അയർലണ്ടിൽ ബിസിനസ് നടത്താൻ തടസം ഉയർന്ന ഭവന, ഇന്ധന വിലകളും, ഇഴഞ്ഞുനീങ്ങുന്ന പ്ലാനിങ് നടപടികളുമെന്ന് കമ്പനികൾ

ഭവനവില, പ്ലാനിങ് നടപടികളുടെ മെല്ലെപ്പോക്ക്, ഇന്ധനവില എന്നിവയാണ് അയര്‍ലണ്ടില്‍ ബിസിനസ് നടത്താനുള്ള ഏറ്റവും വലിയ വെല്ലുവിളികളെന്ന് IDA Ireland സര്‍വേ ഫലം. 2024-ലെ സ്ഥിതിഗതികളുമായി ബന്ധപ്പെട്ട് നടത്തിയ സര്‍വേയില്‍, രാജ്യത്തെ കോര്‍പപ്പറേഷന്‍ ടാക്‌സ് നിരക്കാണ് ബിസിനസ് നടത്താനുള്ള ഏറ്റവും വലിയ പ്രചോദനമെന്നും അന്താരാഷ്ട്ര കമ്പനികള്‍ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട സംതൃപ്തി 10-ല്‍ 7.44 പോയിന്റ് ആണെന്നാണ് കമ്പനികള്‍ പ്രതികരിച്ചിരിക്കുന്നത്.

ജീവനക്കാര്‍ക്ക് താമസ സൗകര്യം ഒരുക്കുക എന്നത് കമ്പനികള്‍ നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നാണ്. രാജ്യത്തെ താമസസൗകര്യങ്ങളിലെ സംതൃപ്തി 10-ല്‍ വെറും 2.74 മാത്രമാണ്. ഇന്ധനവിലയിലെ സംതൃപ്തിയാകട്ടെ 2.91-ഉം.

രാജ്യത്തെ പ്ലാനിങ് നടപടിക്രമങ്ങളുടെ മെല്ലെപ്പോക്കും ബിസിനസുകാര്‍ക്ക് വിലങ്ങുതടിയാകുന്നുണ്ട്. പലപ്പോഴും ഇത് നിയമക്കുരുക്കില്‍ പെടുകയും ചെയ്യുന്നു. ഈ മേഖലയുമായി ബന്ധപ്പെട്ട് 10-ല്‍ 3.26 പോയിന്റ് മാത്രമാണ് സംതൃപ്തി. അപ്രന്റിസ്ഷിപ്പുകള്‍, പവര്‍ ഡിസ്ട്രിബ്യൂഷൻ, പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജത്തിന്റെ ഉപയോഗം മുതലായ കാര്യങ്ങള്‍ക്കും 10-ല്‍ 5-ല്‍ താഴെ പോയിന്റ് നേടാനേ സാധിച്ചിട്ടുള്ളൂ.

മറുവശത്ത് രാജ്യത്തെ കോര്‍പ്പറേറ്റ് ടാക്‌സിന് 10-ല്‍ 7.44 പോയിന്റും, തേര്‍ഡ് ലെവല്‍ വിദ്യാഭ്യാസത്തിന് 7.38 പോയിന്റും സംതൃപ്തിയുടെ കാര്യത്തില്‍ നേടാനായി. രാജ്യത്തെ ബ്രോഡ്ബാന്‍ഡ് ലഭ്യത, ലേബര്‍ ഫോഴ്‌സിലെ ഫ്‌ളെക്‌സിബിളിറ്റി, വിമാന സര്‍വീസുകള്‍ എന്നിവയും ബിസിനസുകാരെ ഏറെ സഹായിക്കുന്നുണ്ട്.

കമ്പനികളില്‍ 78% പേരും തങ്ങളുടെ അയര്‍ലണ്ടിലെ ബിസിനസ് വ്യാപിപ്പിക്കാന്‍ ഉദ്ദേശിക്കുന്നതായും സര്‍വേയില്‍ വ്യക്തമായിട്ടുണ്ട്. അതേസമയം തങ്ങളുടെ ജോലിക്ക് കൃത്യമായ ആളുകളെ കണ്ടെത്താന്‍ ബുദ്ധിമുട്ടനുഭവപ്പെടുന്നതായി 68% കമ്പനികള്‍ പ്രതികരിച്ചു. 2022-ല്‍ ഇത് 76% ആയിരുന്നു. നിലവില്‍ എഞ്ചിനീയറിങ്, ഡാറ്റ സയന്‍സ്, ക്വാളിറ്റി കണ്‍ട്രോള്‍ എന്നീ മേഖലകളിലാണ് ജോലിക്കാരുടെ ദൗര്‍ലഭ്യം അനുഭവപ്പെടുന്നത്.

Share this news

Leave a Reply

%d bloggers like this: