അയര്‍ലണ്ടില്‍ ഒരിടവേളയ്ക്ക് ശേഷം ശക്തമായ തണുപ്പ് മടങ്ങിയെത്തുന്നു. ഏതാനും ദിവസങ്ങള്‍ നീണ്ട തെളിഞ്ഞ വെയിലിനും, ഊഷ്മളമായ കാലാവസ്ഥയ്ക്കും ശേഷം രാജ്യത്ത് ഇനി തണുപ്പേറും.
ഇന്ന് പകല്‍ പൊതുവെ വരണ്ട കാലാവസ്ഥയായിരിക്കും രാജ്യത്ത് അനുഭവപ്പെടുക. വെയിലിനൊപ്പം ചാറ്റല്‍ മഴയുമുണ്ടാകും. 9 മുതല്‍ 12 ഡിഗ്രി സെല്‍ഷ്യസ് വരെയാകും ഉയര്‍ന്ന താപനില. അതേസമയം രാത്രിയില്‍ താപനില 4 മുതല്‍ മൈനസ് 1 ഡിഗ്രി സെല്‍ഷ്യസ് വരെ താഴും. മഞ്ഞ് കട്ടപിടിക്കുന്ന അവസ്ഥയും, മൂടല്‍മഞ്ഞ് രൂപപ്പെടലും ഉണ്ടാകും.
ബുധനാഴ്ച വെയിലും, ചാറ്റല്‍ മഴയും മാറിമാറി വരുന്ന കാലാവസ്ഥയാണ് അനുഭവപ്പെടുക. വടക്ക്കിഴക്കന്‍ തീരപ്രദേശത്തെ മഴ കാര്യമായി ബാധിക്കും. 9 മുതല്‍ 13 ഡിഗ്രി വരെയാകും ഉയര്‍ന്ന താപനില. രാത്രിയില്‍ താപനില വീണ്ടും കുറഞ്ഞ് 4 മുതല്‍ 0 ഡിഗ്രി വരെയാകും.
വ്യാഴാഴ്ചയും വെയിലും മഴയും മാറി മാറി വരികയും, ചിലയിടങ്ങളില്‍ ഇടിയോട് കൂടിയ മഴയും, ആലിപ്പഴം വീഴ്ചയും ഉണ്ടാകുകയും ചെയ്യും. 10 മുതല്‍ 13 ഡിഗ്രി വരെയാകും പകല്‍ താപനില. വൈകുന്നേരത്തോടെ Munster, Leinster പ്രദേശങ്ങളില്‍ ശക്തമാകുന്ന മഴ രാത്രിയിലും തുടര്‍ന്നേക്കും.