കൗണ്ടി വെക്‌സ്‌ഫോര്‍ഡില്‍ ഗോസ് ചെടികളില്‍ (gorse) വന്‍ തീപിടിത്തം. ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ Gorey-യിലെ Tara Hill പ്രദേശത്താണ് അയര്‍ലണ്ടില്‍ ധാരാളമായി കാണുന്ന ഗോസ് എന്ന പൂച്ചെടികളുടെ കൂട്ടത്തിന് തീപിടിച്ചത്. ഇന്ന് രാവിലെയും തീ പൂര്‍ണ്ണമായും അണഞ്ഞിട്ടില്ല. വെക്‌സ്‌ഫോര്‍ഡ്, വിക്ക്‌ലോ എന്നിവിടങ്ങളില്‍ നിന്നുമെത്തിയ ഏഴ് ഫയര്‍ യൂണിറ്റുകളും, ഗാര്‍ഡയും, പ്രദേശവാസികളായ കര്‍ഷകരും ചേര്‍ന്ന് തീയണയ്ക്കാന്‍ രാത്രി മുതല്‍ തുടങ്ങിയ ശ്രമം തുടരുകയാണ്.
ആദ്യഘട്ടത്തില്‍ തീ നിയന്ത്രണവിധേയമായെന്ന് തോന്നിച്ചെങ്കിലും അര്‍ദ്ധരാത്രിയോടെ വീണ്ടും ആളിപ്പടരുകയായിരുന്നു. സമീപത്തെ കടല്‍ക്കാറ്റാണ് തീ ആളിപ്പടരാന്‍ കാരണമായത്. ചൂടേറിയ കാലാവസ്ഥയും തീ പടരാന്‍ കാരണമായി. തീ അണയ്ക്കാന്‍ ഹെലികോപ്റ്റര്‍ എത്തിക്കേണ്ടിവരുമോ എന്ന് ഇന്ന് പരിശോധന നടത്തുമെന്ന് അധികൃതര്‍ പറഞ്ഞു.
കഴിഞ്ഞ മാസം കാര്യമായി മഴ ലഭിക്കാതിരിക്കുകയും, ചൂട് ഉയരുകയും ചെയ്തത് കാട്ടുതീയ്ക്ക് കാരണമാകുമെന്ന് Department of Agriculture, Food and the Marine മുന്നറിയിപ്പ് നല്‍കിയിരുന്നു. തുടര്‍ന്ന് ഓറഞ്ച് വാണിങ് നല്‍കുകയും ചെയ്തു. വെള്ളിയാഴ്ച വൈകിട്ട് 3 മണി മുതല്‍ നിലവില്‍ വന്ന ഓറഞ്ച് വാണിങ് ചൊവ്വാഴ്ച ഉച്ച വരെ തുടരും.
രാജ്യത്ത് ഗോസ് ചെടികള്‍, കരിഞ്ഞ പുല്ല് മുതലായവ ഉള്ള എല്ലാ സ്ഥലങ്ങളിലും തീപിടിത്തത്തിന് സാധ്യതയുണ്ടെന്ന് അധികൃതര്‍ പറയുന്നു.