ഡബ്ലിനിൽ നിന്നും തട്ടിയെടുത്ത കാറുമായി കൊള്ള; ഒരാൾ പിടിയിൽ

ഡബ്ലിനിലും വിക്ക്‌ലോയിലുമായി കാര്‍ തട്ടിയെടുക്കുകയും, കൊളള നടത്തുകയും ചെയ്ത സംഭവത്തില്‍ ഒരാള്‍ പിടിയില്‍.

ശനിയാഴ്ച വൈകുന്നേരം 7.45-ഓടെയാണ് ഡബ്ലിന്‍ 12-ലെ Walkinstown-ലുള്ള St. Peter’s Road-ല്‍ നിന്നും ഒരു കാര്‍ തട്ടിയെടുത്തതായി ഗാര്‍ഡയ്ക്ക് വിവരം ലഭിച്ചത്. ഡ്രൈവറായ സ്ത്രീയെ ഭീഷണിപ്പെടുത്തി പുറത്തറക്കിയ അക്രമി കറുത്ത Nissan Quasquai കാറുമായി കടന്നുകളയുകയായിരുന്നു.

പിന്നീട് 8.15-ഓടെ Bray-ലെ Dublin Road-ല്‍ കൊള്ള നടത്തിയതായും ഗാര്‍ഡയ്ക്ക് വിവരം ലഭിച്ചു. കടയിലെത്തി ജീവനക്കാരെ ഭീഷണിപ്പെടുത്തിയ പ്രതി മദ്യക്കുപ്പികളുമായി കടന്നുകളയുകയായിരുന്നു.

8.45-ന് കൗണ്ടി വിക്ക്‌ലോയിലെ Rathnew-വിലും കൊള്ള നടത്തിയതായി റിപ്പോര്‍ട്ടുണ്ടായി. ഇവിടെ ഒരു കടയിലെത്തിയ അക്രമി ജീവനക്കാരെ ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു.

ഡബ്ലിനില്‍ നിന്നും തട്ടിയെടുത്ത അതേ നിസാന്‍ കാറാണ് രണ്ട് കൊള്ളകള്‍ക്കും ഉപയോഗിച്ചതെന്നാണ് ഗാര്‍ഡ കരുതുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഞായറാഴ്ച രാവിലെ 40-ലേറെ പ്രായമുള്ള ഒരു പുരുഷനെ ഗാര്‍ഡ അറസ്റ്റ് ചെയ്തു.

മേല്‍പറഞ്ഞ ഏതെങ്കിലും സംഭവത്തിന് ദൃക്‌സാക്ഷികളായവരോ, റോഡ് യാത്രയ്ക്കിടെ കറുത്ത Nissan Quasquai കാറിന്റെ ദൃശ്യങ്ങള്‍ (141-MH registration) ഡാഷ് ക്യാമറയില്‍ പതിഞ്ഞവരോ തങ്ങളെ ബന്ധപ്പെടണമെന്ന് ഗാര്‍ഡ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. തൊട്ടടുത്ത ഗാര്‍ഡ സ്‌റ്റേഷനിലോ താഴെ പറയുന്ന നമ്പറുകളിലോ ബന്ധപ്പെടാം:
Tallaght Garda Station 01 666 6000
Garda Confidential Line 1800 666 111

Share this news

Leave a Reply