അയര്‍ലണ്ടില്‍ നിന്നും 39 പേരെ കഴിഞ്ഞ രാത്രി സ്വരാജ്യത്തേയ്ക്ക് തിരിച്ചയച്ചു. ജോര്‍ജ്ജിയയില്‍ നിന്നും എത്തിയ ഇവരെ കുടിയേറ്റ മാനദണ്ഡങ്ങള്‍ പാലിക്കാത്തത് കാരണമാണ് മടക്കിയയച്ചതെന്ന് നീതിന്യായവകുപ്പ് പറഞ്ഞു. ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് വിമാനത്തില്‍ ആളുകളെ സ്വരാജ്യത്തേയ്ക്ക് തിരിച്ചയയ്ക്കുന്നത്.
കഴിഞ്ഞ ദിവസം തിരിച്ചയച്ച 39 പേരില്‍ അഞ്ച് കുട്ടികളും, നാല് സ്ത്രീകളും, 30 പുരുഷന്മാരുമാണ് ഉള്ളത്. കുട്ടികളെല്ലാം തന്നെ അവരുടെ കുടുംബങ്ങളുടെ കൂടെയാണെന്ന് ഗാര്‍ഡ പറഞ്ഞു. ഇവര്‍ ഇന്ന് രാവിലെ സുരക്ഷിതരായി ജോര്‍ജ്ജിയയില്‍ എത്തിയെന്ന് നീതിന്യായവകുപ്പ് മന്ത്രി Jim O’Callaghan-ഉം അറിയിച്ചു. നേരത്തെ ഫെബ്രുവരിയിലും 32 പേരെ ഇത്തരത്തില്‍ ജോര്‍ജ്ജിയയിലേയ്ക്ക് തിരിച്ചയച്ചിരുന്നു. അയര്‍ലണ്ടിലേയ്ക്ക് ആളുകള്‍ അഭയം തേടി എത്തുന്ന രാജ്യങ്ങളില്‍ മുന്‍പന്തിയിലാണ് ജോര്‍ജ്ജിയ.
അയര്‍ലണ്ടില്‍ താമസിക്കാനാഗ്രഹിക്കുന്നവര്‍ അത് നിയമപരമായി നിര്‍ദ്ദേശിച്ചിട്ടുള്ള വഴികളിലൂടെ വേണം ചെയ്യാനെന്ന് പറഞ്ഞ മന്ത്രി Jim O’Callaghan, അയര്‍ലണ്ടിന്റെ അതിര്‍ത്തി സുരക്ഷിതമാക്കുക എന്നതിന് താന്‍ പ്രതിജ്ഞാബദ്ധനാണെന്നും കൂട്ടിച്ചേര്‍ത്തു. ഭാവിയിലും ഇത്തരത്തില്‍ നിയമപരമായി അഭയാര്‍ത്ഥിത്വം ലഭിക്കാത്തവരെ തിരിച്ചയയ്ക്കുമെന്ന് മന്ത്രി പറഞ്ഞു.
ഡീപോര്‍ട്ടേഷന്‍ ഓര്‍ഡര്‍ പുറത്തിറക്കുന്നതിന് മുന്നോടിയായി അവര്‍ക്ക് സ്വമേധയാ രാജ്യം വിടാനുള്ള സൗകര്യം സര്‍ക്കാര്‍ നല്‍കാറുണ്ടെന്ന് മന്ത്രി പറയുന്നു. ജോര്‍ജ്ജിയയില്‍ നിന്നും നിരവധി പേര്‍ നിയമപരമായി അയര്‍ലണ്ടില്‍ താമസിക്കുന്നുണ്ടെന്നും, രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് അവര്‍ സഹായിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.