കോര്‍ക്കില്‍ കൗമാരക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതിയെ കണ്ടെത്താന്‍ പൊതുജനസഹായം തേടി ഗാര്‍ഡ. ഇക്കഴിഞ്ഞ മാര്‍ച്ച് 29-ന് Macroom-ല്‍ ഹോട്ടലിലെ ജിമ്മിലേയ്ക്ക് നടന്നുപോകുകയായിരുന്ന പെണ്‍കുട്ടിയെ ഹോട്ടല്‍ കോറിഡോറില്‍ വച്ച് പ്രതി ലൈംഗികമായി ആക്രമിക്കുകയായിരുന്നു. സംഭവത്തെത്തുടര്‍ന്ന് പെണ്‍കുട്ടി ഭയപ്പെട്ട് പോയതായും, പൊതുജനങ്ങള്‍ പ്രതിയെ തിരിച്ചറിയാന്‍ എന്തെങ്കിലും വിവരം നല്‍കി സഹായിക്കണമെന്നും Macroom ഗാര്‍ഡ സ്‌റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ Anthony Harrington അഭ്യര്‍ത്ഥിച്ചു.
സംഭവത്തെ പറ്റിയും, പ്രതിയെ പറ്റിയുമുള്ള വിവരണം:
സംഭവം നടന്നത് മാര്‍ച്ച് 29, 2024
ഹോട്ടല്‍ ജിമ്മിലേയ്ക്ക് നടന്നുപോകുകയായിരുന്ന പെണ്‍കുട്ടി Castle Street-ലെ പാലത്തിന് സമീപത്ത് വച്ചാണ് ആദ്യമായി പ്രതിയെ ശ്രദ്ധിച്ചത്. 30-ലേറെ പ്രായമുള്ള പ്രതി ശരാശരി ഉയരവും, ഒത്ത ശരീരവും, കറുത്ത തലമുടിയും ഉള്ള ആളാണ്. ഒരു ബ്ലാക്ക് ഹുഡിയും, ബ്ലാക്ക്, ഗ്രേ നിറങ്ങളിലുള്ള വര്‍ക്ക് പാന്റ്‌സുമാണ് ഇയാള്‍ ധരിച്ചിരുന്നത്.
പെണ്‍കുട്ടി പാലത്തിലേയ്ക്ക് കയറിയപ്പോള്‍ പ്രതിയും പിന്നാലെ എത്തി. North Square ഭാഗത്തേയ്ക്കായിരുന്നു ഈ സമയം പെണ്‍കുട്ടി പോയിരുന്നത്. Main Street-ല്‍ എത്തും വരെ പ്രതി പെണ്‍കുട്ടിയുടെ പുറകിലും, ഇടയ്ക്ക് മുന്നിലുമായി നടന്നു. പലപ്പോഴും പെണ്‍കുട്ടിയുടെ അടുത്ത് കൂടി നടക്കാനും ഇയാള്‍ ശ്രമിച്ചിരുന്നു.
തുടര്‍ന്ന് പ്രദേശത്തെ ഹോട്ടലിലുള്ള ജിമ്മിലേയ്ക്ക് പോകാനായി ഹോട്ടലിനകത്ത് കയറിയ പെണ്‍കുട്ടിയെ പ്രതി പിന്തുടര്‍ന്നു. ശേഷം ഹോട്ടല്‍ കോറിഡോറില്‍ വച്ച് ലൈംഗികമായി ആക്രമിക്കുകയായിരുന്നു. ഹോട്ടലിന്റെ പുറകിലെ കാര്‍ പാര്‍ക്കിന്റെ എക്‌സിറ്റിനോട് അടുത്തുള്ള കോറിഡോറിലായിരുന്നു സംഭവം.
ഇതിന് ശേഷം പ്രതി പുറകിലെ കാര്‍ പാര്‍ക്ക് വഴി Main Street-ലേയ്ക്ക് രക്ഷപ്പെട്ടു. ഇവിടെ നിന്നും ഹുഡി അഴിച്ച ഇയാള്‍ അകത്ത് ഒരു ചുവന്ന ലിവര്‍പൂള്‍ ഫുട്‌ബോള്‍ ട്രെയിനിങ് ടീഷര്‍ട്ട് ധരിച്ചിരുന്നതായി വ്യക്തമായിട്ടുണ്ട്.
പാലത്തിന് സമീപം Castle Street-ലേയ്ക്ക് രക്ഷപ്പെട്ട ഇയാളെ പിന്നീട് ട്രേസ് ചെയ്യാന്‍ സാധിച്ചിട്ടില്ല. ഇവിടെ നിന്നും ഇയാള്‍ ഏതെങ്കിലും വാഹനത്തില്‍ കയറിയിരിക്കാനാണ് സാധ്യത.
പ്രതിയെ പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ഏതെങ്കിലും ഗാര്‍ഡ സ്റ്റേഷനിലോ, താഴെ പറയുന്ന നമ്പറുകളിലോ ബന്ധപ്പെടണമെന്ന് ഗാര്‍ഡ അഭ്യര്‍ത്ഥിക്കുന്നു:
Crimecall on 1800 40 50 60
Macroom Garda Station on 026-20590