അയർലണ്ടിലെ കനത്ത ചൂടിന് കാരണം ‘ഒമേഗ ബ്ലോക്കിങ് ഹൈ’ പ്രതിഭാസം; എന്താണിത് എന്നറിയാം

അയര്‍ലണ്ടില്‍ ഏതാനും ദിവസങ്ങളായി തുടരുന്ന ചൂടേറിയ കാലാവസ്ഥയ്ക്ക് കാരണം Omega blocking high എന്ന പ്രതിഭാസം. ഇക്കഴിഞ്ഞ ഏപ്രില്‍ 26-ന് കൗണ്ടി ഗോള്‍വേയിലെ Athenry-യില്‍ രേഖപ്പെടുത്തിയ 25.8 ഡിഗ്രി സെല്‍ഷ്യസ് അന്തരീക്ഷ താപനില, അയര്‍ലണ്ടിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്നതായിരുന്നു. ആഴ്ചകള്‍ക്ക് ശേഷവും രാജ്യത്ത് ചൂട് വലിയ മാറ്റമില്ലാതെ തന്നെ തുടരുകയാണ്.

ഇതിന് കാരണം Omega blocking high പ്രതിഭാസമാണെന്ന് ഐറിഷ് കാലാവസ്ഥാ വകുപ്പിലെ ഫോര്‍കാസ്റ്റിങ് മേധാവിയായ Eoin Sherlock പറയുന്നു. ഗ്രീക്ക് അക്ഷരമായ ഒമേഗയോടുള്ള രൂപസാദൃശ്യം കാരണമാണ് ഈ കാലാവസ്ഥാ പ്രതിഭാസത്തിന് ഈ പേര് വന്നത്. രണ്ട് താഴ്ന്ന മര്‍ദ്ദങ്ങള്‍ക്ക് ഇടയില്‍ ഒരു ഉയര്‍ന്ന മര്‍ദ്ദം അകപ്പെടുന്ന അവസ്ഥയാണിത്. അതിനാല്‍ ഉയര്‍ന്ന മര്‍ദ്ദം അനുഭവപ്പെടുന്ന പ്രദേശങ്ങളില്‍ പൊതുവെ ചൂടേറിയതും, വരണ്ടതുമായ കാലാവസ്ഥയാണ് അനുഭവപ്പെടുക. ഇതാണ് നിലവില്‍ അയര്‍ലണ്ട് അഭിമുഖീകരിക്കുന്നത്. മേഘമില്ലാത്ത ആകാശമാണ് പ്രധാന പ്രത്യേകത. അതിനാല്‍ നല്ല വെയിലും, ചൂടും ലഭിക്കും.

മുമ്പ് പലപ്പോഴും ഇത്തരം കാലാവസ്ഥാ മാറ്റമുണ്ടാകുമ്പോള്‍ മര്‍ദ്ദം കുറഞ്ഞ പ്രദേശങ്ങളിലായിരുന്നു അയര്‍ലണ്ട് പെടാറുണ്ടായിരുന്നത്. ഫലമോ മഴയും കാറ്റും. എന്നാല്‍ ഇത്തവണ ഭാഗ്യം കൊണ്ട് അതിന് മാറ്റമുണ്ടായെന്നും Sherlock പറയുന്നു. ഇതേ കാലാവസ്ഥ കുറഞ്ഞത് അടുത്തയാഴ്ച അവസാനം വരെ തുടരാനാണ് സാധ്യതയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

അതേസമയം തെളിഞ്ഞ കാലാവസ്ഥയായതിനാല്‍ ധാരാളം പേര്‍ ബീച്ചില്‍ പോകാനും, നീന്തലില്‍ ഏര്‍പ്പെടാനും സാധ്യതയുണ്ടെന്നും, അവര്‍ കനത്ത ജാഗ്രത പാലിക്കണമെന്നും Sherlock മുന്നറിയിപ്പ് നല്‍കുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ വെള്ളത്തില്‍ അപകടത്തില്‍ പെടാനുള്ള സാധ്യത കൂടുതലാണ്. ശക്തമായ വെയിലിനെ ചെറുക്കാന്‍ സണ്‍സ്‌ക്രീനുകളും ഉപയോഗിക്കണം.

Share this news

Leave a Reply

%d bloggers like this: