രാജ്യത്തെ തങ്ങളുടെ എല്ലാ എടിഎമ്മുകളും മാറ്റി സ്ഥാപിക്കാനൊരുങ്ങി Bank of Ireland. 60 മില്യണ്‍ യൂറോ ചെലവിട്ടാണ് ബാങ്ക് എടിഎമ്മുകള്‍ നവീകരിക്കുകയും, ശാഖകള്‍ മോടിപിടിപ്പിക്കുകയും ചെയ്യുന്നത്. ഇതിന്റെ ഭാഗമായി Roscommon town, Drumcondra, Castlebar, Roscrea എന്നിവിടങ്ങളിലെ അടക്കം 14 എടിഎമ്മുകള്‍ മാറ്റി പുതി മെഷീനുകള്‍ സ്ഥാപിച്ചുകഴിഞ്ഞു. ഇനി 150-ഓളം എടിഎമ്മുകള്‍ കൂടി ഈ വര്‍ഷം പുതുക്കുമെന്ന് ബാങ്ക് അറിയിച്ചു. 2027-ഓടെ അയര്‍ലണ്ടിലെയും, വടക്കന്‍ അയര്‍ലണ്ടിലെയും തങ്ങളുടെ 650 എടിഎമ്മുകളും മാറ്റി സ്ഥാപിക്കാനാണ് ബാങ്ക് ലക്ഷ്യമിടുന്നത്.
പുതിയ എടിഎം മെഷീനുകള്‍ക്ക് കൂടുതല്‍ വേഗത്തില്‍ പണമിടപാട് നടത്താനുള്ള കഴിവുണ്ട്. അതിനാല്‍ തന്നെ ഊര്‍ജ്ജത്തിന്റെ ഉപയോഗം പകുതിയായി കുറയ്ക്കാന്‍ സാധിക്കും. പുതുതായി സ്ഥാപിക്കുന്ന മിക്ക എടിഎമ്മുകളിലും പണം പിന്‍വലിക്കാനും, ഡെപ്പോസിറ്റ് ചെയ്യാനും സാധിക്കുകയും ചെയ്യും. ഇത് ആളുകള്‍ക്ക് എപ്പോള്‍ വേണമെങ്കിലും പണം ലഭ്യമാകുന്ന തരത്തില്‍ എടിഎമ്മുകളെ മാറ്റും. കാഴ്ചപരിമിതിയുള്ള ഉപഭോക്താക്കള്‍ക്ക് ഉപകാരപ്രദമാകുന്ന തരത്തില്‍ പുതിയ എടിഎം മെഷീനുകളില്‍ ഹൈ കോണ്‍ട്രാസ്റ്റ് സ്‌ക്രീന്‍, സോക്കറ്റില്‍ ഇയര്‍ഫോണ്‍ കുത്തിയ ശേഷം വോയ്‌സ് അസിസ്റ്റന്‍സോടെ ഇടപാട് നടത്താനുള്ള സൗകര്യം എന്നിവ ഉണ്ടാകുമെന്നും ബാങ്ക് അധികൃതര്‍ അറിയിച്ചു.
അയര്‍ലണ്ടിലും വടക്കന്‍ അയര്‍ലണ്ടിലുമായി Bank of Ireland-ന് 182 ശാഖകളാണുള്ളത്. ഇതില്‍ 169 എണ്ണവും റിപ്പബ്ലിക് ഓഫ് അയര്‍ലണ്ടിലാണ്.