്‍ 28% പെട്രോള്‍ മോഡലുകളാണ്. ഹൈബ്രിഡ് പെട്രോള്‍ ഇലക്ട്രിക് 24 ശതമാനവുമായി തൊട്ടുപിന്നില്‍ എത്തിയപ്പോള്‍, ഡീസല്‍ കാറുകളുടെ മാര്‍ക്കറ്റ് ഷെയര്‍ 17% ആണ്. ഇലക്ട്രിക് കാറുകള്‍ 15%, പ്ലഗ് ഇന്‍ ഇലക്ട്രിക് ഹൈബ്രിഡ് 14% എന്നിങ്ങനെയാണ് മറ്റ് കണക്കുകള്‍.
പതിവ് പോലെ ടൊയോട്ടയാണ് രാജ്യത്ത് ഏറ്റവും ജനപ്രിയമായ ബ്രാന്‍ഡ്. ഫോക്‌സ്‌വാഗണ്‍, ഹ്യുണ്ടായ്, സ്‌കോഡ, കിയ എന്നിവയാണ് യഥാക്രമം രണ്ട് മുതല്‍ അഞ്ച് വരെ സ്ഥാനങ്ങളില്‍.
അതേസമയം രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കുന്ന മോഡല്‍ ഹ്യുണ്ടായുടെ Tuscon ആണ്. ടൊയോട്ടയുടെ Yaris Cross ആണ് രണ്ടാമത്. ഇവി കാറുകളില്‍ ഏറ്റവുമധികം വില്‍പ്പന ഫോക്‌സ്‌വാഗന്റെ മോഡലുകളാണ്.