മലയാള സിനിമയെ ലോകപ്രശസ്തിയിലേയ്ക്ക് ഉയര്‍ത്തിയ സംവിധായകനും, ഛായാഗ്രാഹകനുമായ ഷാജി എന്‍. കരുണ്‍ (73) അന്തരിച്ചു. വെള്ളയമ്പലത്തെ വസതിയില്‍ വച്ചാണ് ഏറെ നാളായി ക്യാന്‍സര്‍ രോഗത്തിന് ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ നിര്യാണം.
ഛായാഗ്രാഹകനായും ഒപ്പം തന്നെ സംവിധായകനായും പേരെടുത്ത ഷാജി, 40-ഓളം സിനിമകള്‍ക്ക് ക്യാമറ ചലിപ്പിക്കുകയും, ഏഴ് സിനിമകള്‍ സംവിധാനം ചെയ്യുകയും ചെയ്തു. ആദ്യ സിനിമയായ പിറവി (1988) കാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ ഛായാഗ്രഹണത്തിന് ഗോള്‍ഡന്‍ ക്യാമറ പ്രത്യേക പരാമര്‍ശം നേടുകയും, നിരവധി ഫിലിം ഫെസ്റ്റിവലുകള്‍ പുരസ്‌കൃതമാകുകയും നേടുകയും ചെയ്തു. മികച്ച സിനിമയ്ക്കുള്ള ദേശീയ അവാര്‍ഡും ചിത്രം നേടി. രണ്ടാമത്തെ ചിത്രമായ സ്വം (1994) കാന്‍സില്‍ മത്സരവിഭാഗത്തിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ മലയാള സിനിമയാണ്. പിന്നീട് വാനപ്രസ്ഥം (1999), കുട്ടിസ്രാങ്ക് (2009) എന്നീ ചിത്രങ്ങളും മികച്ച സിനിമയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടി. നിഷാദ് (2002), സ്വപാനം (2013), ഓള് (2018) എന്നിവയാണ് സംവിധാനം ചെയ്ത മറ്റ് ചിത്രങ്ങള്‍. 2024-ല്‍ സിനിമാ മേഖലയിലെ സമഗ്രസംഭാവനയ്ക്കുള്ള ജെ.സി ഡാനിയേല്‍ അവാര്‍ഡ് നല്‍കി കേരളം അദ്ദേഹത്തെ ആദരിച്ചു.
കൊല്ലം ജില്ലയിലെ കണ്ടച്ചിറയില്‍ എന്‍ കരുണാകരന്റെയും, ചന്ദ്രമതിയുടെയും മൂത്ത മകനായി 1952-ല്‍ ജനിച്ച ഷാജി, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെ ബിരുദപഠനത്തിന് ശേഷം 1971-ല്‍ പൂനെയിലെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിയൂട്ടില്‍ ചേര്‍ന്ന് ഛായാഗ്രഹണം പഠിക്കുകയായിരുന്നു. പിന്നീട് പ്രശസ്ത സംവിധായകനായ ജി. അരവിന്ദന്റെ കാഞ്ചന സീത, തമ്പ്, കുമ്മാട്ടി, എസ്തപ്പാന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ഛായാഗ്രാഹകനായി പേരെടുക്കുകയും, മികച്ച ഛായാഗ്രാഹകനുള്ള ദേശീയ പുരസ്‌കാരം (തമ്പ്- 1979) വരെ നേടുകയും ചെയ്തു. കെ.ജി ജോര്‍ജ്ജ്, എം.ടി വാസുദേവന്‍ നായര്‍ എന്നീ മഹാരഥന്മാരുടെ ചിത്രങ്ങളിലും അദ്ദേഹം ക്യാമറാമാനായി. കേരള ഫിലിം ഡെലവലപ്‌മെന്റ് കോര്‍പ്പറേഷന്റെ ആദ്യ കാലം തൊട്ട് തന്നെ അദ്ദേഹം കൂടെയുണ്ടായിരുന്നു.