ഡബ്ലിനില്‍ ഗാര്‍ഡ നടത്തിയ പരിശോധനകളില്‍ 75,000 യൂറോയും, മയക്കുമരുന്നുകളും, 41 വാഹനങ്ങളും പിടിച്ചെടുത്തു. വ്യാഴാഴ്ചയാണ് ഡബ്ലിന്‍ മെട്രോ പൊളിറ്റന്‍ റീജിയനിലെ പടിഞ്ഞാറന്‍ പ്രദേശത്തുള്ള 20 വീടുകളില്‍ ഗാര്‍ഡ പരിശോധനകള്‍ നടത്തിയത്. കഞ്ചാവ്, കൊക്കെയ്ന്‍, ഹെറോയിന്‍, കെറ്റാമൈന്‍, അല്‍പ്രസോലം ടാബ്ലറ്റുകള്‍ മുതലായവ പിടിച്ചെടുത്ത മയക്കുമരുന്നുകളില്‍ പെടുന്നു.
നിയമവിരുദ്ധമായി ഉപയോഗിക്കുന്നുവെന്ന പേരിലാണ് ഇ-ബൈക്കുകള്‍, സ്‌ക്രാംബ്ലറുകള്‍, ഇ-സ്‌കൂട്ടറുകള്‍ എന്നിങ്ങനെ 41 വാഹനങ്ങള്‍ പിടികൂടിയത്. ഇ-സ്‌കൂട്ടര്‍ മോഷണം സംശയിച്ച് ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
പ്രദേശത്ത് നടത്തിയ മറ്റൊരു പരിശോധനയില്‍ കഴിഞ്ഞ വര്‍ഷം മോഷ്ടിക്കപ്പെട്ട ഒരു കാരവാന്‍ കണ്ടെടുത്തു. തുടര്‍പരിശോധനകള്‍ക്കിടെ ഫുട്പാത്തിലൂടെ അപകടകരമായ രീതിയില്‍ സ്‌ക്രാംബ്ലര്‍ ഓടിക്കുകയായിരുന്ന ഒരാളെയും അറസ്റ്റ് ചെയ്തു.