അയർലണ്ടിൽ ഒരു വർഷത്തിന് ശേഷം അദ്ധ്യാപകർക്ക് സ്ഥിര നിയമനം, പുറം രാജ്യങ്ങളിൽ നിന്നുള്ള അദ്ധ്യാപകർക്ക് സഹായം: പ്രഖ്യാപനവുമായി മന്ത്രി

അയര്‍ലണ്ടില്‍ അദ്ധ്യാപകരുടെ ദൗര്‍ലഭ്യം പരിഹരിക്കുന്നതിന്റെ ഭാഗമായി കോൺട്രാക്ടിന്റെ ഒരു വര്‍ഷത്തിന് ശേഷം അദ്ധ്യാപരുടെ ജോലി സ്ഥിരപ്പെടുത്തുമെന്ന പ്രഖ്യാപനവുമായി വിദ്യാഭ്യാസമന്ത്രി ഹെലന്‍ മക്എന്റീ. നിലവില്‍ അയര്‍ലണ്ടില്‍ തുടര്‍ച്ചയായി രണ്ട് കോണ്‍ട്രാക്റ്റുകള്‍ പൂര്‍ത്തിയാക്കിയാല്‍ മാത്രമേ സ്ഥിരജോലിക്ക് അര്‍ഹരാകുകയുള്ളൂ. ഇതിലാണ് ഇപ്പോള്‍ മാറ്റം വരുത്തിയിരിക്കുന്നത്. അര്‍ഹതയുള്ളവര്‍ക്ക് റിക്രൂട്ട്‌മെന്റ് വഴിയാണ് നിയമനം നല്‍കുക. 2025 സെപ്റ്റംബര്‍ മുതല്‍ ഈ നിര്‍ദ്ദേശം നിലവില്‍ വരും. ഒരു വര്‍ഷത്തിന് ശേഷവും നിലവില്‍ ജോലി ചെയ്യുന്ന തസ്തിക (viable teaching post) നിലനിര്‍ത്തേണ്ടതുണ്ടെങ്കില്‍ മാത്രമാണ് സ്ഥിരനിയമനം ലഭിക്കുക.

അതേസമയം പകരക്കാരായി ജോലി ചെയ്യുന്ന അദ്ധ്യാപകര്‍, ഒരു വര്‍ഷത്തിന് ശേഷം സ്ഥിരനിയമനം ആവശ്യമില്ലാത്ത തസ്തികയില്‍ ജോലി ചെയ്യുന്ന അദ്ധ്യാപകര്‍ എന്നിവര്‍ക്ക് നേരത്തെയുള്ള നിയമം തന്നെ തുടരും. ഇവര്‍ക്ക് മൂന്നാമത്തെ കോണ്‍ട്രാക്റ്റ് ലഭിച്ച ശേഷമേ contract of indefinite duration (CID) നല്‍കുകയുള്ളൂ.

അയര്‍ലണ്ടിന് പുറത്ത് പരിശീലനം നേടിയ അദ്ധ്യാപകര്‍ക്ക് ഇവിടെ ജോലി ചെയ്യാന്‍ ആവശ്യമായ സഹായം നല്‍കുമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയില്‍ നിന്നടക്കമുള്ളവര്‍ക്ക് ഏറെ പ്രതീക്ഷ പകരുന്ന നയം മാറ്റമാണിത്. ഇവര്‍ക്ക് അയര്‍ലണ്ടില്‍ രജിസ്‌ട്രേഷന്‍ നടത്താനും, ഇന്‍ഡക്ഷന്‍ പ്രക്രിയകള്‍ക്കും സഹായം നല്‍കും.

രാജ്യത്തെ അദ്ധ്യാപന ജോലി കൂടുതല്‍ സ്ഥിരതയാര്‍ന്നും, ആകര്‍ഷകമായതുമാക്കി മാറ്റുകയാണ് പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളിലൂടെ ഉദ്ദേശിക്കുന്നതെന്ന് മന്ത്രി മക്എന്റീ പറഞ്ഞു. മോർട്ട്ഗേജ് എടുക്കുക അടക്കമുള്ളവയ്ക്ക് അദ്ധ്യാപരെ കൂടുതൽ യോഗ്യരാക്കാൻ പുതിയ നിയമം സഹായിക്കും.

Share this news

Leave a Reply

%d bloggers like this: